- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആത്മീയ വഴിയിൽ സിപിഐയും; പാർട്ടി ഓഫിസിൽ കുട്ടികളെ എഴുത്തിനിരുത്തിയ ജില്ലാ നേതാവിന്റെ നടപടി പാർട്ടിക്കുള്ളിൽ ചർച്ചയാകുന്നു; ആർക്കും ഈ ഓഫീസിൽ എത്തി കുട്ടികളെ ഇനി എഴുത്തിന് ഇരുത്താം
കണ്ണൂർ: സി.പി. എമ്മിന് പുറകെ ആത്മീയ വഴിയിൽ സി.പി. ഐയും സഞ്ചരിക്കുന്നത് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു. സി. പി. ഐ കണ്ണൂർ ജില്ലാകമ്മിറ്റി ഓഫിസിൽ കുട്ടികളെ എഴുത്തിനിരുത്തിയതാണ് വിവാദമായിരിക്കുന്നത്. സി.പി. ഐ നേതാവും ജില്ലാപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ വി.കെ സുരേഷ്ബാബുവാണ് എഴുത്ത്ചഛനായി മാറിയത്.
കഴിഞ്ഞ ദിവസം രണ്ടു കുട്ടികളെയാണ് പാർട്ടി ജില്ലാകമ്മിറ്റി ഓഫിസിൽ വെച്ചു സുരേഷ്ബാബു എഴുത്തിനിരുത്തിയത്. എ. ഐ. എസ്. എഫ് രൂപീകരണ വാർഷിക ദിനത്തിനാലയിരുന്നു എഴുത്തിനിരുത്തൽ ചടങ്ങ് നടന്നത്. കുട്ടികളെ ആദ്യാക്ഷരം കുറിപ്പിച്ചത് സുരേഷ്ബാബു തന്നെ ഫെയ്സ് ബുക്ക് പോസ്റ്റു ചെയ്തതോടെയാണ് സോഷ്യൽ മീഡിയയിൽ അനുകൂലമായും പ്രതികൂലമായും ചർച്ചകൾ തുടങ്ങിയത്.
ഇന്ത്യയിലെ ആദ്യത്തെ വിദ്യാർത്ഥി പ്രസ്ഥാനങ്ങളിലൊന്നായ എ. ഐ. എസ്. എഫ് 1963- ൽ രൂപീകരിച്ച ഓഗസ്റ്റ് 12 ന് തന്നെ സി.പി. ഐ ജില്ലാ കമ്മിറ്റി ഓഫിസിൽ വെച്ച് ആദ്യാക്ഷരം പകർന്നു നൽകാൻ കഴിഞ്ഞതിൽ ചാരിതാർത്ഥ്യമുണ്ടെന്നായിരുന്നു എഴുത്തിനിരുത്ത് ചടങ്ങിന്റെ ഫോട്ടോ സഹിതം സുരേഷ്ബാബു പോസ്റ്റു ചെയ്തത്.
എന്നാൽ പാർട്ടി ഓഫിസിനുള്ളിൽ മതപരമായ ചടങ്ങാണെന്ന് വിലയിരുത്തുന്ന എഴുത്തിനിരുത്ത് നടത്തിയതിനെതിരെ ഒരുവിഭാഗം പ്രവർത്തകർ വിമർശനവുമായി രംഗത്തുവരികയായിരുന്നു. കുട്ടികളെ എഴുത്തിനിരുത്തിയതിൽ അസ്വാഭാവികതയില്ലെന്നും വിവാദമാക്കേണ്ട കാര്യമില്ലെന്നും ഈ വിഷയത്തിൽ വി.കെ സുരേഷ് ബാബു പ്രതികരിച്ചു.
നിരവധി കുട്ടികൾക്ക് താൻ ആദ്യാക്ഷരം കുറിച്ചു നൽകിയിട്ടുണ്ട്. കുട്ടികളെ എഴുത്തിനിരുത്തണമെന്നു തന്നോട് ആവശ്യപ്പെട്ട പ്രകാരം സൗകര്യപ്രദമായ സ്ഥലമെന്ന നിലയിൽ രക്ഷിതാക്കൾ കുട്ടികളുമായി പാർട്ടി ഓഫിസിലെത്തുകയായിരുന്നു അവിടെ വെച്ച് ആദ്യാക്ഷരം കുറിച്ചു കൊടുത്തതിനെ തെറ്റായി വ്യാഖ്യാനിക്കാനാണ് ചിലർ ശ്രമിക്കുന്നതെന്നും എ. ഐ. എസ്. എഫിന്റെ രൂപീകരണ ദിനത്തിൽ ആദ്യാക്ഷരം കുറിച്ചു നൽകിയെന്നത് യാദൃശ്ചികമായി സംഭവിച്ചതാണെന്നും വി.കെ സുരേഷ്ബാബു പ്രതികരിച്ചു.
എന്നാൽ സുരേഷ്ബാബുവിന് അനുകൂലമായാണ് സി.പി. ഐ ജില്ലാസെക്രട്ടറി പി.സന്തോഷ് രംഗത്തെത്തിയത്. സി.പി. ഐ ഓഫീസിൽ കുട്ടികളെ എഴുത്തിനിരുത്തിയത് വിവാദമാക്കേണ്ട കാര്യമില്ലെന്നും അറിവന്റെ ലോകത്തേക്ക് കുട്ടികളെ നയിക്കുന്നതിൽ ചില പ്രത്യേക ദിവസങ്ങളുണ്ടെന്ന നിലപാടിന്മേലുള്ള പൊളിച്ചെഴുതൽ കൂടിയാണിതെന്നും പി.സന്തോഷ് പറഞ്ഞു. മറ്റു പലയിടങ്ങളിലും നടത്തുന്നതുപോലെ ആചാരങ്ങളുടെയും അനുഷ്ഠാനങ്ങളുടെയും അകമ്പടിയൊന്നുമില്ലാതെയും കുട്ടികളെ ആദ്യാക്ഷരം കുറിച്ച് അറിവിന്റെ ലോകത്തേക്ക് നയിക്കാമെന്ന സന്ദേശം കൂടിയാണിത്.
ആർക്കെങ്കിലും സി. പി. ഐ ഓഫിസിലെത്തി ആദ്യാക്ഷരം കുറിക്കാൻ താൽപര്യമുണ്ടെങ്കിൽ കടന്നുവരാമെന്നും അക്ഷരങ്ങളുടെയും അറിവിന്റെയും ലോകത്തേക്ക് കുട്ടികളുടെ പ്രവേശനത്തെ വിവാദമാക്കേണ്ടതില്ലെന്നും ഇതു സ്വാഭാവികമായ ഒരു കാര്യം മാത്രമാണിതെന്നും സന്തോഷ് പറഞ്ഞു.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്