ന്യൂഡൽഹി: പ്രധാനമന്ത്രിക്കെതിരേ ജാതീയാക്ഷേപം ഉന്നയിച്ച കോൺഗ്രസ് നേതാവിനോട് പ്രസ്താവന പിൻവലിക്കാൻ ആവശ്യപ്പെട്ട് കോൺഗ്രാസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. നരേന്ദ്ര മോദിക്കെതിരേ മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഡോ. സി പി ജോഷി നടത്തിയ പരാമർശനം പിൻവലിച്ച് മാപ്പുപറയണമെന്നാണ് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടത്. രാഹുൽ ഗാന്ധിയുടെ അഭ്യർത്ഥന ശ്രദ്ധയിൽപ്പെട്ട ഉടനെ സി പി ജോഷി തന്റെ പ്രസ്താവന പിൻവലിക്കുകയും സമൂഹത്തിലെ ഏതെങ്കിലും മേഖലയിലുള്ളവർക്ക് തന്റെ പ്രസ്താവന വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ അതിന് നിരുപാധികമായി മാപ്പുചോദിക്കുകയും ചെയ്തു.

മുൻകേന്ദ്രമന്ത്രിയുടെ പ്രസ്താവന കോൺഗ്രസിന്റെ പ്രത്യയശാസ്ത്രത്തിന് എതിരാണെന്നും ജോഷി തന്റെ തെറ്റ് മനസിലാക്കണമെന്നും രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തിരുന്നു. തന്റെ സഹപ്രവർത്തകനിൽ നിന്നുണ്ടായ അവഹേളനപരമായ വിമർശനത്തെ എതിർത്തുകൊണ്ടാണ് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തത്. കോൺഗ്രസിന്റെ സിദ്ധാന്തങ്ങളെ ബഹുമാനിക്കണമെന്നും പാർട്ടി പ്രവർത്തകരുടെ പ്രവർത്തനോത്സാഹത്തെ കാണാതെ പോകരുതെന്നും അതിനൊപ്പം തന്റെ തെറ്റിനെക്കുറിച്ച് ബോധവാനാകണമെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി.

കഴിഞ്ഞ ദിവസം ഡോ. സി പി ജോഷി ഹിന്ദുത്വത്തെ കുറിച്ചു നടത്തിയ പരാമർശമാണ് വിവാദത്തിന് വഴിമരുന്നിട്ടത്. ബ്രാഹ്മണർക്കും ബുദ്ധിജീവികൾക്കും മാത്രമേ ഹിന്ദുത്വത്തെ കുറിച്ച് സംസാരിക്കാൻ അവകാശമുള്ളൂവെന്നാണ് ജോഷിയുടെ പ്രസ്താവന. ഈ പ്രസ്താവനയെ അപലപിച്ചു കൊണ്ട് നേരത്തെ തന്നെ ബിജെപി രംഗത്തെത്തിയിരുന്നു.

ഹിന്ദുത്വത്തെ കുറിച്ചുള്ള തന്റെ അഭിപ്രായത്തെ മുൻനിർത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ഉമാ ഭാരതിയേയും ആക്രമിക്കുകയും ചെയ്തിരുന്നു ഡോ. ജോഷി. ഇവർക്കാർക്കും ഹിന്ദുത്വത്തെ കുറിച്ച് അഭിപ്രായം പ്രകടിപ്പിക്കാൻ അവകാശമില്ലെന്നായിരുന്നു ജോഷിയുടെ വിലയിരുത്തൽ. മതത്തെക്കുറിച്ച് ആരെങ്കിലും അഭിപ്രായം പറയുകയാണെങ്കിൽ അവർ ബ്രാഹ്മണരോ അതുപോലെയുള്ള ബുദ്ധിജീവികളോ ആയിരിക്കണം. ഹിന്ദുത്വത്തെ കുറിച്ച് ഏതുമേഖലയിലുള്ളവർക്കും അഭിപ്രായം പറയാം എന്നൊരു മോശം ട്രെൻഡ് രാജ്യത്ത് ഉണ്ടായിട്ടുണ്ടെന്നും ജോഷി കുറ്റപ്പെടുത്തുകയായിരുന്നു. ലോദി സമാജ് സമുദായത്തിലുള്ള ഉമാ ഭാരതിയും ഹിന്ദു മതത്തെ കുറിച്ച് സംസാരിക്കുന്നു. അതുപോലെ തന്നെ നരേന്ദ്ര മോദിയും. മറ്റേതോ സമുദായത്തിൽ പെട്ട നരേന്ദ്ര മോദിക്ക് ഹിന്ദു മതത്തെ കുറിച്ച് സംസാരിക്കാൻ എന്തവകാശം എന്നാണ് സി പി ജോഷി ചോദിച്ചത്.

ഒരു കോൺഗ്രസ് പ്രധാനമന്ത്രിക്കു മാത്രമേ അയോധ്യയിൽ രാംമന്ദിർ പണിയാൻ സാധിക്കൂ എന്ന അഭിപ്രായം പ്രകടിപ്പിച്ച ശേഷമാണ് ഡോ.ജോഷി ഹിന്ദുത്വത്തെക്കുറിച്ചുള്ള പ്രസ്താവനയും നടത്തിയത്. അപ്രിയമായ ഇത്തരം പ്രസ്താവനകൾ നടത്തുക വഴി ഡോ. ജോഷിക്ക് പാർട്ടിയിലുള്ള സ്വാധീനം കുറച്ചുകാലത്തേക്കെങ്കിലും കുറഞ്ഞേക്കാമെന്നാണ് വിലയിരുത്തൽ. പ്രശ്‌നത്തിൽ പാർട്ടി അധ്യക്ഷൻ ഉടൻ ഇടപെട്ടു പരിഹരിച്ചുവെങ്കിലും ജാതിചിന്ത ഉയർത്തുന്ന അലയൊലികൾ പെട്ടെന്നൊന്നും അവസാനിച്ചേക്കില്ല...