- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചാണകവും ഗോമൂത്രവും കോവിഡിനുള്ള മരുന്നല്ല; പ്രതിരോധശേഷി വർധിപ്പിക്കുന്നതിന് ശാസ്ത്രീയ തെളിവുകളില്ല; മറ്റ് രോഗങ്ങൾ മൃഗങ്ങളിൽനിന്ന് മനുഷ്യരിലേക്കും പടരാൻ ഇടയാക്കിയേക്കുമെന്നും ആരോഗ്യ വിദഗ്ദ്ധർ; ആൾക്കൂട്ടം കോവിഡ് വ്യാപനത്തിന് കാരണമാകുമോ എന്നും ആശങ്ക
അഹമ്മദാബാദ്: കോവിഡിനെ പ്രതിരോധിക്കാൻ പശുവിന്റെ ചാണകവും ഗോമൂത്രവും ഉപയോഗിക്കുന്നതിനെതിരെ ആരോഗ്യ വിദഗ്ദ്ധർ. ഇതിന്റെ ഫലപ്രാപ്തിക്ക് ശാസ്ത്രീയ തെളിവുകളൊന്നുമില്ലെന്നും മറ്റ് രോഗങ്ങൾ പടരാൻ സാധ്യതയുണ്ടെന്നും വിദഗ്ധ ഡോക്ടർമാർ പറയുന്നു
അന്ധവിശ്വാസങ്ങളുടെയും ശാസ്ത്രീയമായ അറിവില്ലായ്മയുടെയും ഫലമായി ചില പ്രദേശങ്ങളിൽ ജനങ്ങൾ ചാണകവും പശുമൂത്രവും ഉപയോഗിച്ച് ചികിത്സ നടത്തുന്നതായുള്ള വാർത്തകൾ പുറത്തുവരുന്നത്. വാർത്താ ഏജൻസി റോയിട്ടേഴ്സ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
രാജ്യത്ത് കോവിഡ് മഹാമാരിയുടെ വ്യാപനം അതിരൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ പല സംസ്ഥാനങ്ങളിലും ആശുപത്രികളിൽ കിടക്കകളില്ല. ചികിത്സയ്ക്ക് ഓക്സിജനോ മരുന്നോ ലഭിക്കാതെ മനുഷ്യർ തെരുവിൽ മരിക്കുന്ന സാഹചര്യമാണുള്ളത്. ഇതിനിടയിലാണ് അശാസ്ത്രീയമായ രീതിയിലുള്ള 'പ്രതിരോധ പ്രവർത്തനങ്ങൾ' നടക്കുന്നത്.
കോവിഡിനെ പ്രതിരോധിക്കാനാകുമെന്ന ധാരണയിൽ ഗുജറാത്ത് അടക്കമുള്ള സംസ്ഥനങ്ങളിൽ ജനങ്ങൾ പശുത്തൊഴുത്തുകളിൽനിന്ന് ചാണകവും ഗോമൂത്രവും ശേഖരിച്ച് ശരീരത്ത് പുരട്ടുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വർധിക്കാനും കൊറോണ വൈറസിനെ പ്രതിരോധിക്കാനും ഇതിലൂടെ കഴിയുമെന്ന തെറ്റിദ്ധാരണയിലാണ് ജനങ്ങൾ ഇപ്രകാരം ചെയ്യുന്നത്.
'ആഴ്ചയിൽ ഒരിക്കലെങ്കിലും ഗോശാലകളിൽ എത്തി ചാണകവും മൂത്രവും ശേഖരിച്ച്, ഇവ ശരീരത്തിൽ വാരിത്തേക്കുകയും ഉണങ്ങുംവരെ കാത്തിരിക്കുകയും ചെയ്യുന്നു. തുടർന്ന് പശുക്കളെ ആലിംഗനം ചെയ്യുകയും ശാരീരിക ഊർജ്ജനില വർധിപ്പിക്കുന്നതിന് യോഗ ചെയ്യുകയും ചെയ്യുന്നു. പിന്നീട് ശരീരത്തിൽ ഉണങ്ങിപ്പിടിച്ച ചാണകവും മൂത്രവും പാൽ ഉപയോഗിച്ച് കഴുകിക്കളയുന്നു', ഇവിടങ്ങളിൽ നടക്കുന്ന 'കോവിഡ് ചികിത്സ'യേപ്പറ്റി വാർത്താ ഏജൻസിയുടെ റിപ്പോർട്ട് പറയുന്നു.
'ഡോക്ടർമാർ പോലും ഇവിടെയെത്തുന്നു. ഈ തെറാപ്പി അവരുടെ പ്രതിരോധശേഷി മെച്ചപ്പെടുത്തുന്നുവെന്നാണ് വിശ്വാസം' ഒരു ഫാർമസ്യൂട്ടിക്കൽസ് കമ്പനിയിലെ അസോസിയേറ്റ് മാനേജർ ഗൗതം മനിലാൽ ബോറിസ പറഞ്ഞു. ഇങ്ങനെ ചെയ്യുന്നത് കഴിഞ്ഞ വർഷം കോവിഡിൽനിന്ന് മുക്തനാവാൻ തന്നെ സഹായിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആളുകൾ ഗ്രൂപ്പുകളായി ഒത്തുചേരുന്നതിനാൽ ഇത് കോവിഡ് വ്യാപനത്തിന് കാരണമായേക്കുമെന്നും ആശങ്കയുമുണ്ട്. പങ്കെടുക്കുന്നവരുടെ എണ്ണം പരിമിതപ്പെടുത്തുകയാണെന്ന് അഹമ്മദാബാദിലെ ഒരു പശു വളർത്തൽ കേന്ദ്രത്തിന്റെ ചുമതലയുള്ള മധുചരൻ ദാസ് പറഞ്ഞു.
രണ്ട് വിധത്തിലുള്ള പ്രശ്നങ്ങളാണ് ഇത്തരം അടിസ്ഥാനമില്ലാത്ത പ്രവൃത്തികൾക്കൊണ്ട് ഉണ്ടാവുന്നത്. ഒന്നാമതായി, ഇത്തരം പ്രവൃത്തികളിലൂടെ രോഗശാന്തിയും പ്രതിരോധശേഷിയും ഉണ്ടാകുമെന്ന തെറ്റിദ്ധാരണ ജങ്ങളിൽ ഉടലെടുക്കുകയും അവർ ശാസ്ത്രീയമായ പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കാതിരിക്കുകയും ചെയ്യും. ഇത് രോഗവ്യാപനത്തിന് ഇടയാക്കും.
രണ്ടാമതായി, ചാണകവും പശുമൂത്രവും ശരീരത്തിൽ തേച്ചുപിടിപ്പിക്കുന്നതിലൂടെ അണുബാധകൾ ഉണ്ടാവുകയും മറ്റു രോഗങ്ങൾ പിടിപെടുന്നതിന് വഴിയൊരുങ്ങുകയും ചെയ്യും. മൃഗങ്ങളിൽനിന്ന് മനുഷ്യരിലേക്ക് പകരുന്ന തരം രോഗങ്ങളും ഇതുമൂലം ഉണ്ടാവാം. കൂടാതെ, ചാണകം ശേഖരിക്കുന്നതിനായി ഗോശാലകളിൽ ആളുകൾ തിരക്കുകൂട്ടുന്നത് കോവിഡ് പകരുന്നതിന് ഇടയാക്കാമെന്നും ആരോഗ്യവിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.
'കോവിഡിനെതിരെ പ്രതിരോധശേഷി വർധിപ്പിക്കുന്നതിന് ചാണകത്തിനോ ഗോമൂത്രത്തിനോ കഴിയുമെന്നതിന് വ്യക്തമായ ശാസ്ത്രീയ തെളിവുകളൊന്നുമില്ല. ഇത് പൂർണമായും വിശ്വാസത്തെ അടിസ്ഥാനമാക്കിയുള്ളതാണ്' ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ ദേശീയ പ്രസിഡന്റ് ഡോ. ജെ. ജയലാൽ പറഞ്ഞു. ഇങ്ങനെയുള്ളവ ഉപയോഗിക്കുന്നതും കഴിക്കുന്നതും ആരോഗ്യപരമായ അപകടസാധ്യതകളും ഉണ്ടാക്കും. മറ്റ് രോഗങ്ങൾ മൃഗങ്ങളിൽനിന്ന് മനുഷ്യരിലേക്കും പടരാൻ ഇടയാക്കിയേക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലും ലോകത്തെമ്പാടുമുള്ള ഡോക്ടർമാരും ശാസ്ത്രജ്ഞരും കോവിഡിനുള്ള ബദൽ ചികിത്സകൾക്കെതിരെ ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇത് തെറ്റായ സുരക്ഷിതത്വബോധത്തിലേക്ക് നയിക്കുമെന്നും ആരോഗ്യ പ്രശ്നങ്ങൾ സങ്കീർണമാക്കുമെന്നും അവർ പറയുന്നു.