- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുതിർന്ന സിപിഐ നേതാവ് എൻകെ കമലാസനൻ അന്തരിച്ചു; വിടപറഞ്ഞത് നിരവധി കർഷകസമരങ്ങളുടെ ഭാഗമായ നേതാവ്
ആലപ്പുഴ: മുതിർന്ന സിപിഐ നേതാവും സ്വാതന്ത്ര്യ സമര സേനാനിയും ഗ്രന്ഥകാരനുമായ എൻ കെ കമലാസനൻ (92) അന്തരിച്ചു. തിരുവിതാംകൂർ കർഷക തൊഴിലാളി യൂണിയൻ ജനറൽ സെക്രട്ടറി, കോട്ടയം ജില്ലാ കർഷകത്തൊഴിലാളി ഫെഡറേഷൻ ജില്ലാ സെക്രട്ടറി, പ്രസിഡന്റ്, കർഷകത്തൊഴിലാളി ഫെഡറേഷൻ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു.
1930 ജനുവരി 26ന് കുട്ടനാട് പുളിങ്കുന്നിൽ കണ്ണാടി ഗ്രാമത്തിലാണ് ജനിച്ചത്. സ്വാതന്ത്ര്യസമരകാലത്ത് വിദ്യാർത്ഥി കോൺഗ്രസിൽ സജീവമായി പ്രവർത്തിച്ച കമലാസനൻ അറസ്റ്റ് വരിച്ച് എട്ടുമാസവും 13 ദിവസവും ജയിലിൽ കിടന്നു. അതോടെ സ്‌കൂളിൽ നിന്നും പിരിച്ചുവിട്ടു. സംസ്ഥാനത്ത് ഒരു സ്‌കൂളിലും പഠിപ്പിക്കാൻ പാടില്ലെന്ന് സർക്കാരിന്റെ നിരോധന ഉത്തരവ് വന്നതോടെ വിദ്യാഭ്യാസം അവസാനിച്ചെങ്കിലും പിന്നീട് ്രൈപവറ്റ് ആയി പഠിച്ചു.
1950ൽ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ചേർന്ന് കർഷകത്തൊഴിലാളി രംഗത്ത് പ്രവർത്തനം ആരംഭിച്ച കമലാസനൻ 1952 മുതൽ തിരുവിതാംകൂർ കർഷക തൊഴിലാളി യൂണിയൻ ജനറൽ സെക്രട്ടറിയായി 14 വർഷം പദവിയിൽ തുടർന്നു. നിരവധി കർഷകത്തൊഴിലാളി സമരങ്ങളിൽ പങ്കെടുക്കുകയും ജയിലിൽ കിടക്കുകയും ചെയ്തു. 1972 മുതൽ കോട്ടയം ജില്ലാ കർഷകത്തൊഴിലാളി ഫെഡറേഷൻ ജില്ലാ സെക്രട്ടറിയും പിന്നീട് പ്രസിഡന്റുമായിരുന്നു. കർഷകത്തൊഴിലാളി ഫെഡറേഷൻ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായും പ്രവർത്തിച്ചു.
കുട്ടനാടും നക്ഷത്ര തൊഴിലാളി പ്രസ്ഥാനവും, ഒരു കുട്ടനാടൻ ഓർമ്മക്കൊയ്ത്ത്, വിപ്ലവത്തിന്റെ ചുവന്ന മണ്ണ്, കമ്മ്യൂണിസ്റ്റ് പോരാളി കല്യാണ കൃഷ്ണൻ നായർ എന്നിങ്ങനെ നാല് പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്.