തിരുവനന്തപുരം: രാഷ്ട്രീയചർച്ചകളും വിമർശനങ്ങളും സജീവമാക്കി സിപിഐ.യുടെ ജില്ലാസമ്മേളനങ്ങൾ തുടങ്ങി. പ്രായപരിധി മാനദണ്ഡം കർശനമാക്കുന്ന ആദ്യസമ്മേളന കാലമാണിത്. ആറു ജില്ലാസെക്രട്ടറി മാറുന്നതിൽ നാലിടത്തും പ്രായപരിധി മാനദണ്ഡമാണ് കാരണം.
എറണാകുളം, കോഴിക്കോട്, കണ്ണൂർ, വയനാട്, ഇടുക്കി, കൊല്ലം എന്നീ ജില്ലാസെക്രട്ടിമാരാണ് മാറാനിടയുള്ളത്. ഇതിൽ കണ്ണൂരും കൊല്ലത്തും ഒഴികെയുള്ള ജില്ലകളിലെ സെക്രട്ടറിമാർ പ്രായപരിധി കഴിഞ്ഞവരാണ്. 65 വയസ്സാണ് ജില്ലാസെക്രട്ടറിമാർക്ക് നിശ്ചയിച്ച പരിധി. കണ്ണൂർ ജില്ലാസെക്രട്ടറി പി. സന്തോഷ് രാജ്യസഭാംഗമായതിനാലാണ് പാർട്ടിചുമതല ഒഴിയുന്നത്.

മുന്മന്ത്രി മുല്ലക്കര രത്‌നാകരനാണ് കൊല്ലം ജില്ലാസെക്രട്ടറി. വിഭാഗീയ പ്രശ്‌നങ്ങൾ ഏറെ നിലനിൽക്കുന്ന ജില്ലയാണ് കൊല്ലം. ഇതിൽ പ്രശ്‌നപരിഹാരത്തിന് സംസ്ഥാനനേതൃത്വം നിയോഗിച്ച ജില്ലാസെക്രട്ടറിയാണ് മുല്ലക്കര. അതിനാൽ, ഈ സമ്മേളനത്തിൽ പുതിയ സെക്രട്ടറിയുണ്ടാകാനാണ് സാധ്യത. അതേസമയം, കൊല്ലത്തെ പാർട്ടിക്കുള്ളിൽ ആഭ്യന്തര തർക്കം അതിരൂക്ഷമാണ്. കരുനാഗപ്പള്ളി മണ്ഡലത്തിൽ സിപിഐ. സ്ഥാനാർത്ഥി തോറ്റതിനെക്കുറിച്ചുള്ള പാർട്ടി അന്വേഷണവും വിഭാഗീയതയിലാണ് എത്തിനിന്നത്. സമ്മേളനത്തിൽ ഐക്യത്തോടെ ജില്ലാസെക്രട്ടറിയെ തീരുമാനിക്കുകയെന്നത് പാർട്ടി നേരിടുന്ന വെല്ലുവിളിയുമാണ്.

75 വയസ്സുകഴിഞ്ഞവരെ പാർട്ടിചുമതലയിൽനിന്ന് ഒഴിവാക്കാനാണ് ദേശീയ കൗൺസിൽ തീരുമാനിച്ചത്. ഇവരെ സംഘടനാചുമതലയിൽനിന്ന് മാറ്റുകയെന്നാൽ അവരുടെ രാഷ്ട്രീയജീവിതം അവസാനിപ്പിക്കാൻ നിർദേശിക്കുക എന്നല്ല അർഥമെന്ന് നേതാക്കൾ പറഞ്ഞു. ഇവരുടെ ആരോഗ്യസ്ഥിതിയനുസരിച്ച് ഓരോ പാർട്ടിഘടകം നിശ്ചയിച്ചുനൽകും. എന്നാൽ, ഇത് എങ്ങനെ വേണമെന്നത് ഇപ്പോൾ തീരുമാനിച്ചിട്ടില്ല.

ഒക്ടോബർ ഒന്നുമുതൽ നാലുവരെ തിരുവനന്തപുരത്താണ് സംസ്ഥാനസമ്മേളനം. കാനം രാജേന്ദ്രൻതന്നെ സംസ്ഥാന സെക്രട്ടറിയായി വീണ്ടും തുടരാനാണ് സാധ്യത. സിപിഎമ്മിന് വിധേയപ്പെട്ട് പ്രവർത്തിക്കുന്നെന്ന വിമർശനം കാനത്തിനെതിരേ പാർട്ടിക്കുള്ളിലുണ്ട്. ആദ്യ ജില്ലാസമ്മേളനത്തിൽത്തന്നെ അത്തരം വിമർശനം പ്രതിനിധികൾ ഉന്നയിക്കുകയും ചെയ്തിട്ടുണ്ട്. എങ്കിലും, സെക്രട്ടറിപദം മാറാനുള്ള രാഷ്ട്രീയസാഹചര്യം പാർട്ടിക്കുള്ളിലുണ്ടായിട്ടില്ലെന്നാണ് വിലയിരുത്തൽ.