- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
രണ്ട് ടേം എന്ന നയം നടപ്പിലാക്കിയാൽ സിപിഐയുടെ നാല് മന്ത്രിമാർക്കും ഇക്കുറി സ്ഥാനാർത്ഥികളാകാൻ കഴിയില്ല; മന്ത്രിക്കസേരയിലെത്താതെ ഇ എസ് ബിജിമോൾക്കും പടിയിറക്കം; സി ദിവാകരനും മുല്ലക്കര രത്നാകരനും ഇക്കുറി കുറി വീഴില്ല; സീനിയർ നേതാക്കൾ പാർട്ടി സംഘടനയിലേക്ക് മടങ്ങുമ്പോൾ യുവാക്കൾക്ക് അവസരം നൽകി സിപിഐ
തിരുവനന്തപുരം: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ വിസ്മയം കാട്ടിയ പാർട്ടിയായിരുന്നു സിപിഐ. പുതുമുഖങ്ങൾക്ക് അവസരം നൽകിയും സീനിയർ നേതാക്കളെ യുഡിഎഫ് കോട്ടകൾ പിടിക്കാൻ നിയോഗിച്ചും സിപിഐ സ്ഥാനാർത്ഥി നിർണയം തന്നെ കേരള രാഷ്ട്രീയത്തിൽ ചർച്ചയായിരുന്നു. അതിന് ഫലവുമുണ്ടായി. മത്സരിച്ച 27 സീറ്റുകളിൽ 19 സീറ്റുകളും പാർട്ടി വിജയിച്ചു കയറി. തുടർച്ചയായി രണ്ടു തവണ മത്സരിച്ചവർക്ക് സീറ്റ് നൽകരുത് എന്നാണ് സിപിഐയുടെ നേരത്തേ മുതലുള്ള നയം. പുതുമുഖങ്ങൾക്ക് അവസരം നൽകാനുള്ള ഈ തീരുമാനത്തിൽ കഴിഞ്ഞ തവണ ചില വിട്ടുവീഴ്ച്ചകളും പാർട്ടി ചെയ്തിരുന്നു. എന്നാൽ ഇക്കുറി അത്തരം ഇളവുകൾ വേണ്ടെന്ന ചർച്ചകളാണ് പാർട്ടിയുടെ കീഴ്ഘടകങ്ങളിൽ ഉയരുന്നത്. നാളെ മുതൽ 13 വരെ ചേരുന്ന സിപിഐ നിർവാഹക സമിതി, കൗൺസിൽ യോഗങ്ങളിലും ഉയരുക ഇതേ വികാരമാകും. ഇതോടെ പാർട്ടിയുടെ നാല് മന്ത്രിമാർക്കും ഇക്കുറി മത്സരിക്കാൻ സീറ്റ് ലഭിക്കാൻ സാധ്യതയില്ല. അതേസമയം, രണ്ട് ടേം മാത്രം എംഎൽഎയായ ഇ ചന്ദ്രശേഖരന് ഒരവസരം കൂടി ലഭിക്കാനും സാധ്യതയുണ്ട്.
തുടർച്ചയായി പരമാവധി രണ്ട് ടേം എന്നതാണു സ്ഥാനാർത്ഥിത്വം സംബന്ധിച്ചു സിപിഐയുടെ നിബന്ധന. കഴിഞ്ഞ തവണ ജില്ലാ നേതൃത്വങ്ങളുടെ അഭ്യർഥന കണക്കിലെടുത്താണ് ചിലർക്ക് മൂന്നാം ഊഴത്തിനായി ഇളവു നൽകിയിരുന്നു. മാർഗരേഖ തന്നെ അപ്രസക്തമാക്കുന്ന ഇളവു വേണ്ടെന്നാണു നേതൃതലത്തിൽ ഇപ്പോഴുള്ള ധാരണ. സിപിഐ ദേശീയ നിർവാഹക, കൗൺസിൽ യോഗങ്ങൾ ഹൈദരാബാദിൽ ചേർന്ന ഘട്ടത്തിൽ കേന്ദ്ര നേതൃത്വത്തിന്റെ അംഗീകാരവും ഇക്കാര്യത്തിൽ തേടി. ഇതോടെ 4 സിപിഐ മന്ത്രിമാരിൽ 3 പേരും തിരഞ്ഞെടുപ്പു രംഗത്തു നിന്ന് ഒഴിവാക്കപ്പെടും.
മന്ത്രിമാരായ പി.തിലോത്തമൻ, വി എസ്. സുനിൽ കുമാർ, കെ.രാജു എന്നിവർ ഇതോടെ സ്ഥാനാർത്ഥിപ്പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെടും. ഒപ്പം പ്രമുഖ നേതാക്കളായ സി ദിവാകരൻ, മുല്ലക്കര രത്നാകരൻ, ഇ.എസ്. ബിജിമോൾ എന്നിവർക്കും മാറി നിൽക്കേണ്ടിവരും. കഴിഞ്ഞ എൽഡിഎഫ് മന്ത്രിസഭയിൽ അംഗങ്ങളായിരുന്ന സി ദിവാകരനും മുല്ലക്കര രത്നാകരനും ഇക്കുറി മന്ത്രി സ്ഥാനം ലഭിച്ചിരുന്നില്ല. തുടർച്ചയായി വിജയിക്കുന്ന വനിതാ നേതാവ് എന്നതും ഇടുക്കി ജില്ലയുടെ പ്രതിനിധി എന്നതും ഇക്കുറി ബിജിമോൾക്ക് മന്ത്രിക്കസേര നൽകും എന്ന റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും അത് സംഭവിച്ചില്ല. മന്ത്രിക്കസേരയിൽ എത്താതെ നിയമസഭാ ജീവിതം അവസാനിപ്പിക്കേണ്ടി വരികയാണ് ബിജിമോൾക്ക്.
രണ്ടു ടേം കഴിഞ്ഞവരെയും മാറ്റണമെന്ന അഭിപ്രായത്തിനാണു നേതൃത്വത്തിൽ മുൻതൂക്കം. മന്ത്രി ഇ. ചന്ദ്രശേഖരൻ, ഡപ്യൂട്ടി സ്പീക്കർ വി.ശശി, ഇ.കെ. വിജയൻ, ചിറ്റയം ഗോപകുമാർ, ഗീതാ ഗോപി, ജി.എസ്. ജയലാൽ എന്നിവർ രണ്ടും ടേം പൂർത്തിയാക്കി. അതതു മണ്ഡലങ്ങളിൽ ഇവരുടെ സാന്നിധ്യം വിജയത്തിന് അനിവാര്യമാണെന്നു പറഞ്ഞ് ജില്ലാ നേതൃത്വം ആവശ്യപ്പെട്ടാൽ മാത്രം മൂന്നാം ടേം പരിഗണിച്ചേക്കാം. കഴിഞ്ഞ തവണ ചിലർക്കു മൂന്നാം ഊഴം നൽകിയ സാഹചര്യത്തിൽ ഇവർക്കെല്ലാം പൂർണമായും വഴിയടച്ച സമീപനം ഉണ്ടാകില്ല. അതേസമയം 3 കഴിഞ്ഞവർക്കുള്ള ഏക സാധ്യത ഏതെങ്കിലും മണ്ഡലം യുഡിഎഫിൽ നിന്നു തിരിച്ചു പിടിക്കാൻ ആരെയെങ്കിലും നിയോഗിച്ചുവെങ്കിൽ മാത്രമാണ്. പക്ഷേ, യുഡിഎഫ് കോട്ടകളിൽ പോരിനിറങ്ങാൻ മന്ത്രിമാരും മറ്റും തയാറാകുമോ എന്നത് അവരുടെ നിലപാടിനെക്കൂടി ആശ്രയിച്ചിരിക്കുന്നു.
നാളെ മുതൽ 13 വരെ ചേരുന്ന സിപിഐ നിർവാഹക സമിതി, കൗൺസിൽ യോഗങ്ങൾ സ്ഥാനാർത്ഥി നിർണയം സംബന്ധിച്ച പൊതു മാനദണ്ഡം രൂപപ്പെടുത്തും. തുടർന്നു ജില്ലകളിൽ നിന്ന് ഓരോ മണ്ഡലത്തിലേക്കും 3 പേരുടെ പാനൽ ആവശ്യപ്പെടും. ഇതിന്റെ അടിസ്ഥാനത്തിൽ അടുത്ത കൗൺസിൽ യോഗം പട്ടിക അന്തിമമാക്കും. തദ്ദേശ തിരഞ്ഞെടുപ്പു ഫലത്തിന്റെ വിശദമായ അവലോകനം നാളെ ആരംഭിക്കുന്ന യോഗങ്ങളിൽ നടക്കും. ഏകദേശം ഒരു വർഷത്തിനു ശേഷമാണ് സിപിഐ സംസ്ഥാന കൗൺസിൽ യോഗം അംഗങ്ങൾ നേരിട്ടു പങ്കെടുത്തു നടക്കുന്നത്.
മറുനാടന് മലയാളി ബ്യൂറോ