ആലപ്പുഴ: കെപിഎസി ലളിതയെ വടക്കാഞ്ചേരിയിൽ സ്ഥാനാർത്ഥിയാക്കാൻ സിപിഐ(എം) തീരുമാനിച്ചു എന്നറിഞ്ഞപ്പോൾ നെറ്റിചുളിച്ചവർ നിരവധിയുണ്ട്. വെറുമൊരു സിനിമാ നടിയായ ഇവർക്ക് എത്രത്തോളും രാഷ്ട്രീയ ബോധ്യമുണ്ടെന്നായിരുന്നു പലരും ചോദിച്ചത്. എന്നാൽ, കെപിഎസി ലളിതയുടെ ജീവിതം പരിശോധിക്കുമ്പോൾ അറിയുന്നത് അവർ വെറുമൊരു രാഷ്ട്രീയക്കാരി മാത്രമല്ലെന്ന് വ്യക്തമാകും. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ വളർച്ചയ്ക്ക് ഏറെ സഹായകമായ കെപിഎസിയിലൂടെയാണ് ലളിത സിനിമയിലെ പടവുകൾ ചവിട്ടിക്കയറിയതും വിജയം കൈവരിച്ചതും. അവിഭഗക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കാലം മുതലുള്ള ബന്ധമാണ് അവർക്ക് ഇടതു പക്ഷവുമായി. സിപിഐയുടെ വനിതാ വാഭാഗം നേതാവായി പ്രവർത്തിച്ചിരുന്നു കെപിഎസി ലളിത. പാർട്ടി പിളർന്നപ്പോൾ എന്തുകൊണ്ടാണെന്ന് മറ്റു പലരെയും പോലെ ലളിതയും ചിന്തിച്ചിരുന്നു. അക്കാലത്ത് നാടകവേദിയിായിരുന്നു അവർ സജീവമായി നിന്നത്.

1964ൽ അശ്വമേധം, ശരശയ്യ എന്നീ നാടകങ്ങളുമായി കെപിഎസിയുടെ ഉത്തരേന്ത്യൻ പര്യടനത്തിനിടയിലാണ് കമ്മ്യൂണിസ്റ്റ് പാർട്ടികൾ രണ്ടായി പിളർന്ന വിവരം കെ.പി.എ.സി ലളിത അറിഞ്ഞത്. അന്ന് നേതാക്കൾ കൂടുതലായി ഉണ്ടായിരുന്നത് സിപിഐയുടെ പക്ഷത്തായിരുന്നും. നാടകവണ്ടിയിൽ വച്ച് പാർട്ടി പിളർന്നതിനെ കുറിച്ചുള്ള വാർത്തകളോട് കെപിഎസി പ്രതികരിച്ചത് ഇങ്ങനെയാണ്:

'എനിക്കതിന്റെ കാരണങ്ങളൊന്നും വ്യക്തമായി മനസിലായില്ല. വണ്ടിയിൽ കുശുകുശുപ്പ് കേൾക്കുന്നുണ്ട്. ഇരുപത്തിനാലുപേർ സഞ്ചരിക്കുന്ന നാടകവണ്ടിയിൽ യാത്രക്കാർ രണ്ടു തട്ടിലാകുന്നു. സുലോചന, കെ.പി.ഉമ്മർ, കെ.എസ്.ജോർജ് എന്നിവർ ഒരുഭാഗത്ത്. മറ്റുള്ളവർ മറുഭാഗത്തും. രണ്ടിലും പെടാതെ പകച്ചുനിൽക്കുന്ന ഞങ്ങൾ കുറേപ്പേർ. ബാംഗ്‌ളൂരിൽ എത്തിയശേഷം ഭാസിച്ചേട്ടൻ ഞങ്ങളെ വിളിച്ചു കാര്യങ്ങൾ വശദീകരിച്ചു'.

കെ.പി.എ.സിയുടെ യാത്രകൾക്കിടയിലാണ് ഒരുപാട് രാഷ്ട്രീയ നേതാക്കളെ കാണാൻ സാധിച്ചതും ഇടപെഴകാൻ സാധിച്ചതെന്നും ലളിത ഓർക്കുന്നു. പിളർപ്പിനുശേഷം സിപിഐ മഹിളാ സംഘത്തിന്റെ നാല് സംസ്ഥാന ജോയിന്റ് സെക്രട്ടറിമാരിൽ ഒരാളായിരുന്നു അവർ. അക്കാലത്ത് നാടകസമിതിയിൽ മിന്നിത്തിളങ്ങിയ വ്യക്തിത്വമായിരുന്നു അവരുടേത്. പിന്നീട് നാടകത്തിൽ നിന്ന് സിനിമയിലെത്തിയ ലളിത്ക്ക് തിരിഞ്ഞു നോക്കേണ്ടി വന്നില്ല.

കായംകുളം വിജയ സ്റ്റുഡിയോയിൽ ഫോട്ടോഗ്രാഫർ ആയിരുന്ന രാമപുരം കടയ്ക്കൽ തറയിൽ അനന്തൻ നായരുടെ മകൾ മഹേശ്വരിഅമ്മ കെ.പി.എ.സി ലളിതയായി മാറിയതിന് പിന്നിൽ കലയോടുള്ള അടങ്ങാത്ത അഭിനിവേശമായിരുന്നു. ദാരിദ്ര്യവും ദുരിതവും നിറഞ്ഞതായിരുന്നും അവരുടെ ബാല്യം. ഒട്ടേറെ എതിർപ്പുകൾ താണ്ടിയാണ് മലയാളത്തിന്റെ അഭിമാനമായി അവർ വളർന്നത്. രാമപുരം ഹൈസ്‌കൂളിൽ രണ്ടാം ക്‌ളാസിൽ പഠിക്കുമ്പോൾ സ്‌കൂൾ വാർഷികത്തിന് 'പൊന്നരിവാൾ അമ്പിളിയിൽ കല്ലെറിയുന്നോളെ' എന്ന പാട്ടിന് ചുവടുവച്ച് സമ്മാനം നേടിയ മഹേശ്വരിഅമ്മയ്ക്ക് പിന്നീട് എല്ലാം കെ.പി.എ.സിയായിരുന്നു.

1964 സെപ്റ്റംബർ 4നാണ് ലളിത കെപിഎസിയിൽ ചേരുന്നത്. അന്ന് മുതൽ പേരിൽ ചേർത്ത ഈ നാലക്ഷരം അവരുടെ ജീവിതം മാറ്റിമറിക്കുന്നതായി മാറി. എട്ടുവർഷം കെ.പി.എ.സിയിൽ നടിയായിരുന്നു ലളിത. പിന്നീട് തോപ്പിൽ ഭാസിയുടെ കൈപിടിച്ചാണ് സിനിമാരംഗത്ത് എത്തിയത്. ഒന്നുമറിയാതെ സിനിമാ മോഹങ്ങളുമായി മദിരാശിയിൽ എത്തുന്ന യുവതികൾ വഴിതെറ്റിപ്പോകാറുണ്ട്. എന്നാൽ തനിക്ക് അങ്ങനെ ഒരു അനുഭവം ഉണ്ടാകാതിരുന്നത് കെ.പി.എ.സി എന്ന ഉരുക്ക് കവചമായിരുന്നു എന്നും അവർ പറയുന്നു.

നിങ്ങളെന്ന് കമ്മ്യൂണിസ്റ്റാക്കി, മൂലധനം എന്നീ നാടകങ്ങൾ അക്കാലത്ത് ഏറെ പ്രശസ്തമായിരുന്നു. എന്നാൽ ഈ നാടകങ്ങളിൽ വേഷമിടാൻ ലളിതയ്ക്ക് അന്ന് സാധിച്ചില്ല. മുടിയനായ പുത്രൻ, സർവേക്കല്ല്, അശ്വമേധം, പുതിയ ആകാശം പുതിയ ഭൂമി, കൂട്ടുകുടുംബം, ശരശയ്യ, തുലാഭാരം, യുദ്ധകാണ്ഡം, ഇന്നലെ ഇന്ന് നാളെ, ജീവിതം അവസാനിക്കുന്നില്ല, മാനസപുത്രി തുടങ്ങിയ നാടകങ്ങളിലെല്ലാം പ്രധാന വേഷങ്ങളാണ് ലളിത അവതരിപ്പിച്ചത്.

അക്കാലത്ത് നാടകങ്ങൾ ഇടതുപക്ഷ ആശയങ്ങളുടെ ശക്തമായ പ്രചരണവഴിയായിരുന്നു. ഇങ്ങനെയുള്ള ഇടതു ബന്ധം തന്നെയാണ് ലളിതയ്ക്ക് വടക്കാഞ്ചേരിയിൽ സ്ഥാനാർത്ഥിത്വം നൽകാൻ സിപിഎമ്മിനെ പ്രേരിപ്പിച്ച ഘടകവും. ചാലക്കുടിയിൽ ഇന്നസെന്റിനെ നിർത്തി വിജയിപ്പിച്ച ആത്മവിശ്വാസം തന്നെയാണ് സിപിഐ(എം) കെപിഎസി ലളിതയിലേക്കെത്തിച്ചത്. വടക്കാഞ്ചേരിയിൽ സിഎൻ ബാലകൃഷ്ണനാണ് കോൺഗ്രസിൽ നിന്നുള്ള സിറ്റിങ് എംഎൽഎ. സഹകരണ മന്ത്രിയായ ബാലകൃഷ്ണനെതിരെ തൃശൂരിലെ കോൺഗ്രസിൽ ചേരിതിരിവ് ശക്തമാണ്.

ഇത് മുതലെടുക്കാനാണ് കെപിഎസി ലളിതയെ സിപിഐ(എം) അവതരിപ്പിക്കുന്നത്. ഇന്നസെന്റിന്റെ ഈ നിർദ്ദേശം സിപിഐ(എം) സംസ്ഥാന നേതൃത്വം അംഗീകരിക്കുകയായിരുന്നു. കെപിഎസി ലളിത നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഐ(എം) സ്വതന്ത്ര സ്ഥാനാർത്ഥിയാകും. തൃശൂർ ജില്ലയിലെ വടക്കാഞ്ചേരിയിൽ നിന്നായിരിക്കും ലളിത ജനവിധി തേടുക. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സിപിഎമ്മിന്റെ എൻ.ആർ ബാലനെ 6685 വോട്ടിനാണ് സിഎൻ ബാലകൃഷ്ണൻ തോൽപ്പിച്ചത്. കെപിഎസി ലളിതയിലൂടെ ഈ അന്തരം മറികടക്കാമെന്നാണ് സിപിഐ(എം) പ്രതീക്ഷ.

ചാലക്കുടിയിൽ പിസി ചാക്കോ മത്സരിച്ചതു കൊണ്ടാണ് ഇന്നസെന്റിന് അനുകൂലമായ വികാരം കോൺഗ്രസിനുള്ളിലും എത്തിയത്. സിഎൻ ബാലകൃഷ്ണനെത്തിയാൽ അതേ തരംഗം വടക്കാഞ്ചേരിയിലും ഉണ്ടാകും. എന്നാൽ സിഎൻ ബാലകൃഷ്ണൻ മത്സരിക്കാതിരിക്കാനും സാധ്യതയുണ്ട്. മത്സരത്തിൽ നിന്ന് മാറി നിൽക്കാമെന്ന് ബാലകൃഷ്ണൻ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ഏതായാലും വടക്കഞ്ചേരി സിപിഐ(എം) പക്ഷത്ത് എത്തിക്കാൻ കെപിഎസി ലളിതയ്ക്ക ്കഴിയുമെന്നാണ് നേതൃത്വത്തിന്റെ പ്രതീക്ഷ. കെപിഎസി ലളിതയെ കൊണ്ട് മത്സരത്തിന് സമ്മതിപ്പിച്ചതും ഇന്നസെന്റ് തന്നെയാണ്.

പാർട്ടിയോടുള്ള സ്‌നേഹം കൊണ്ടാണ് മൽസരിക്കാൻ നിൽക്കുന്നത്. കൂടാതെ സ്ത്രീകൾ കൂടുതലായി ഈ രംഗത്ത് വരണം എന്നാണ് ആഗ്രഹിക്കുന്നത്. പാർട്ടി പറഞ്ഞിരിക്കുന്നത് മൽസരിക്കണമെന്നാണ്. പാർട്ടി പറയുന്നത് അനുസരിക്കുമെന്നും കെപിഎസി ലളിത പറഞ്ഞു. സ്ത്രീകൾക്ക് വേണ്ടി എന്തെങ്കിലും ചെയ്യണമെന്നാണ് ആഗ്രഹിക്കുന്നത്. നിലവിൽ അവർ അനുഭവിക്കുന്ന പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ ശ്രമിക്കും. ജയവും തോൽവിയും നേരത്തെ നിശ്ചയിക്കാൻ സാധിക്കില്ല. അഭിനയത്തോടൊപ്പം രാഷ്ട്രീയവും മുന്നോട്ട് കൊണ്ടു പോകാനാണ് ആഗ്രഹമെന്നും കെപിഎസി ലളിത വ്യക്തമാക്കിയിട്ടുണ്ട്.