തൊടുപുഴ: കോളജിന് അനുമതി വാങ്ങി നൽകാമെന്നു വാഗ്ദാനം ചെയ്ത് ഇടുക്കിയിലെ ചില സിപിഐ നേതാക്കൾ 86 ലക്ഷം രൂപ വാങ്ങിയതായി വണ്ടന്മേട് പൊലീസ് സ്റ്റേഷനിൽ റിട്ട. എസ്‌ഐ പരാതി നൽകി. 2013 മുതൽ 2017 വരെയുള്ള സമയത്താണ് തട്ടിപ്പ് നടത്തിയതെന്നാണ് ആരോപണം. ഇതിൽ 50 ലക്ഷം പാർട്ടി ഫണ്ടിലേക്കു നൽകിയെന്നും പരാതിക്കാരൻ ആരോപിച്ചു.

കോഴിക്കോട് കിഴക്കേപ്പറമ്പിൽ ശ്രീധരനും മകൻ ശ്രീലേഷുമാണ് വണ്ടന്മേട് പൊലീസിൽ പരാതി നൽകിയത്. പണം നൽകിയതിന്റെ ബാങ്ക് രേഖകളും ഹാജരാക്കി. തട്ടിപ്പിനിരയായ കുടുംബം ആത്മഹത്യാ ഭീഷണി ഉയർത്തിയാണു പൊലീസിനെ സമീപിച്ചത്. വണ്ടന്മേട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സിപിഐ നേതാക്കളായ കെ.കെ.സജികുമാർ, സി.കെ.കൃഷ്ണൻകുട്ടി, വി.ധനപാലൻ, ഒരു ഐഎഎസ് ഉദ്യോഗസ്ഥൻ, സെക്രട്ടേറിയറ്റിലെ ജീവനക്കാർ എന്നിവർക്കെതിരെയാണ് ആരോപണം.

സർക്കാരിലെ സ്വാധീനം ഉപയോഗിച്ച് കോളജിന് അംഗീകാരം നേടി നൽകാമെന്നു വാഗ്ദാനം ചെയ്താണ് പണം തട്ടിയെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് കുന്ദമംഗലം പൊലീസ് സ്റ്റേഷനിലും പരാതിപ്പെട്ടിരുന്നു. പരാതിക്കാരനെ ഫോണിൽ കിട്ടിയില്ലെന്നും ആരോപണവിധേയരെ കണ്ടെത്താൻ കഴിഞ്ഞില്ലെന്നുമാണു കുന്ദമംഗലം പൊലീസ് പരാതിക്കാരന്റെ മകനെ രേഖാമൂലം അറിയിച്ചത്.

മുഖ്യമന്ത്രിയെ നേരിൽ കണ്ടു സഹായം അഭ്യർത്ഥിക്കാനും പരാതിക്കാരൻ ശ്രമം തുടങ്ങി. പണം കൈമാറിയ പൊലീസ് സ്റ്റേഷൻ പരിധിയിൽ എത്തി പരാതി നൽകാൻ പറഞ്ഞതായി വണ്ടന്മേട് പൊലീസ് അറിയിച്ചു.