തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദൻ സിപിഐ(എം) കേന്ദ്ര നേതൃത്വത്തിന് മുന്നിൽ ഉപാധി വച്ചെന്ന് സൂചന. തെരഞ്ഞെടുപ്പിൽ സിപിഐ(എം) അധികാരത്തിലെത്തിയാൽ ആദ്യ ആറുമാസത്തിൽ കുറയാത്ത സമയം തന്നെ മുഖ്യമന്ത്രിയാക്കണമെന്നാണ് വിഎസിന്റെ ആവശ്യം. ഇക്കാര്യത്തിൽ കേന്ദ്ര നേതൃത്വം ഉറപ്പ് നൽകണമെന്നാണ് ആവശ്യം. തനിക്കൊപ്പമുള്ള പത്ത് പേർക്ക് നിയമസഭയിലേക്ക് മത്സരിക്കാൻ അവസരമൊരുക്കണമെന്നും വി എസ് ആവശ്യപ്പെടുന്നു. ജെ മേഴ്‌സികുട്ടിയമ്മ അടക്കമുള്ളവർക്ക് ജയിക്കുന്ന സീറ്റുകൾ നൽകണമെന്നാണ് വി എസ് ആവശ്യപ്പെട്ടത്. എന്നാൽ കീഴ് വഴക്കങ്ങൾ ലംഘിക്കുന്ന ഉറപ്പുകളൊന്നും നൽകാനാവില്ലെന്ന് ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി വിഎസിനോട് വിശദീകരിച്ചു.

നിർണ്ണായക ഘട്ടത്തിൽ മത്സരിക്കണമെന്നും നിർദ്ദേശിച്ചു. ഇത് വി എസ് അംഗീകരിച്ചിട്ടുണ്ട്. അർഹമായ സ്ഥാനം മുതിർന്ന നേതാവിന് ഉറപ്പാക്കുമെന്നും സീതാറാം യെച്ചൂരി അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ വി എസ് മത്സരത്തിന് ഇറങ്ങാമെന്നും അറിയിച്ചു. ഇതോടെ പിണറായി വിജയനും വിഎസും മത്സര രംഗത്തുണ്ടാകുമെന്ന് ഉറപ്പായി. തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാന സമിതി മുഖ്യമന്ത്രിയെ തീരുമാനിക്കും. വിവാദങ്ങൾ ഉണ്ടാക്കരുതെന്നും ജനറൽ സെക്രട്ടറിയെന്ന നിലയിൽ താൻ നടത്തുന്ന അനുനയ ശ്രമങ്ങളെ അട്ടിമറിക്കരുതെന്നും വിഎസിനോട് യെച്ചൂരി ആവശ്യപ്പെട്ടു. ഇതാണ് വി എസ് അംഗീകരിച്ചതും. സീറ്റ് നിർണ്ണയത്തിലുൾപ്പെടെ വിഎസിന്റെ അഭിപ്രായങ്ങൾ വില കൊടുക്കും. എന്നാൽ സ്ഥാനാർത്ഥികളെ നിശ്ചയിക്കാനുള്ള സംസ്ഥാന-ജില്ലാ ഘടകങ്ങളുടെ സ്വാതന്ത്ര്യത്തിൽ യെച്ചൂരി ഇടപെടുകയുമില്ല.

സിപിഐ (എം) എന്ന രാഷ്ട്രീയ പാർട്ടിയെ സബന്ധിച്ചിടത്തോളം തെരഞ്ഞെടുപ്പിൽ വിജയിക്കേണ്ടത് അനിവാര്യതയാണ്. വിഭാഗീയത പൂർണ്ണമായും ഇല്ലാതായെന്ന സന്ദേശം അതിനായി നൽകുകയും വേണം. വി.എസും പിണറായിയും ഒരുമിച്ച് തെരഞ്ഞെടുപ്പിൽ മത്സരിക്കും എന്ന തീരുമാനം എടുക്കുന്നതും അതുകൊണ്ട് തന്നെയാണ്. ഇടതുപക്ഷത്തിന് അധികാരത്തിലെത്തണമെങ്കിൽ തെരഞ്ഞെടുപ്പ് പ്രചരണത്തിന് വി എസ് തന്നെ മുന്നിട്ടിറങ്ങണമെന്നും വോട്ട് തേടുന്ന മറ്റു സ്ഥാനാർത്ഥികളുടെ ഫ്‌ളാ്‌സിൽ വിഎസിന്റെ ചിത്രവും വേണമെന്ന അദ്ദേഹത്തോട് എതിർപ്പുള്ളവർ പോലും ആഗ്രഹിക്കുന്ന ഒന്നാണ്. ഈ സാഹചര്യത്തിലാണ് വിഎസിനെ അനുനയിപ്പിക്കാൻ യെച്ചൂരി തന്നെ രംഗത്ത് എത്തിയത്. ഇതിന്റെ ഭാഗമായാണ് വിഎസിനെ മത്സരിപ്പിക്കാൻ പോളിറ്റ് ബ്യൂറോ തീരുമാനം എടുത്തത്. ഇതു പോലും അസ്വാഭാവികത നിറഞ്ഞതാണ്. അതുകൊണ്ട് തന്നെ കൂടുതൽ സമ്മർദ്ദം സംസ്ഥാന ഘടകത്തിൽ ചെലുത്താൻ യെച്ചൂരി ആഗ്രഹിക്കുന്നുമില്ല.

കഴിഞ്ഞ രണ്ട് തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ സംഭവിച്ചതുപോലെ അനിശ്ചിതത്വങ്ങളിലേക്ക് കാര്യങ്ങളെത്തിക്കരുതെന്ന് കേന്ദ്ര നേതൃത്വം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഒരു പ്രശ്‌നവുമുണ്ടാക്കാതെ മത്സരിക്കാൻ വി എസ് തയ്യാറാണ്. എന്നാൽ അധികാരത്തിലെത്തിയാൽ പാർട്ടി തന്നെ തഴയുമോ എന്നാണ് സംശയം. അതിൽ കീഴ് വഴക്കങ്ങൾ പാലിച്ച് പിരഹാരം കാണുമെന്നാണ് യെച്ചൂരി പറയുന്നത്. പിണറായി വടക്കൻ കേരളത്തിൽ മത്സരിക്കുന്ന സാഹചര്യത്തിൽ വി എസ് തെക്കൻ കേരളത്തിൽ മത്സരിക്കണമെന്നാണ് സംസ്ഥാന നേതൃത്വം ആഗ്രഹിക്കുന്നതെങ്കിലും വി എസ് എവിടെ മത്സരിക്കണം എന്ന കാര്യത്തിൽ അദ്ദേഹത്തിന്റെ തീരുമാനം അംഗീകരിക്കും. ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലാ കമ്മറ്റികൾക്ക് വിഎസിനെ സ്ഥാനാർത്ഥിയായി കിട്ടിയാൽ കൊള്ളാമെന്നുണ്ട്. എന്നാൽ സിറ്റിങ് സീറ്റായ മലമ്പുഴയും വിഎസിനെ കാത്തിരിപ്പാമ്.

തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ പിണറായിയും താനും രണ്ട് പാദങ്ങളിലായി മുഖ്യമന്ത്രി സ്ഥാനം പങ്കിടുക എന്നതാണ് വി എസ് മുന്നോട്ട് വച്ച പ്രധാന ഉപാധി. മത്സരിച്ച് ജയിച്ച് കാഴ്ചക്കാരനായി നിയമസഭയിൽ ഇരിക്കാനാകില്ലെന്നാണ് വിഎസിന്റെ പക്ഷം. നിയമസഭാ കക്ഷിയിൽ തന്നെ പിന്തുണയ്ക്കാനും നേതാക്കൾ വേണം. അതിനായാണ് പത്ത് സീറ്റുകളും ചോദിക്കുന്നത്. ഇതിനെ വിഭാഗീയതയായി കാണേണ്ടതില്ലെന്നും വി എസ് പക്ഷം പറയുന്നു. മുഖ്യമന്ത്രിയായാൽ പ്രവർത്തന സ്വാതന്ത്ര്യം വേണമെന്നതാണ് മറ്റൊരു ആവശ്യം. പേഴ്‌സണൽ സ്റ്റാഫിനേയും മറ്റും നിയമിക്കുന്നതിൽ സ്വാതന്ത്ര്യം വേണം. ഇത്തരം തീരുമാനങ്ങൾ സംസ്ഥാന നേതൃത്വം അടിച്ചേൽപ്പിക്കരുതെന്നാണ് ആവശ്യം. ഇതൊന്നും അംഗീകരിക്കാനാവില്ലെന്നാണ് യെച്ചൂരി പറഞ്ഞത്.

നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം സിപിഐ(എം) സംസ്ഥാന സമിതിയാണ് സാധാരണ പാർലമെന്ററീ പാർട്ടി നേതാവിനെ നിശ്ചിയിക്കുന്നത്. ഈ കീഴ് വഴക്കം വിഎസിന് വേണ്ടി മാറ്റരുതെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ ആവശ്യം. തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാന സമിതിയുടെ തീരുമാനത്തിന് അനുസരിച്ച് മുഖ്യമന്ത്രിയെ നിശ്ചയിക്കുമെന്നാണ് യെച്ചുരിയുടേയും നിലപാട്. ഇതോടെയാണ് ഉപാധികൾ വി എസ് ഉപേക്ഷിക്കുന്നത്. പാർട്ടിയുടെ ഭരണത്തിലേക്കുള്ള മടങ്ങി വരവിന് തൊണ്ണൂറ്റി മൂന്നാം വയസ്സിൽ താൻ തടസ്സം നിൽക്കില്ലെന്നാണ് വി എസ് യെച്ചൂരിയെ അറിയിച്ചിട്ടുള്ളത്.