തിരുവനന്തപുരം: തോമസ് ചാണ്ടിക്ക് മന്ത്രിസ്ഥാനം നഷ്ടമാകാൻ ഇടയാക്കിയത് സിപിഐ കൈക്കൊണ്ട കാർക്കശ്യം നിറഞ്ഞ നിലപാടായിരുന്നു. ആലപ്പുഴ ജില്ലാ കലക്ടർക്കും മന്ത്രിസഭാ തീരുമാനത്തിനും എതിരായി ഹൈക്കോടതിയെ പോയതോടെ രാജി കൂടിയേ തീരൂ എന്ന നിലപാട് കാനം രാജേന്ദ്രൻ സ്വീകരിക്കുകയും ചെയ്തു. എന്നാൽ അതൊക്കെ അന്നല്ലേ എന്നതാണ് സിപിഐക്കാരുടെ ഇപ്പോഴത്തെ നിലപാട്. സംസ്ഥാന സർക്കാറിനെതിരെ സിപിഐ നേതാവ് കോടതിയെ സമീപിച്ചതോടെ സിപിഐ-സി.പി.എം പോരുമുറുകാൻ സാധ്യതയേറി.

കുറഞ്ഞി ഉദ്യാനമടക്കം മൂന്നാർ പരിസ്ഥിതി സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് സിപിഐ. സംസ്ഥാന നേതാവ് പി.പ്രസാദ് ദേശീയ ഹരിത ട്രിബ്യൂണലിനെ സമീപിച്ചതാണ് ഇടതുസർക്കാറിനെ വീണ്ടും വിവാദത്തിലാക്കുന്നത്. കേന്ദ്ര, സംസ്ഥാന സർക്കാരുകളും റവന്യൂ, വനം വകുപ്പുകളെയും എതിർകക്ഷികളാക്കിയാണ് ഇടുക്കി ജില്ലയുടെ ചുമതല വഹിക്കുന്ന സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗമായ പ്രസാദ് ട്രിബ്യൂണലിനെ സമീപിച്ചത്. ഹരജിയിൽ സംസ്ഥാന സർക്കാറിന് ഹരിത ട്രിബ്യൂണൽ നോട്ടീസ് അയച്ചു.

മൂന്നാറിൽ കൈയേറ്റം വ്യാപകമാണെന്നും കയ്യേറ്റക്കാരിലെ രാഷ്ട്രീയസ്വാധീനമുള്ളവർ ഒഴിപ്പിക്കലിനു തടസമാകുന്നെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. നടപടിയെടുക്കുന്ന ഉദ്യോഗസ്ഥരെ കുറ്റപ്പെടുത്തുകയും സ്ഥലംമാറ്റുകയും ചെയ്യുന്നു. വനംവകുപ്പിന് വനമേഖലയിൽ നിയന്ത്രണമില്ല. രേഖകളിലും ക്രമക്കേടുകളുണ്ട്. കൈയേറ്റം ഒഴിപ്പിച്ച് അതീവ പരിസ്ഥിതി ദുർബലമായ ഈ മേഖല സംരക്ഷിക്കണമെന്നും പി.പ്രസാദ് സമർപ്പിച്ച ഹരജിയിൽ ആവശ്യപ്പെടുന്നു.

സിപിഐ തീരുമാനപ്രകാരമാണ് ഹരജി നൽകിയതെന്ന് പി.പ്രസാദ് പ്രതികരിച്ചു. ഹരിത ട്രിബ്യൂണൽ പരിഗണിക്കുന്ന കേസിൽ കക്ഷി ചേരുകയാണ് ലക്ഷ്യം. ഇതിലൂടെ കേസിൽ സിപിഐക്ക് പറയാനുള്ളത് ട്രിബ്യൂണലിനെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ മൂന്നാർ കൈയേറ്റത്തിന് ഹരിത ട്രിബ്യൂണൽ സ്വമേധയാ കേസെടുത്തിരുന്നു. മൂന്നാറിലെ ഭൂമി സംരക്ഷണവുമായി ബന്ധപ്പെട്ട കാര്യം സർക്കാർ വിശദീകരിക്കണമെന്ന് ട്രിബ്യൂണൽ നൽകിയ നോട്ടീസിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ജനുവരി 12 ഹർജി വീണ്ടും പരിഗണിക്കും.

പി പ്രസാദ് നൽകിയ സംസ്ഥാന ചീഫ് സെക്രട്ടറിയും വനം-റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരും ഹർജിയിൽ എതിർ കക്ഷികളാണ്. വനം വകുപ്പിനും ഇവിടെ യാതൊരു നിയന്ത്രണവുമില്ല. രാഷ്ട്രീയക്കാരടക്കം വലിയ സ്വാധീനമുള്ളവർ ഭൂമിക കൈയടക്കിയിരിക്കുന്നു. ഇക്കാര്യങ്ങളിലെല്ലാം കോടതിയുടെ ഇടപെടൽ ഉണ്ടാകണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. 12 പേജുള്ള ഹർജിയാണ് ഹരിത ട്രിബ്യൂണലിൽ നൽകിയിട്ടുള്ളത്. കൈയേറ്റക്കാരുടെ രാഷ്ട്രീയ പിൻബലം ഒഴിപ്പിക്കലിന് തടസ്സം നിൽക്കുന്നുവെന്നും ഒഴിപ്പിക്കലിന് രാഷ്ട്രീയ ഇച്ഛാശക്തിയില്ലെന്നും അടിയന്തിര സ്വഭാവത്തോടെ പരിഗണിക്കണമെന്നുമാണ് പി. പ്രസാദിന്റെ ആവശ്യം.

കൊട്ടക്കൊമ്പൂർ വിഷയത്തിൽ ജോയ്‌സ് ജോർജ്ജിന്റേത് കൈയേറ്റ ഭൂമിയാണെന്ന നിലപാടാണ് സിപിഐ ആവർത്തിച്ചു സ്വീകരിക്കുന്നത്്. ഈ നിലപാട് സ്ഥാപിക്കപ്പെടാൻ വേണ്ടിയാണ് കോടതിയെ സമീപിച്ചതെന്നും അറിയുന്നു. എന്നാൽ, സംസ്ഥാന സർക്കാറിനെതിരെ സിപിഐ നേതാവ് നൽകിയ ഹർജി ഇടതു മുന്നണിയെ കൂടുതൽ സങ്കീർണ്ണമാക്കും.