തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി നിർണയം പൂർത്തിയായി വരുന്നതിനിടെ ഘടകകക്ഷികളുമായുള്ള സീറ്റു വിഭജനകാര്യം ഇരു മുന്നണികളിലെയും പ്രധാന കക്ഷികൾക്കു തലവേദനയാകുന്നു.

എൽഡിഎഫിൽ സിപിഐ(എം)-സിപിഐ സീറ്റു ഏകദേശധാരണയായി. നിലവിലുള്ള സീറ്റുകൾ ഉറപ്പിച്ച സിപിഐ രണ്ടു സീറ്റുകൾ അധികം ആവശ്യപ്പെട്ടിരുന്നു.

എന്നാൽ, ഇക്കാര്യത്തിൽ തീരുമാനം പ്രതികൂലമായേക്കുമെന്നാണു വിവരം. കഴിഞ്ഞ തവണ മൽസരിച്ച 27 സീറ്റുകളിൽ സിപിഐ ഇത്തവണയും മൽസരിക്കും. കൂടുതൽ സീറ്റിന്റെ കാര്യം മറ്റ് ഘടകക്ഷികളുമായുള്ള ചർച്ചകൾക്ക് ശേഷമെന്നാണു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞത്.

കഴിഞ്ഞ തവണ 27 സീറ്റുകളിൽ മൽസരിച്ച തങ്ങൾക്ക് ഇത്തവണ 29 സീറ്റ് വേണമെന്നായിരുന്നു ചർച്ചയിൽ സിപിഐയുടെ ആവശ്യം. ഇരവിപുരവും മലപ്പുറത്തെ ഒരു സീറ്റുമാണു സിപിഐ ചോദിച്ചത്. എന്നാൽ ഇതൊന്നും സിപിഐ(എം) അംഗീകരിച്ചില്ല. കൂടുതൽ കക്ഷികൾ മുന്നണിയിലേക്ക് വന്ന സാഹചര്യത്തിൽ രണ്ടു സീറ്റ് സിപിഐ വിട്ടു തരികയാണ് വേണ്ടത് എന്നായിരുന്നു മുൻപ് സിപിഐ(എം) നിലപാട്.

അതിനിടെ, യുഡിഎഫിലും സമാനപ്രതിസന്ധിയാണു രൂപം കൊള്ളുന്നത്. തങ്ങൾക്കു കൂടുതൽ സീറ്റു വേണമെന്ന നിലപാടാണു യുഡിഎഫ് യോഗത്തിലും ഓരോ ഘടകകക്ഷികളും ആവശ്യപ്പെടുന്നത്. എല്ലാവയെും തൃപ്തിപ്പെടുത്തി തെരഞ്ഞെടുപ്പിൽ ഒത്തൊരുമയോടെ മുന്നോട്ടു പോകുന്ന കാര്യത്തിൽ എൽഡിഎഫിൽ സിപിഎമ്മും യുഡിഎഫിൽ കോൺഗ്രസും ബുദ്ധിമുട്ടുകയാണ്.

പുതുതായി മുന്നണിയിലേക്ക് എത്തുന്ന കക്ഷികളെയും എങ്ങനെ ഉൾക്കൊള്ളിക്കണം എന്നറിയാതെ ഉഴലുകയാണ് പാർട്ടികൾ. ഇവർക്കെല്ലാം സീറ്റു നൽകിയാൽ അതു കൈവിട്ടു പോകുമോ എന്ന ആശങ്കയും നിഴലിക്കുന്നുണ്ട്.