- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ജനറൽ സെക്രട്ടറിയെയും കേന്ദ്ര നേതൃത്വത്തെയും പൊതു മധ്യത്തിൽ ദുർബലപ്പെടുത്തുന്ന രീതിയോടു യോജിക്കാനാവില്ലെന്ന നിലപാടിലാണ് ഇസ്മായിൽ; കാനത്തിനെതിരെ കരുക്കൾ നീക്കി മുന്മന്ത്രി; സിപിഐയിൽ വീണ്ടും ഭിന്ന സ്വരങ്ങൾ
തിരുവനന്തപുരം: സിപിഐയിൽ വീണ്ടും വിഭാഗീയത തലപൊക്കുന്നു. ജനറൽ സെക്രട്ടറി ഡി.രാജയ്‌ക്കെതിരെയുള്ള പരസ്യ വിമർശനത്തിന്റെ പേരിൽ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെ പാർട്ടിയിലെ ഒരു വിഭാഗത്തിന്റെ നീക്കം.
ദേശീയ നിർവാഹകസമിതി അംഗവും മുതിർന്ന നേതാവുമായ കെ.ഇ.ഇസ്മായിൽ വിമർശനത്തിനെതിരെ പാർട്ടിക്കുള്ളിൽ വിയോജിപ്പ് വ്യക്തമാക്കി. കേന്ദ്ര സംസ്ഥാന നേതൃത്വങ്ങൾക്ക് ഇസ്മായിൽ കത്തു നൽകിയെന്നാണ് വിവരം. എന്നാൽ ഇക്കാര്യം സ്ഥിരീകരിക്കാൻ ഇസ്മായിൽ വിസമ്മതിച്ചു. ' ഒന്നും പറയാനില്ല' എന്ന് ഇസ്മായിലും പറയുന്നു.
ഒരുകാലത്ത് കേരളത്തിലെ സിപിഐയിലെ കരുത്തനായിരുന്നു ഇസ്മായിൽ. സികെ ചന്ദ്രപ്പൻ സിപിഐയുടെ സെക്രട്ടറിയായതോടെ ഇസ്മായിലിന് ക്ഷീണകാലം തുടങ്ങി. കാനവും ഇസ്മായിലിനെ പരിഗണിച്ചില്ല. ഇതോടെ പാർട്ടിയിൽ പോലും അപ്രസക്തനായി ഇസ്മായിൽ. എന്നാൽ മുതിർന്ന നേതാക്കളിൽ ചിലർ ഇപ്പോഴും ഇസ്മായിലിനൊപ്പമാണ്. ഈ സാഹചര്യത്തിലാണ് കാനത്തെ വിമർശിച്ച് ഇസ്മായിൽ രംഗത്തു വരുന്നത്. മുഖ്യമന്ത്രി പിണറായി വിജയന് മുമ്പിൽ സിപിഐയെ അടിയറവ് വച്ചുവെന്ന വികാരം ഉയർത്താനാണ് കാനത്തിന്റെ ശ്രമം.
ദേശീയ നിർവാഹകസമിതി അംഗം ആനി രാജ സംസ്ഥാന സർക്കാരിനെതിരെ നടത്തിയ വിമർശനത്തെ തള്ളിപ്പറയാതെ അവരെ സംരക്ഷിച്ച ഡി.രാജയുടെ നടപടിക്കെതിരെ കാനം നടത്തിയ പരസ്യമായ എതിർപ്പാണ് സിപിഐയിൽ വീണ്ടും ചേരിതിരിവിനു വഴി തുറന്നത്. ഈ സാഹചര്യത്തെ പരമാവധി മുതലെടുക്കാനാണ് ഇസ്മായിലിന്റെ നീക്കം. രാജയ്ക്കും ആനിക്കും എതിരെ സംസ്ഥാന നിർവാഹക സമിതിയും കൗൺസിലും ഏകകണ്ഠമായാണു പ്രതികരിച്ചത്. ഇക്കാര്യത്തിൽ ഇസ്മായിൽ വിഭാഗവും യോജിച്ചിരുന്നു.
എന്നാൽ ജനറൽ സെക്രട്ടറിയെയും കേന്ദ്ര നേതൃത്വത്തെയും പൊതു മധ്യത്തിൽ ദുർബലപ്പെടുത്തുന്ന രീതിയോടു യോജിക്കാനാവില്ലെന്ന നിലപാടിലാണ് ഇസ്മായിൽ. മാധ്യമ വാർത്തകൾ സ്ഥിരീകരിക്കുന്ന സമീപനമാണു കാനത്തിൽ നിന്നുണ്ടായത്. ചില കേന്ദ്ര നേതാക്കൾ കാനത്തെ അതൃപ്തി അറിയിച്ചെന്ന പ്രചാരണവും ഉണ്ടായി. എന്നാൽ ഈ വാദം കാനം തള്ളി.
മറുനാടന് മലയാളി ബ്യൂറോ