ചാലക്കുടി: ചാലക്കുടിയിൽ റിയൽ എസ്റ്റേറ്റ് ബ്രോക്കറുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിലെ പ്രമുഖ അഭിഭാഷകനായ സി.പി.ഉദയഭാനുവിനെ പ്രതിചേർക്കാൻ മതിയായ തെളിവുകളുണ്ടെന്ന നിഗമനത്തിൽ പൊലീസ്. ഡിജിപി ലോക്‌നാഥ് ബെഹ്‌റയാകും ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുക. ക്വട്ടേഷൻ സംഘത്തിന്റെ മൊഴിയ്‌ക്കൊപ്പം നിർണ്ണായക തെളിവുകളും പൊലീസിന് ലഭിച്ചു. ഉദയഭാനുവിൽ നിന്ന് തനിക്ക് ഭീഷണിയുണ്ടെന്നും പൊലീസ് സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ട് ഡിജിപിക്കും ഹൈക്കോടതിയിലും കൊല്ലപ്പട്ടെ രാജീവ് പരാതി നൽകിയിരുന്നു. ചക്കര ജോണിയെന്ന ഗുണ്ടാ തലവനുമായി ഉദയഭാനുവിനുള്ള ബന്ധം ഉറപ്പിക്കാനായാൽ അറസ്റ്റ് നടക്കാനാണ് സാധ്യത. അങ്ങനെ ചാലക്കുടിയിലെ കൊലയ്ക്ക് പുതിയ മാനം വരികയാണ്. കേസ് ഡിജിപി ലോക്‌നാഥ് ബെഹ്‌റ നേരിട്ട് നിരീക്ഷിക്കുന്നുണ്ട്. കേസിൽ അന്തിമ തീരുമാനങ്ങൾ ഡിജിപിയാകും എടുക്കുക.

പാലക്കാട് ജില്ലയിലെ ഒരു ഭൂമിയിടപാടുമായി ബന്ധപ്പെട്ടാണ് കൊല്ലപ്പെട്ട രാജീവും സി.പി.ഉദയഭാനും തമ്മിലുള്ള ബന്ധമെന്ന് പൊലീസ് പറയുന്നു. ഭൂമിയിടപാടിന് ഉദയഭാനു അഡ്വാൻസ് തുകയായി 50 ലക്ഷം രൂപ രാജീവിന് നൽകി കരാർ വച്ചു. എന്നാൽ ഈ വസ്തു ഇടപാട് നടന്നില്ല. ഉദയഭാനു പണം തിരിച്ച് ചോദിക്കുകയും തന്നെ ഭീഷണിപ്പെടുത്തിയെന്നും കാണിച്ചാണ് രാജീവ് ഹൈക്കോടതിയിൽ സംരക്ഷണം തേടിയത്.
'എന്നാൽ തന്നിൽ നിന്ന് പണം വാങ്ങിയതിന് ശേഷം രാജീവ് തന്നെ വഞ്ചിക്കാൻ ശ്രമിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി ആലുവ റൂറൽ എസ്‌പിക്ക് താൻ പരാതി നൽകി. ഇതിൽ നിന്ന് ഒഴിവാകുന്നതിനാണ് രാജീവ് വ്യാജ പരാതിയുമായി ഹൈക്കോടതിയെ സമീപിച്ചതെന്നുമാണ് സി.പി.ഉദയഭാനുവിന്റെ വിശദീകരണം. എന്നാൽ ഇതിനപ്പുറമുള്ള കാര്യങ്ങൾ കൊലയ്ക്ക് പിന്നിലുണ്ടെന്ന് പൊലീസ് പറയുന്നു. ശത കോടീശ്വരനായ ചക്കര ജോണിയുമായുള്ള ബന്ധമാണ് ഉദയഭാനുവിന് വിനയാകുന്നത്.

പാലക്കാട് ജില്ലയിലെയും നെടുമ്പാശേരിയിലെയും ഭൂമി വിൽപ്പനയുമായി ബന്ധപ്പെട്ടാണ് ഉദയഭാനുവുമായി പ്രശ്നമുണ്ടായത്. കരാർ എഴുതിയെങ്കിലും വിൽപ്പന നടന്നിരുന്നില്ല. 70 ലക്ഷം രൂപയുടെ ഇടപാടാണ് ആയിരുന്നു ഇവർ തമ്മിലുണ്ടായിരുന്നതെന്ന് സൂചനയുണ്ട്. എന്തുകൊണ്ടാണ് വസ്തു ഇടപാട് നടക്കാതെ പോയതെന്നും വ്യക്തമല്ല. തന്റെ പ്രശ്നംകൊണ്ടല്ല, ഉദയഭാനുവിന്റെ ഭാഗത്തുനിന്നുള്ള വീഴ്ചയാണ് കരാർ നഷ്ടപ്പെടാൻ കാരണമെന്ന് രാജീവ് ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ പറഞ്ഞിരുന്നു. സർക്കാരിന്റെ പല സുപ്രധാന കേസുകളിലും സ്പെഷ്യൽ പ്രോസിക്യൂട്ടർ ആയ ഉദയഭാനു പല വിധത്തിൽ അന്യായമായി പണം സമ്പാദിച്ചിട്ടുണ്ടെന്നും അത് റിയൽ എസ്റ്റേറ്റ് ബിസിനസിൽ ആണ് മുടക്കിയിരുന്നതെന്നും അതിന്റെ രേഖകൾ തന്റെ പക്കൽ ഉള്ളതിനാൽ തന്നെ അപായപ്പെടുത്താൻ ശ്രമം നടക്കുന്നുവെന്നുമായിരുന്നു പരാതി. മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും അടക്കം പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ലെന്ന് രാജേഷിന്റെ സുഹൃത്തുക്കളും പറയുന്നു. ആരോപണങ്ങൾ ഉദയഭാനു നിഷേധിക്കുകയാണ്. വൈകിട്ട് മാധ്യമങ്ങളെ കാണുന്നുണ്ടെന്നും വിശദമായ വിവരങ്ങൾ അപ്പോൾ നൽകാമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്നലെയാണ് രാജേഷിനെ ചാലക്കുടിയിലെ ഒരു തോട്ടത്തിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. പ്രദേശവാസികളായ മൂന്ന് ക്വട്ടേഷൻ ഗുണ്ടകളെയും പിടികൂടിയിരുന്നു. ഹൈക്കോടതിയിലെ പ്രമുഖനായ ഒരു അഭിഭാഷകനാണ് ക്വട്ടേഷൻ നൽകിയതെന്ന് ഇന്നലെ തന്നെ ആരോപണം ഉയർന്നിരുന്നു. പിടിയിലായവരിൽ ഒരാൾ ചക്കര ജോണിയുടെ ബന്ധുവാണെന്നും മറ്റു മൂന്നു പേർ ഇയാളുടെ അടുത്തയാൾക്കാർ ആണെന്നും രാജേഷിന്റെ അഭിഭാഷകൻ പി.ഐ ഡേവിസ് പറയുന്നു. കൊലപാതകം നടന്നശേഷം ജോണി ആദ്യം വിളിച്ചത് ഉദയഭാനുവിനെ ആണെന്നും ഇവർ പറയുന്നു. രാജീവിനെ തട്ടിക്കൊണ്ടുപോയി ചില രേഖകളിൽ ഒപ്പുവയ്‌പ്പിക്കാനാണ് ക്വട്ടേഷൻ നൽകിയിരുന്നത്. ഇതിനുള്ള ശ്രമത്തിനിടെയാണ് രാജേഷ് കൊല്ലപ്പെട്ടതെന്നും ഇവർ പറയുന്നു.

കൊലനടത്തിയത് വാടക കൊലയാളികളാണെന്നും കൊച്ചിയിലെ ഒരു അഭിഭാഷകനാണ് ഇവർക്ക് ക്വട്ടേഷൻ നൽകിയത് എന്നുമുള്ള സൂചനകൾ ഇന്നലെ തന്നെ പ്രചരിച്ചിരുന്നു. ഈ രീതിയിൽ പൊലീസിന്റെ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ഉദയഭാനുവിനെതിരെ വെളിപ്പെടുത്തൽ വന്നിരിക്കുന്നത്. റിയൽ എസ്റ്റേറ്റ് സംബന്ധിച്ച തർക്കമാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് കഴിഞ്ഞ ദിവസം തന്നെ കണ്ടെത്തിയിരുന്നു. കൊലപാതകത്തിൽ ചക്കര ജോണിക്ക് പങ്കുണ്ടെന്ന് പൊലീസ് ഉറപ്പിച്ചിട്ടുണ്ട്. എന്നാൽ ഉദയഭാനുവിനെതിരെ കൂടുതൽ തെളിവുകൾ കിട്ടിയ ശേഷമേ പൊലീസ് ഇക്കാര്യത്തിൽ സ്ഥിരീകരണത്തിന് തയ്യറാകൂ. ഏതായാലും ഉദയഭാനു സംശയ നിഴലിലായതോടെ ചാലക്കുടിയിലെ കൊലക്കേസ് പുതിയ തലത്തിലേക്ക് എത്തുകയാണ്. മുൻ മന്ത്രി കെ ബാബു അടക്കമുള്ളവരുമായി പല ഘട്ടത്തിലും ഉയർന്നു കേട്ട പേരാണ് ചക്കര ജോണിയുടേത്. ഇതുകൊണ്ട് തന്നെ ഈ കേസിന് രാഷ്ട്രീയ മാനങ്ങളും ഏറെയാണ്.

രാജീവനെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയശേഷം ഒഴിഞ്ഞു കിടന്ന കെട്ടിടത്തിൽ മൃതദേഹം ഒളിപ്പിച്ചതായാണു പൊലീസിന്റെ പ്രാഥമിക നിഗമനം. രാജീവിന്റെ റിയൽ എസ്റ്റേറ്റ് ബിസിനസിലെ പങ്കാളികളെ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടത്തുന്നത്. നേരത്തെ, രാജീവനെ കാണാനില്ലെന്ന് കാണിച്ചു മകൻ പൊലീസിൽ പരാതി നൽകിയിരുന്നു. എസ്‌പി യതീഷ് ചന്ദ്ര, ഡി വൈ എസ് പി സി.എസ്. ഷാഹുൽ ഹമീദ്, സിഐ വിസ് ഷാജു, എസ്ഐ ജയേഷ് ബാലൻ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അന്വേഷണം നടത്തുന്നത്.