- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് മുൻ ചെയർമാൻ സി പി കുഞ്ഞിരാമൻ അന്തരിച്ചു; വിട പറഞ്ഞത് മത്സ്യത്തൊഴിലാളി മേഖലയിലെ പ്രശ്നങ്ങളിൽ സജീവമായി ഇടപെട്ട നേതാവ്
കണ്ണൂർ:സിപിഎം തലശേരി ഏരിയകമ്മിറ്റി അംഗവും മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് മുൻ ചെയർമാനുമായ മുഴപ്പിലങ്ങാട് കെട്ടിനകം ബീച്ച് സമുദ്രയിൽ സി പി കുഞ്ഞിരാമൻ (74) അന്തരിച്ചു. തലശേരി കോ-ഓപ്പറേറ്റീവ് ആശുപത്രിയൽ ഞായർ വൈകിട്ട് 6.55നാണ് അന്ത്യം. തലച്ചോറിലെ രക്തസ്രവത്തെ തുടർന്ന് വെള്ളിഴ്ച രാവിലെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശസ്ത്രക്രിയ നടത്തിയെങ്കിലും രക്ഷിക്കാനായില്ല. മത്സ്യത്തൊഴിലാളി ഫെഡറേഷൻ സിഐടിയു സംസ്ഥാന വൈസ്പ്രസിഡന്റും മത്സ്യഫെഡ് മുൻ ഡയരക്ടറും തലശേരിനഗരസഭ ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി മുൻ അധ്യക്ഷനുമാണ്. ഗോപാലപ്പേട്ടയിൽനിന്നാണ് കൗൺസിലറായത്.
1968ൽ സിപിഐഎം അംഗമായി. 1978ൽ അവിഭക്ത തലശേരി ഏരിയകമ്മിറ്റി അംഗമായി. സിപി എം തലശേരി ടൗൺ ലോക്കൽ സെക്രട്ടറി, മത്സ്യത്തൊഴിലാളിയൂനിയൻ ജില്ല സെക്രട്ടറി, പ്രസിഡന്റ്, സംസ്ഥാന പ്രസിഡന്റ്, അഖിലേന്ത്യാകമ്മി്റ്റി അംഗം, കുറിച്ചിയിൽ പാലിശേരി മത്സ്യത്തൊഴിലാളി സഹകരണ സംഘം പ്രസിഡന്റ് എന്നീനിലകളിലും പ്രവർത്തിച്ചു. തലശേരി ചുമട്ട്തൊഴിലാളിയൂനിയൻ പ്രസിഡന്റാണ്. ഒമ്പതാംവയസിൽ ബീഡിതൊഴിലാളിയായാണ് ജീവിതം തുടങ്ങിയത്. സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികളെ സംഘടിപ്പിക്കാനും അവരുടെ ക്ഷേമത്തിനും ജീവിതാന്ത്യം വരെ പ്രവർത്തിച്ചു. തലശേരി കലാപകാലത്ത് സമാധാനസംരക്ഷണത്തിനുള്ള വളണ്ടിയറായിരുന്നു.
അടിയന്തരാവസ്ഥയിൽ നിരോധനംലംഘിച്ചുള്ളപ്രകടനത്തിനിടെ ഭീകര മർദനമേറ്റു. സമരവും ജയിലും ലോക്കപ്പ് മർദനവുമെല്ലാം അനുഭവിച്ചതായിരുന്നു പൊതുജീവിതം. ഗോപാലപ്പേട്ടയിലെ ചെറിയപുരയിൽ പരേതരായ അമ്പാടി-ദേവകി ദമ്പതികളുടെ മകനാണ്. ഭാര്യ: വിപിന (തലശേരി പബ്ലിക് സർവന്റ്‌സ് ബാങ്ക് റിട്ട.ജീവനക്കാരി). മക്കൾ: ദിമിത്രോവ്, ഡാനിയൽ (മത്സ്യത്തൊഴിലാളി), പരേതനായ ലെനിൻ.സി.പി കുഞ്ഞിരാമന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തി.
ദീർഘകാലമായി തലശ്ശേരിയുടെ പൊതുരംഗത്ത് സജീവ സാന്നിധ്യമായ അദ്ദേഹം മത്സ്യത്തൊഴിലാളി മേഖലയിലെ പ്രശ്നങ്ങൾ സൂക്ഷ്മമായി മനസ്സിലാക്കി ഇടപെട്ട തൊഴിലാളി നേതാവായിരുന്നു. തലശ്ശേരി കലാപ വേളയിൽ മതസൗഹാർദം കാത്തു സൂക്ഷിക്കാനുള്ള ഇടപെടലിലും അടിയന്തരാവസ്ഥയ്ക്കെതിരായ പോരാട്ടത്തിലും സി പി കുഞ്ഞിരാമന്റെ ശ്രദ്ധേയ സാന്നിധ്യമുണ്ടായിരുന്നു. കുടുംബാംഗങ്ങളെയും പാർട്ടി പ്രവർത്തകരെയും സി.പിയെ സ്നേഹിക്കുന്ന എല്ലാവരെയും മുഖ്യമന്ത്രി അനുശോചനമറിയിച്ചു.