തിരുവനന്തപുരം: കോട്ടയത്ത് കേരളാ കോൺഗ്രസിന് നൽകിയ അമിത പ്രധാന്യത്തിൽ സിപിഐ പ്രതിഷേധത്തിൽ തന്നെ. കൊല്ലത്ത് ചവറ സീറ്റിൽ സ്വതന്ത്രസ്ഥാനാർത്ഥിയായി സുജിത് വിജയനെ മത്സരിപ്പിക്കാനുള്ള നീക്കവും സിപിഐയുടെ പ്രകോപനം തിരിച്ചറിഞ്ഞാണ്. കൊല്ലത്ത് സിപിഎമ്മും സിപിഐയും നാലു സീറ്റിൽ മത്സരിക്കുന്ന സ്ഥിയുണ്ടാക്കി. അതിനിടെ സിപിഎമ്മിനു വിട്ടുനൽകാമെന്നു വാഗ്ദാനം ചെയ്ത ഏറനാട്, തിരൂരങ്ങാടി സീറ്റുകളിൽ സിപിഐ സ്വന്തം നിലയിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത് കോട്ടയത്തെ തിരിച്ചടിക്കുള്ള പകരം വീട്ടലാണ്. ഈ സന്ദേശം നൽകൽ ഇടതുപക്ഷത്ത് ആശങ്കയായി മാറുകയാണ്. കോട്ടയത്ത് എന്തു സംഭവിക്കുമെന്ന ഭയം.

സിപിഐ മത്സരിച്ചുവന്ന കാഞ്ഞിരപ്പള്ളി സീറ്റ് കേരള കോൺഗ്രസിനു വിട്ടുനൽകുന്നതിനു പകരമായി ചങ്ങനാശേരിയോ മറ്റൊരു സീറ്റോ ലഭിക്കണമെന്ന ആവശ്യം നിരാകരിക്കപ്പെട്ടതിൽ പ്രതിഷേധിച്ചാണിത്. തിരഞ്ഞെടുപ്പിൽ സിപിഐ 25 സീറ്റുകളിൽ മത്സരിക്കുമെന്നും സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പ്രഖ്യാപിച്ചു. 24 സീറ്റിൽ മത്സരിക്കുമെന്നായിരുന്നു എൽഡിഎഫിലെ ധാരണ. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 27 സീറ്റുകളിലാണ് സിപിഐ മത്സരിച്ചിരുന്നത്. മൂന്ന് സീറ്റുകൾ വിട്ടുകൊടുക്കാനും ധാരണയായിരുന്നു. എന്നാൽ ചങ്ങനാശ്ശേരി വേണമെന്ന ആഗ്രഹവും സിപിഐ പ്രകടിപ്പിച്ചു. എന്നാൽ സിപിഎം അതും കേരളാ കോൺഗ്രസിന് നൽകി. കോട്ടയത്ത് തെരഞ്ഞെടുപ്പ് ബഹിഷ്‌കരണം പോലും സിപിഐയുടെ ചർച്ചകളുണ്ട്.

കോട്ടയത്ത് ഒരു സീറ്റേ ഉള്ളൂവെങ്കിൽ അതും ഉപേക്ഷിച്ച് എൽഡിഎഫ് സ്ഥാനാർത്ഥികളെ പിന്തുണയ്ക്കുക മാത്രമാണ് ചെയ്യേണ്ടതെന്നു സിപിഐ സംസ്ഥാന കൗൺസിലിൽ ആവശ്യം ഉയർന്നു. പാർട്ടി പിളർന്ന ശേഷം കോട്ടയത്ത് എല്ലാക്കാലത്തും 2 സീറ്റിൽ മത്സരിച്ചിട്ടുണ്ടെന്നു ജില്ലാ സെക്രട്ടറി സി.കെ. ശശിധരൻ ചൂണ്ടിക്കാട്ടി. അപ്പോഴാണ് വിട്ടുനിന്നു പിന്തുണക്കണമെന്ന് മറ്റൊരു അംഗം പറഞ്ഞത്. പുത്തൻ പണക്കാരനെ പട്ടു കുപ്പായം അണിയിക്കുന്നതിന് ഓശാന പാടരുതെന്നും ചൂണ്ടിക്കാട്ടി. കാഞ്ഞിരപ്പള്ളിക്കു പകരം ചങ്ങനാശേരിയോ കോട്ടയമോ പുതുപ്പള്ളിയോ അല്ലാത്ത മറ്റൊരു സീറ്റോ ആവശ്യപ്പെട്ടുവെന്നു കാനം യോഗത്തിൽ വിശദീകരിച്ചു. ഇക്കാര്യത്തിൽ പല ചർച്ച നടന്നു. സിപിഎമ്മിന്റെ സീറ്റായ ചങ്ങനാശേരി കേരള കോൺഗ്രസിനു നൽകാൻ അവർ തമ്മിൽ നേരത്തെ ധാരണയായി. അതിൽനിന്നു പിറകോട്ടു വരാൻ സിപിഎം തയാറായില്ലെന്നും അദ്ദേഹം പറഞ്ഞു.

കാഞ്ഞിരപ്പള്ളി (കോട്ടയം), ഇരിക്കൂർ (കണ്ണൂർ), തിരൂരങ്ങാടി, ഏറനാട് (മലപ്പുറം) എന്നീ സീറ്റുകൾ ഇടതുമുന്നണിയിലെത്തിയ പുതിയ കക്ഷികൾക്കു വേണ്ടി വിട്ടുകൊടുക്കാൻ പാർട്ടി തീരുമാനിച്ചിരുന്നു. പകരം ചങ്ങനാശേരിയോ മറ്റൊരു സീറ്റോ ആവശ്യപ്പെടുകയും ചെയ്തു. ഇത് അംഗീകരിക്കപ്പെടാതിരുന്നതോടെയാണ് ഏറനാടും തിരൂരങ്ങാടിയും തിരിച്ചെടുത്തത്. രണ്ടിടത്തേക്കും സ്ഥാനാർത്ഥികളെ നിർദ്ദേശിക്കാൻ തിങ്കളാഴ്ച തിരക്കിട്ട് മലപ്പുറത്തെ സിപിഐ നേതൃത്വത്തോട് ആവശ്യപ്പെട്ടു. ഇതോടെ ഫുട്‌ബോൾ താരം യു. ഷറഫലിയെ ഏറനാട് സ്ഥാനാർത്ഥിയാക്കാനായിരുന്നു സിപിഎമ്മിന്റെ മോഹം.

ഇന്നലെ 21 സീറ്റുകളിലെ സ്ഥാനാർത്ഥികളെ സിപിഐ പ്രഖ്യാപിച്ചു. സ്ഥാനാർത്ഥിനിർണയം പൂർത്തിയാകാത്ത പറവൂർ, നാട്ടിക, ചടയമംഗലം, ഹരിപ്പാട് എന്നീ മണ്ഡലങ്ങളിലെ പേരുകൾ 2 ദിവസത്തിനുള്ളിൽ പ്രഖ്യാപിക്കുമെന്നും കാനം വ്യക്തമാക്കി.

കേരളാ കോൺഗ്രസ് കരുത്ത് കാട്ടട്ടേ

13 സീറ്റിൽ മത്സരിക്കുന്നു എന്നു കരുതി കേരള കോൺഗ്രസ് (എം) ശക്തിയാണെന്നു കരുതാൻ കഴിയില്ലെന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറയുന്നതും സിപിഐയുടെ പരിഭവം വ്യക്തമാക്കിയാണ്. അവരുടെ പേരിൽ മാത്രം ക്രിസ്ത്യൻ മത ന്യൂനപക്ഷ വോട്ട് ഒഴുകി വരുമെന്നു കരുതുന്നില്ലെന്നും കാനം തുറന്നടിച്ചു. ''ക്രിസ്ത്യൻ വോട്ട് എൽഡിഎഫിനു വരും, വന്നിട്ടുണ്ട്. ഏതെങ്കിലും പാർട്ടിക്കല്ല, എൽഡിഎഫിന്റെ നടപടികളാണ് അതിനു കാരണം'' - അദ്ദേഹം പറഞ്ഞു. മത്സരിക്കുമ്പോഴല്ല, ജയിച്ചു കഴിയുമ്പോഴേ ഓരോ പാർട്ടിയും ശക്തമാണോ പ്രധാനമാണോ എന്നെല്ലാം പറയാൻ കഴിയൂ. കോട്ടയം ജില്ലാ പഞ്ചായത്തിൽ കേരള കോൺഗ്രസ് 9 സീറ്റിൽ മത്സരിച്ചിട്ട്, നാലിൽ തോറ്റില്ലേ? കൂടുതൽ സീറ്റ് കിട്ടിയാലും തോൽക്കാം. അതിനർഥം തോൽക്കണം എന്നല്ല. കേരള കോൺഗ്രസിന് എന്തിനാണു സീറ്റ് വാരിക്കോരി കൊടുത്തത് എന്ന് എൽഡിഎഫ് കൺവീനറോടാണ് ചോദിക്കേണ്ടത്.-കാനം പറഞ്ഞു.

അതിനിടെ ജയിക്കാൻ വേണ്ടിയാണ് പാർട്ടി മത്സരിക്കുന്നതെന്ന് കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണിയും പറഞ്ഞു. ഇടത് മുന്നണിയുടെ വിജയത്തിനാണ് പ്രാധാന്യം. മത്സരിക്കുന്ന സീറ്റുകളല്ല ജയിക്കുന്ന സീറ്റുകളിലാണ് കാര്യം എന്ന സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ പരാമർശത്തോടു പ്രതികരിക്കുകയായിരുന്നു ജോസ് കെ. മാണി. നിയമസഭ തിരഞ്ഞെടുപ്പിനുള്ള കേരള കോൺഗ്രസ് (എം) സ്ഥാനാർത്ഥി പ്രഖ്യാപനം ഇന്ന് നടക്കും. യുവാക്കൾക്കും പ്രാധാന്യം ഉണ്ടാകും, ജോസ് കെ. മാണി പറഞ്ഞു.