കണ്ണൂർ: ഇടതുപക്ഷത്തിന്റെ ചെങ്കോട്ടയിൽ സിപിഐ. പോരിനു തുടക്കമിട്ടു. ആന്തൂരിലെ സിപിഐ. സ്മാരകം അക്രമിക്കപ്പെട്ടതോടെയാണ് സിപിഐ.ക്ക് സിപിഎമ്മിനോട് കലിപ്പ് തുടങ്ങിയത്. ആന്തൂർ മുനിസിപ്പാലിറ്റി ഭരിക്കുന്നത് ഇവർ രണ്ടു പേരും ചേർന്നാണ്. 28 അംഗ സഭയിൽ 27 പേർ സിപിഎമ്മും ഒരാൾ സിപിഐയും. മുജീബ് റഹ്മാൻ എന്ന സിപിഐ കൗൺസിലരുടെ പിതാവാണ് അന്തരിച്ച സ്വാതന്ത്യസമര സേനാനിയും പ്രമുഖ സിപിഐ നേതാവുമായ കെ.വി. മൂസാൻകുട്ടി മാസ്റ്റർ.

ജില്ലക്കകത്തും പുറത്തും ജനങ്ങളുടെ ആദരവ് പിടിച്ചു പറ്റിയ നേതാവായിരുന്നു മൂസാൻകുട്ടി മാസ്റ്റർ. അതുകൊണ്ടു തന്നെ അദ്ദേഹത്തിന്റെ ജന്മദേശത്ത് ജില്ലയിലെ ഏറ്റവും വലിയ സ്മാരക മന്ദിരവും ഉയർന്നു. അതിനു നേരെയാണ് കഴിഞ്ഞാഴ്ച അക്രമം നടന്നത്. ഈ സംഭവത്തിൽ സിപിഐക്കാരുടെ മനസ്സിൽ പ്രതിപ്പട്ടികയിൽ സിപിഐ(എം) പ്രവർത്തകരാണ്. അണികൾ ഇതു പരസ്യമായി പറഞ്ഞെങ്കിലും ജില്ലാ നേതാക്കൾ പരോക്ഷമായി രംഗത്തിറങ്ങിയിരുന്നില്ല.

ആന്തൂരിലെ സിപിഐ. സ്മാരകമന്ദിരം അക്രമിക്കപ്പെട്ട സംഭവത്തിൽ സിപിഐ(എം) നടത്തുന്ന പ്രസ്താവന അച്ഛൻ പത്തായത്തിലില്ലെന്ന മട്ടിലാണെന്നാരോപിച്ച് സിപിഐ. ജില്ലാ സെക്രട്ടറി പി. സന്തോഷ് കുമാർ തന്നെ പ്രതിഷേധിച്ചിരിക്കയാണ്. സ്മാരക മന്ദിരത്തിന് സമീപം ചേർന്ന പ്രതിഷേധ യോഗത്തിൽ പരോക്ഷമായും പ്രത്യക്ഷമായും മുൻ എ.ഐ.വൈ.എഫ് അഖിലേന്ത്യാ സെക്രട്ടറി കൂടിയായ സന്തോഷ് കുമാർ സിപിഎമ്മിനെ കണക്കറ്റ് വിമർശിച്ചു. അണികൾക്ക് ബോംബും ബന്ധുക്കൾക്ക് ജോലിയും നൽകുന്ന പാർട്ടിയല്ല സിപിഐയെന്ന് സന്തോഷ് കുമാർ പരിഹസിച്ചു. ഇരുട്ടിന്റെ മറവിൽ പാർട്ടി ഓഫീസുകൾ തകർക്കാൻ ആർക്കും കഴിയും. അത് രാഷ്ട്രീയത്തിന്റെ വഴിയല്ലെന്നാണ് സി.പി.െഎ. കരുതുന്നത്.

ആന്തൂർ പോലുള്ള പ്രദേശത്ത് സാമൂഹ്യവിരുദ്ധരാണ് അക്രമം കാട്ടിയതെന്ന് വിശ്വസിക്കാൻ സിപിഐ തയ്യാറല്ല. കേരളരാഷ്ട്രീയത്തിൽ ഒരു മന്ത്രിക്ക് രാജിവെക്കാൻ വഴിയൊരുക്കിയ ഗ്രാമമാണിത്. അതിന് ആധാരമായ കത്ത് അയച്ചത് ആന്തൂരിൽ നിന്നാണ്. അത്ര കണ്ട് രാഷ്ട്രീയ പ്രബുദ്ധമാണ് ഈ സ്ഥലമെന്ന് മന്ത്രി സ്ഥാനം രാജിവച്ച ഇ.പി. ജയരാജനെ പരോക്ഷമായി പരാമർശിച്ച് സിപിഐ. നേതാവ് പറഞ്ഞു. തീർന്നില്ല, ഞങ്ങളുടെ പാർട്ടി ഓഫീസിൽ സി.സി. ടി.വി ക്യാമറയോ ഒളിക്യാമറയോ ഇല്ല. ഓഫീസിൽ ഒളിക്യാമറ വെക്കേണ്ട രാഷ്ട്രീയ ധാർമിക പ്രശ്നങ്ങളൊന്നും സിപിഐ അഭിമുഖീകരിക്കുന്നില്ല, സന്തോഷ് കുമാർ പറഞ്ഞു.

സ്മാരകമന്ദിരം തകർക്കാൻ ശ്രമിച്ചവരെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണം. കുറ്റവാളികൾ ആരാണെന്ന് കണ്ടെത്തി നടപടിയെടുക്കുകയും വേണം. എംഎ‍ൽഎയും സിപിഐ(എം). ഏരിയാ സെക്രട്ടറിയും വന്ന് പ്രസ്താവന ഇറക്കിയതുകൊണ്ടായില്ല. അവർ സിപിഎമ്മിന് പങ്കില്ലെന്നാണ് പറയുന്നത്. വളച്ചു കെട്ടി കാര്യങ്ങൾ പറയുന്ന ശീലം ഞങ്ങൾക്കില്ല. അവരുടെ പ്രസ്താവനയിൽ ആത്മാർത്ഥതയുണ്ടെങ്കിൽ അക്രമികൾക്കെതിരെ അടിയന്തിര നടപടി വേണം.

പാർട്ടിയിൽ കടന്നുവന്നതു പോലെ പുറത്തേക്കുള്ള വാതിലും തുറക്കണം... സന്തോഷ് കുമാർ പറഞ്ഞു. സ്മാരക മന്ദിരം ആക്രമിക്കപ്പെട്ട സംഭവത്തിൽ സിപിഐ നേതൃത്വം പരസ്യമായി സിപിഎമ്മിനെ പ്രതിസ്ഥാനത്ത് നിർത്തിയിരിക്കയാണ്. വരും ദിവസങ്ങളിൽ പ്രതികൾ കുടുങ്ങുമെന്നാണ് സാഹചര്യങ്ങൾ വ്യക്തമാക്കുന്നത്. പ്രതികൾ സിപിഐ(എം) കാരെങ്കിൽ പാർട്ടിക്ക് അവരെ തള്ളിപ്പറയേണ്ടി വരും.