തിരുവനന്തപുരം: സിൽവർലൈൻ പദ്ധതിയുടെ സാമൂഹികാഘാത പഠനത്തിനു കല്ലിടാനുള്ള തീരുമാനം സർക്കാരും കെറെയിലും റവന്യു വകുപ്പും ചേർന്നെടുത്ത പൊതുതീരുമാനമാണെന്ന സിപിഎം സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വെളിപ്പെടുത്തൽ സിപിഐയെ അനുനയിപ്പിക്കാനുള്ള തന്ത്രം, പിന്നാലെ കെ റെയിലും നിലപാട് ആവവർത്തിച്ചു.

ൃസാമൂഹികാഘാത പഠനം നടത്താൻ ബോർഡ് യോഗം അംഗീകാരം നൽകിയെങ്കിലും കല്ലിടാൻ യോഗത്തിലല്ല തീരുമാനിച്ചതെന്നു കഴിഞ്ഞ ദിവസം കെറെയിൽ പ്രതികരിച്ചിരുന്നു. കല്ലിടലിന്റെ ഉത്തരവാദിത്തം റവന്യു വകുപ്പിനാകാം എന്ന സൂചനയും കെറെയിലിന്റേതായി പുറത്തുവന്നു. ഇത് വിവാദമായി. ഇതിനെ കെ റെയിൽ തള്ളി പറഞ്ഞു. റവന്യൂ മന്ത്രി കെ.രാജൻ രൂക്ഷമായി പ്രതികരിച്ചതോടെയാണു കെറെയിലിന്റെ പുതിയ വിശദീകരണം. അതേസമയം, വകുപ്പുകൾ തമ്മിൽ ഏകോപനമില്ലെന്ന് ആരോപിച്ചും കല്ലിടലിന്റെ ഉത്തരവാദിത്തം ആർക്കാണെന്നു വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ രംഗത്തെത്തി.

അതിനിടെ കേരളത്തിലെ സിൽവർലൈൻ പദ്ധതിക്ക് അംഗീകാരം നൽകിയിട്ടില്ലെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് വീണ്ടും വ്യക്തമാക്കി. 1000 കോടി രൂപയ്ക്ക് മുകളിലുള്ള പദ്ധതികൾക്ക് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം വേണം. സാമ്പത്തിക, സാങ്കേതിക വശങ്ങൾ പരിശോധിച്ചശേഷം മാത്രമാണ് അംഗീകാരം നൽകുന്നത്. പദ്ധതിക്കായി കേരളം സമർപ്പിച്ച ഡിപിആർ അപൂർണമാണ്. വിദേശ വായ്പയുടെ കാര്യവും പരിശോധിക്കേണ്ടതുണ്ടെന്നും അടൂർ പ്രകാശ് എംപിക്കു നൽകിയ മറുപടിയിൽ അശ്വിനി വൈഷ്ണവ് അറിയിച്ചു.

കല്ലിടാൻ റവന്യൂ വകുപ്പല്ല നിർദേശിച്ചതെന്നു മന്ത്രി കെ.രാജൻ പറഞ്ഞിരുന്നു. കേരളത്തിലെ നിയമത്തെക്കുറിച്ചു വിവരമുള്ള ആരും അങ്ങനെ പറയുമെന്നു കരുതുന്നില്ല. കേരള സർക്കാരിനു വേണ്ടി ഭൂമിയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ചെയ്യാൻ ബാധ്യതപ്പെട്ട വകുപ്പാണു റവന്യു എന്നും മന്ത്രി വ്യക്തമാക്കി. തുടർന്നാണു കല്ലിടുന്നതു പൊതു തീരുമാനമാണെന്നും കല്ലിടാൻ ടെൻഡർ വിളിച്ചതു തങ്ങളാണെന്നും കെറെയിൽ എംഡി വി.അജിത്കുമാർ വിശദീകരിച്ചത്. 'ഭൂമി വേണമെന്ന കെറെയിലിന്റെ ആവശ്യപ്രകാരം അതിന്റെ ഭാഗമായി സാമൂഹികാഘാത പഠനത്തിനു ഭരണാനുമതി നൽകിയതു റവന്യു വകുപ്പാണ്. മറ്റ് അനുമതികൾ നൽകുന്നതു കലക്ടർമാരാണ്. സർവേ അതിർത്തി നിയമത്തിൽ ഏതെല്ലാം തരത്തിലുള്ള അടയാളപ്പെടുത്തലാകാം എന്നു സൂചിപ്പിച്ചിട്ടുണ്ട്.

ഇപ്പോൾ ഇടുന്ന തരത്തിലുള്ള കല്ല് ഈ നിയമത്തിന്റെ അടിസ്ഥാനത്തിൽ തിരഞ്ഞെടുത്തതും ഏജൻസികളെ നിശ്ചയിച്ചതും കെറെയിലാണ്' എംഡി പറഞ്ഞു. എന്നാൽ സാമൂഹികാഘാത പഠനത്തിന്റെ മേൽനോട്ടം കലക്ടർമാർക്കാണെന്നും കെ റെയിലിനല്ലെന്നും എംഡി വിശദീകരിച്ചു. സിൽവർ ലൈനിനായി റവന്യു വകുപ്പിന്റെ കല്ലിടലല്ല സാമൂഹിക ആഘാത പഠനത്തിന്റെ കല്ലിടലാണു നടക്കുന്നതെന്നും അതിനു നേതൃത്വം നൽകുന്നത് കെ റെയിൽ കമ്പനിയാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞിരുന്നു. ഇത് തന്നെയാണ് കെ റെയിലും ആവർത്തിച്ചത്.

ഭൂമി ഏറ്റെടുക്കുന്ന ഘട്ടം വരുമ്പോഴാണ് റവന്യു വകുപ്പിന്റെ ചുമതല വരുന്നത്. നഷ്ടപരിഹാരം നൽകിയ ശേഷമേ ഭൂമി ഏറ്റെടുക്കുകയുള്ളൂ. സിൽവർ ലൈനിന് കേന്ദ്രം അനുമതി നൽകിയില്ലെങ്കിൽ സംസ്ഥാന സർക്കാർ വേറെ വഴി നോക്കുമെന്നും കോടിയേരി മാധ്യമങ്ങളോടു പറഞ്ഞു. സംസ്ഥാനത്ത് കോലീബി സഖ്യം വ്യക്തമാണ്. സിൽവർ ലൈനിന് എതിരായ പ്രതിഷേധം ഇതിന്റെ ഭാഗമാണ്. ബിജെപി ജാഥയെ സ്വീകരിക്കാൻ കോഴിക്കോട് ലീഗ് നേതാവ് പോയത് ഈ സഖ്യത്തിന്റെ ഭാഗമാണെന്നും കോടിയേരി ആരോപിച്ചു.