- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിപിഐയിൽ പ്രായപരിധി: ദേശീയ കൗൺസിലിൽ നിന്നും പന്ന്യൻ ഒഴിയും; മുല്ലക്കരയ്ക്കും പി.രാജുവിനും സ്ഥാനം ഒഴിയേണ്ടിവരും; മാനദണ്ഡം പാർട്ടിക്ക് യുവത്വം നൽകുമെന്ന് കാനം
തിരുവനന്തപുരം: സിപിഐയിൽ പ്രായപരിധി മാനദണ്ഡം കൊണ്ടുവരുന്നതോടെ പല പ്രമുഖ നേതാക്കളും നിലവിൽ വഹിക്കുന്ന പദവികൾ ഒഴിയേണ്ടിവരും. സംസ്ഥാന അസി. സെക്രട്ടറിമാരായ സത്യൻ മൊകേരിക്കും കെ.പ്രകാശ്ബാബുവിനും 60 വയസ്സ് കഴിഞ്ഞതോടെ സ്ഥാനം നഷ്ടമാകും. അസി. സെക്രട്ടറിമാരിൽ ഒരാൾക്ക് 60 വയസ്സിൽ താഴെയായിരിക്കണമെന്നാണ് മാനദണ്ഡം.
ഈ നിബന്ധന അനുസരിച്ച് ഇപ്പോഴത്തെ 2 അസി.സെക്രട്ടറിമാരിൽ ഒരാൾ നിർബന്ധമായി മാറേണ്ടിവരും. ദേശീയ കൺട്രോൾ കമ്മിഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രന് 76 വയസ്സായി. ദേശീയ കൗൺസിലിൽ തുടരാനുള്ള പ്രായപരിധി 75 ആണ്. വരാനിരിക്കുന്ന പാർട്ടി കോൺഗ്രസിൽ അദ്ദേഹത്തിന് ഒഴിയേണ്ടി വരും.
ജില്ലാ സെക്രട്ടറിക്ക് 65 വയസ്സ് പരിധി വച്ചതോടെ മുല്ലക്കര രത്നാകരൻ (കൊല്ലം), പി.രാജു (എറണാകുളം), ടി.സിദ്ധാർഥൻ (പാലക്കാട്), ടി.വി.ബാലൻ (കോഴിക്കോട്) എന്നിവർ മാറേണ്ടിവരും.
സിപിഐയിലെ തലമുറ വിടവ്, ലിംഗവ്യത്യാസം എന്നിവ പരിഹരിക്കാനും പാർട്ടിയെ യുവത്വപൂർണമാക്കാനും ലക്ഷ്യമിട്ടാണു പ്രായപരിധി മാനദണ്ഡം കൊണ്ടുവരുന്നതെന്നാണ് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറയുന്നത്. ദേശീയ കൗൺസിൽ നിർദേശിച്ച പ്രായപരിധി മാനദണ്ഡം സംസ്ഥാന കൗൺസിൽ യോഗം അംഗീകരിച്ചെന്നും കാനം പറഞ്ഞു.
സംസ്ഥാന സെക്രട്ടറിക്ക് 75, ജില്ലാ സെക്രട്ടറിക്ക് 65, മണ്ഡലം സെക്രട്ടറിക്ക് 65 എന്നിങ്ങനെയാണു പ്രായപരിധി. സംസ്ഥാന അസി.സെക്രട്ടറിമാരിൽ ഒരാൾ 60 വയസ്സിൽ താഴെയുള്ള ആൾ ആകണം. രണ്ടാമത്തെയാൾക്കു സംസ്ഥാന സെക്രട്ടറിയെക്കാൾ പ്രായം കൂടാൻ പാടില്ല. ജില്ലാ കൗൺസിലുകളിലും സംസ്ഥാന കൗൺസിലിലും 40% പേർ 50 വയസ്സിൽ താഴെയുള്ളവർ ആയിരിക്കണം. മണ്ഡലം സമ്മേളനങ്ങൾ മുതൽ എല്ലാ കമ്മിറ്റിയിലും 15% വനിതാ പ്രാതിനിധ്യം ഉറപ്പാക്കാനും കൗൺസിൽ തീരുമാനിച്ചു. ജൂൺ, ജൂലൈ മാസങ്ങളിൽ മണ്ഡലം സമ്മേളനം നടക്കും.
മറുനാടന് മലയാളി ബ്യൂറോ