- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഒരിക്കലും ലാഭകരമാകാത്ത പദ്ധതി; പരിസ്ഥിതിക്ക് ദോഷകരം; അനുകൂലിക്കുന്നത് പാർട്ടിയുടെ മേൽവിലാസം തകർക്കുന്ന തരത്തിൽ ദോഷകരം; കെ-റെയിലിനെതിരേ സിപിഐ കൗൺസിലിൽ വിമർശനം; മുൻ മന്ത്രിമാർക്ക് അടക്കം എതിർപ്പ്; പ്രകടന പത്രികയിൽ പറഞ്ഞതിനാൽ അനുകൂലിക്കുന്നുവെന്ന് കാനം
തിരുവനന്തപുരം: സംസ്ഥാന സർക്കാർ അഭിമാന പദ്ധതിയായി ഉയർത്തിക്കാട്ടുന്ന കെ-റെയിൽ പദ്ധതിക്ക് എതിരെ സിപിഐ സംസ്ഥാന കൗൺസിലിൽ രൂക്ഷ വിമർശനം. ഒരിക്കലും ലാഭകരമാകാത്ത പദ്ധതിയാണിതെന്നും പാർട്ടിയുടെ മേൽവിലാസം തകർക്കുന്ന തരത്തിൽ പദ്ധതിയെ അനുകൂലിക്കുന്നത് ദോഷകരമാണെന്നും അഭിപ്രായം ഉയർന്നു.
കോവിഡ് പ്രതിസന്ധിയിൽ ജനങ്ങൾ പൊറുതിമുട്ടുമ്പോൾ സർക്കാർ മുൻഗണന നൽകേണ്ടത് കെ-റെയിലിനല്ലെന്നും പദ്ധതി പരിസ്ഥിതിക്ക് ദോഷകരമാണെന്നുമാണ് അംഗങ്ങൾ വിമർശനം ഉയർത്തിയത്. കൊല്ലത്തുനിന്നുള്ള ആർ രാജേന്ദ്രനാണ് വിമർശനം തുടങ്ങിവെച്ചത്. പദ്ധതിയെ അനുകൂലിക്കുന്നത് ദോഷകരമാണെന്നുമുള്ള അഭിപ്രായത്തിനായിരുന്നു കൗൺസിലിൽ മേൽകൈ.
കോവിഡ് മൂലം ജനങ്ങൾ പ്രതിസന്ധി നേരിട്ടുന്ന ഘട്ടത്തിൽ സർക്കാർ മുൻഗണന കെ-റെയിൽ പദ്ധതിക്കാണോ അതോ മറ്റെന്തെങ്കിലും കാര്യങ്ങൾക്കാണോ എന്നത് സംബന്ധിച്ച തീരുമാനം വേണമെന്നായിരുന്നു ആർ രാജേന്ദ്രന്റെ ആവശ്യം. പദ്ധതി ഒരിക്കലും ലഭാകരമാകില്ല. പരിസ്ഥിതിക്ക് വലിയ തോതിൽ നഷ്ടമുണ്ടാക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. മുന്മന്ത്രിമാരായ വി എസ് സുനിൽകുമാറും കെ രാജുവും പദ്ധതിയെ വിമർശിച്ചു.
പദ്ധതി ലാഭകരമാകില്ലെന്നും പ്രളയാനന്തര കേരളത്തിലെ പരിസ്ഥിതി ആശങ്കകൾ സിപിഐ അവഗണിക്കരുതെന്നും യോഗത്തിൽ വിമർശനമുയർന്നു.
കേരളത്തിനെ പോലൊരു സംസ്ഥാനത്തിന് ഒരിക്കലും സാമ്പത്തികമായി പദ്ധതി താങ്ങാനാകില്ലെന്നും പദ്ധതിയെ അനുകൂലിക്കുന്നത് ഗുണകരമാകില്ലെന്നും കൗൺസിൽ യോഗത്തിലെഏറെപ്പേരും ചൂണ്ടിക്കാണിച്ചു.
എന്നാൽ എൽഡിഎഫിന്റെ പ്രകടന പത്രികയിൽ പറഞ്ഞ പദ്ധതിയായതിനാലാണ് ഇതിനെ അനുകൂലിക്കുന്നതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ മറുപടി നൽകി. സിപിഐ ആയിട്ട് പദ്ധതിയെ തകർത്തുവെന്ന ആക്ഷേപം കേൾക്കുന്നത് ഗുണകരമല്ലെന്നും അതുകൊണ്ടാണ് പദ്ധതിയെ അനുകൂലിക്കുന്നതെന്നും കാനം കൂട്ടിച്ചേർത്തു.
സംസ്ഥാന കൗൺസിലിന് ശേഷം വാർത്താ സമ്മേളനത്തിലും കാനം സിൽവർ ലൈന്റെ വക്താവായി. പദ്ധതിക്കെതിരെ നിൽക്കുന്ന യുഡിഎഫ് എംപിമാർ സംസ്ഥാനത്തോട് കാട്ടുന്നതുകൊടും വഞ്ചനയാണെന്ന് കാനം പറഞ്ഞു.
നേരത്തെ, കെറെയിലിനെതിരെ നിലപാടെടുത്ത എഐവൈഎഫിനു കാനം രാജേന്ദ്രൻ താക്കീതു നൽകിയിരുന്നു. അതിരപ്പിള്ളി ഉൾപ്പെടെയുള്ള പദ്ധതികളിൽ പരിസ്ഥിതിക്ക് അനുകൂല നിലപാടെടുത്ത എഐവൈഎഫ്, കെ-റെയിലിന്റെ കാര്യത്തിൽ അഴകൊഴമ്പൻ നയം സ്വീകരിക്കുന്നതിനെതിരെ സംസ്ഥാന സമ്മേളനത്തിൽ വ്യാപകമായ വിമർശനമുയർന്നിരുന്നു. എന്നാൽ കെ റെയിൽ പദ്ധതി ഇടതുമുന്നണിയുടെ പ്രകടനപത്രികയിലുള്ളതാണെന്നും അതിൽ തൊട്ടുകളിക്കേണ്ട എന്നുമായിരുന്നു അന്നും കാനം രാജേന്ദ്രന്റെ പ്രതികരണം.
തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള സെമി ഹൈ സ്പീഡ് റെയിൽ ലൈൻ പദ്ധതിയുടെ ആകെ ചെലവായി കണക്കാക്കുന്നത് 63,941 കോടിയാണ്. ഇതിൽ കേന്ദ്രവിഹിതം 2150 കോടി രൂപയാണ്.
വിദേശ ഏജൻസികൾ മുഖേന വായ്പയെടുക്കാൻ ഉദ്ദേശിക്കുന്ന 33,700 കോടി രൂപ കേരളം വഹിക്കണമെന്നാണ് റെയിവെ മന്ത്രി അശ്വിനി വൈഷ്ണവ് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടത്. ധനകാര്യ വകുപ്പ് മുഖേന എ ഡി ബി ഉൾപ്പെടെയുള്ള ഏജൻസികളിൽ നിന്ന് വായ്പയെടുക്കാനാണ് ആദ്യഘട്ടത്തിൽ ആലോചിച്ചത്. എന്നാൽ വായ്പാ തുകയും പദ്ധതിയുടെ പ്രായോഗികതയും ചൂണ്ടിക്കാട്ടി കേന്ദ്രം എതിർപ്പറിയിക്കുകയും ചെയ്തിരുന്നു.
സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോൾ വലിയ ബാധ്യത ഉണ്ടാക്കുന്ന പദ്ധതി നടപ്പാക്കുന്നതിന് എതിരെ കടുത്ത വിമർശനമാണ് പ്രതിപക്ഷ കക്ഷികൾ ഉയർത്തിയത്. പദ്ധതിക്കായി സ്ഥലം ഏറ്റെടുക്കുന്നതിൽ കടുത്ത എതിർപ്പുമായി സ്ഥലം ഉടമകളും നാട്ടുകാരും പ്രതിഷേധം ഉയർത്തുമ്പോഴും മുന്നോട്ട് പോകാൻ തന്നെയാണ് സർക്കാർ തീരുമാനം. ഇതിനുള്ള നടപടികൾ പുരോഗമിക്കുമ്പോഴാണ് ഇടതുമുന്നണിയിലെ പ്രധാന രാഷ്ട്രീയ പാർട്ടിയിലെ നേതാക്കൾ വിമർശനം ഉയർത്തുന്നത്.
കെ-റെയിൽ പദ്ധതിക്കെതിരെ യുഡിഎഫ് എംപിമാർ എതിർപ്പ് ആവർത്തിക്കുകയാണ്. സംസ്ഥാനത്തെ എക്കാലത്തേയും വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്കും കടക്കെണിയിലേക്കും പദ്ധതി തള്ളിയിടുമെന്നാണ് യുഡിഎഫ് എംപിമാർ ആരോപിക്കുന്നത്.
കെ-റെയിൽ ഒരു തെറ്റായ ആശയത്തെ മോശം പദ്ധതിയാക്കി പരിതാപകരമായ രീതിയിൽ ആസൂത്രണം ചെയ്തിരിക്കുകയാണെന്ന് മെട്രോമാൻ ഇ ശ്രീധരൻ കുറ്റപ്പെടുത്തിയിരുന്നു. അത്രയും സ്ഥലം ഏറ്റെടുക്കുണം, ചതുപ്പുനിലങ്ങളിലൂടെയാണ് പദ്ധതി പോകുന്നത്. . ആയിരക്കണക്കിന് പേരെ കുടിയൊഴിപ്പിക്കുകയും വേണം. 350 കിലോമീറ്ററോളം ദൂരം പാത പോകുന്നത് ഭൂമിയിലൂടെയാണ്. അതു വലിയ വെല്ലുവിളിയാണെന്നും ശ്രീധരൻ പറയുന്നു.
കെ റെയിലുമായി ബന്ധപ്പെട്ട് ധനസഹായം നൽകുന്ന കാര്യത്തിൽ കേന്ദ്രസർക്കാർ മടിച്ചുനിൽക്കുമ്പോഴും റെയിൽവേയുമായുള്ള സഹകരണം സംസ്ഥാന സർക്കാർ മുന്നോട്ടു കൊണ്ടുപോവുകയാണ്. 185 ഹെക്ടർ റെയിൽവേ ഭൂമിയാണ് പദ്ധതിക്കു വേണ്ടി ഏറ്റെടുക്കുന്നത്. റെയിൽവേയുടെ ഉടമസ്ഥതയിലുള്ള ഈ ഭൂമിയിൽ അതിരടയാളക്കല്ല് സ്ഥാപിക്കാൻ തീരുമാനിച്ചിരുന്നു. പിന്നാലെ
അതിർത്തി നിർണയിച്ചു കല്ലിടുന്നത് ഇന്നലെ ആദിച്ചനല്ലൂർ പഞ്ചായത്ത് അതിർത്തിയിൽ ആരംഭിച്ചിരുന്നു. ഇത്തിക്കര 13ാം വാർഡിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിലാണ് ഉദ്യോഗസ്ഥർ കല്ലിട്ടത്. കടുത്ത പ്രതിഷേധമാണ് പ്രദേശവാസികളും യുവജന സംഘടനകളും ഉയർത്തിയത്.
എന്നാൽ വിവിധ അലൈന്മെന്റുകൾ പരിശോധിച്ച് അതിൽ നിന്നും മെച്ചപ്പെട്ട അലൈന്മെന്റാണ് ഇപ്പോൾ തിരഞ്ഞെടുത്തിരിക്കുന്നതെന്നാണ് കെ- റെയിൽ എംഡി വി. അജിത് കുമാർ വിഷയത്തിൽ പ്രതികരിച്ചത്. പരിഗണിച്ചതിൽ ഡിഎംആർസിയുടെ അലൈന്മെന്റുമുണ്ട്. ഇതിൽ കുറെയൊക്കെ ഇപ്പോഴത്തെ അലൈന്മെന്റിനോട് സാമ്യമുണ്ട്. ഇതിൽ നിന്ന് വ്യത്യസ്തമായി വടക്കൻ കേരളത്തിലേക്ക് നിലവിലെ റെയിൽവേ ട്രാക്കിന് സമാന്തരമായാണ് നിലവിലെ അലൈന്മെന്റ്. ഡിഎംആർസിയുടേത് അങ്ങനെയല്ല. ഒന്നിലധികം അലൈന്മെന്റ് പഠിച്ച് ഒരോന്നിന്റെയും മെച്ചങ്ങളും കോട്ടങ്ങളും അടക്കം വിലയിരുത്തിയതാണ് നിലവിലെ അലൈന്മെന്റെന്ന് അദ്ദേഹം പറയുന്നു.
മണ്ണിട്ട് നികത്തിയല്ല പകരം പില്ലറിൽ കൂടിയാണ് പാത സ്ഥാപിക്കുക. പണി നടക്കുന്ന സമയത്തൊഴികെ അത്തരം സ്ഥലങ്ങളിൽ മറ്റു പ്രശ്‌നങ്ങൾ ഉണ്ടാകുന്നില്ല. കൂടുതൽ സുരക്ഷാ സംവിധാനങ്ങളുള്ള, വെള്ളം ഒഴുകി പോകാൻ സംവിധാനങ്ങളുള്ള റെയിൽവേ ട്രാക്കാണ് വരുന്നത്. പ്രളയം വന്നാലും ബാധിക്കാത്ത തരത്തിലുള്ള പാതയാണ് വരുന്നതെന്നും വി. അജിത് കുമാർ പറയുന്നു.
മറുനാടന് മലയാളി ബ്യൂറോ