- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്ലീസ്, ഞങ്ങളുടെ കൃഷി 'അഡ്ജസ്റ്റ്മെന്റ്' ആണെന്ന് പറയരുത്..! നൂറുമേനി വിളവുമായി സിപിഐ(എം) നേതൃത്വം നൽകിയ ജനകീയ ജൈവപച്ചക്കറി കൃഷി; വിപണിയിൽ ഇടപെടാൻ സർക്കാർ തോറ്റ ഓണക്കാലത്ത് ചുവപ്പിൽ നിന്നൊരു ഹരിത വിപ്ലവം
തിരുവനന്തപുരം: കഴിഞ്ഞ കുറെക്കാലമായി പാർട്ടി ഏറ്റെടുത്ത സമരങ്ങളെ ചൊല്ലി പാർട്ടിക്കകത്തും നിന്നും പുറത്ത് നിന്നും വിമർശനശരങ്ങളേറ്റ് പാർട്ടി നേതാക്കൾ അൽപമൊന്ന് പതറയെന്നുള്ളത് നേരാണ്. പാർട്ടിയിൽ നിന്ന് ജനങ്ങൾ അകലുന്നുവെന്ന് മനസിലായതോടെ, ജനങ്ങൾക്കിടയിൽ നിന്ന് ജനങ്ങൾക്കു വേണ്ടി പ്രവർത്തിക്കണമെന്ന പാർട്ടിയുടെ എക്കാലത്തെയും അജണ
തിരുവനന്തപുരം: കഴിഞ്ഞ കുറെക്കാലമായി പാർട്ടി ഏറ്റെടുത്ത സമരങ്ങളെ ചൊല്ലി പാർട്ടിക്കകത്തും നിന്നും പുറത്ത് നിന്നും വിമർശനശരങ്ങളേറ്റ് പാർട്ടി നേതാക്കൾ അൽപമൊന്ന് പതറയെന്നുള്ളത് നേരാണ്. പാർട്ടിയിൽ നിന്ന് ജനങ്ങൾ അകലുന്നുവെന്ന് മനസിലായതോടെ, ജനങ്ങൾക്കിടയിൽ നിന്ന് ജനങ്ങൾക്കു വേണ്ടി പ്രവർത്തിക്കണമെന്ന പാർട്ടിയുടെ എക്കാലത്തെയും അജണ്ട കൂടുതൽ ശക്തിയോടെ പ്രാവർത്തികമാക്കണെന്ന തീരുമാനത്തിലായിരുന്നു പാർട്ടിയും നേതൃത്വവും.
തമിഴ്‌നാട്ടിൽ നിന്നും കർണാടകയിൽ നിന്നും മലയാളികളുടെ അടുക്കളയിലേക്ക് എത്തുന്ന പച്ചക്കറികൾ കൊടിയ വിഷവുമായാണ് എത്തുന്നതെന്ന് മനസിലാക്കിയതോടെയാണ് അടുക്കളത്തോട്ടം എന്ന ആശയം കേരളത്തിൽ സജീവ ചർച്ചയായത്. ഈ ആശയം സിപിഐഎം ഏറ്റെടുത്തതോടെയാണ് ഏരിയാ കമ്മറ്റികളുടെ നേതൃത്വത്തിൽ ജൈവപച്ചക്കറികൃഷി ചെയ്യാൻ തീരുമാനമായത്. ഒരു കാലത്ത് ഏറ്റവും നല്ല കർഷസഖാക്കളുടെ ചെങ്കോട്ടയായിരുന്ന പാർട്ടിക്ക്, ജൈവപച്ചക്കറി കൃഷി തുടക്കത്തിൽ അൽപം അങ്കലാപ്പുണ്ടായെങ്കിലും, ഈ ഓണക്കാലത്ത് നൂറുമേനി വിജയം കൊയ്താണ് ജൈവപച്ചക്കറികൃഷിയിലൂടെ വിഷം തളിച്ച അന്യസംസ്ഥാന പച്ചക്കറികളെ അടുക്കളയിൽ നിന്ന് ഒഴിവാക്കാൻ കഴിഞ്ഞത്.
ലോക്കൽ ഏരിയാ കമ്മറ്റികളുടെ നേതൃത്വത്തിൽ 15 പേരടങ്ങുന്ന കർഷകഗ്രൂപ്പുകളാണ് ആദ്യം ഉണ്ടാക്കിയത്. തരിശായി കിടന്ന ഭൂമി പാട്ടത്തിനെടുത്തും വീടുകളിലും കൃഷി ചെയ്യാനായിരുന്നു നിർദ്ദേശം. കൃഷി വകുപ്പ് ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ കർഷകഗ്രൂപ്പുകൾക്ക് പച്ചകൃഷിക്ക് ആവശ്യമായ വിത്തുകളും വളങ്ങളും നൽകുകയും കൃഷിരീതികളെ പറ്റി ക്ലാസുകൾ നൽകുകയും ചെയ്തു. പാർട്ടിയുടെ നേതൃത്വത്തിൽ സംസ്ഥാനത്ത് ഏറ്റവും മികച്ച രീതിയിൽ പച്ചക്കറി കൃഷി ചെയ്തത് എറണാകുളം ജില്ലയിലാണ്.
പാർട്ടി സെക്രട്ടറി പി.രാജീവായിരുന്നു ജില്ലയിലെ പച്ചക്കറി കൃഷിയുടെ അമരക്കാരൻ. ഒരു ലോക്കലിൽ ആറു ഏക്കറുകളിലാണ് ജില്ലയിൽ കൃഷി ചെയ്തത്. ആകെ 820 ടൺ പച്ചക്കറികൾ ഉൽപാദിപ്പിക്കാനും കഴിഞ്ഞു. 164 സ്റ്റാളുകളിലൂടെയാണ് ജില്ലയിൽ ജൈവപച്ചക്കറി വിപണനത്തിനെത്തിയിരിക്കുന്നത്. ഇൻക്വിലാബിനൊപ്പം ' വിഷരഹിതമായ ഓണസദ്യ' യെന്ന മുദ്രാവാക്യം ജനങ്ങൾ കൂടി ഏറ്റെടുത്തപ്പോൾ പാർട്ടിയുടെ വേറിട്ട വിജയം കൂടിയായി മാറി.
ജൈവപച്ചക്കറി കൃഷി തിരുവനന്തപുരത്തും വെന്നിക്കൊടി പാറിച്ചു. ജില്ലാസെക്രട്ടറി കടകംപള്ളി സുരേന്ദ്രൻ ആയിരുന്നു തിരുവനന്തപുരത്തെ നയിച്ചത്. വീടുകളിലും തരിശുഭൂമികളിലും ജനകീയ ജൈവപച്ചക്കറി കൃഷി വിജയിച്ചതോടെ തമിഴ്‌നാട്ടിൽ നിന്നും കുറഞ്ഞ വിലയ്ക്ക് പച്ചക്കറികൾ വാങ്ങി വൻവിലയ്ക്ക് വിൽക്കുന്ന കരിഞ്ചന്തക്കാർക്കാണ് ജനകീയ പച്ചക്കറി കൃഷി ഇരുട്ടടിയായത്.
ഓണത്തിനോടനുബന്ധിച്ച് റോക്കറ്റ് പോലെ വില ഉയർന്നിരുന്ന പച്ചക്കറിക്ക് കുറഞ്ഞ വിലയ്ക്ക് ജനകീയ ജൈവപച്ചക്കറി സ്റ്റാളുകളിൽ നിന്ന് വാങ്ങാം എന്നതാണ് ഏറ്റവും വലിയ നേട്ടം. കർഷകസംഘം സംസ്ഥാനത്ത് ആരംഭിച്ച 1000ത്തോളം ഔട്ട്‌ലെറ്റുകൾക്ക് മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. കർഷകസംഘങ്ങൾക്ക് ഇനിമുതൽ ടാർജറ്റ് നൽകി കൊണ്ടായിരിക്കും വരും വർഷങ്ങളിൽ ജൈവപച്ചക്കറി കൃഷി നടത്താനാണ് സിപിഐഎം ലക്ഷ്യമിടുന്നതെന്ന് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം വിഗോവിന്ദൻ വ്യക്തമാക്കി.
കർഷകസംഘങ്ങളിൽ നിന്നും സംഭരിക്കുന്ന പച്ചക്കറികൾ പത്തു ശതമാനം മാർജിനിലാണ് സ്റ്റാളുകളിലൂടെ വിൽക്കുന്നത്. ജൈവപച്ചക്കറി എന്ന ആശയം പാർട്ടി ഏറ്റെടുക്കുന്നതിനു മുമ്പ് പച്ചക്കറി കൃഷിയിൽ സ്വയം പര്യാപ്തയിലെത്തിയ പഞ്ചായത്താണ് ആലപ്പുഴയിലെ കഞ്ഞിക്കുഴി. കുടുംബശ്രീ, തൊഴിലുറപ്പ് സംഘങ്ങളെ ഏകോപിപ്പിച്ച് റെജി എന്ന കൃഷി ഓഫീസർ കാട്ടിയ മാതൃക തോമസ് ഐസക് എംഎൽഎ ആലപ്പുഴയുടെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിപ്പിച്ചപ്പോൾ വിഷലിപ്തമായ പച്ചക്കറികളെ ജില്ലയിൽ നിന്ന് തന്നെ തുരത്താൻ പാർട്ടിക്ക് കഴിഞ്ഞു. കറിവേപ്പില മുതൽ ചേന ഉൾപ്പെടെ 48 ഇനങ്ങളാണ് ജില്ലയിൽ കൃഷി ചെയ്തത്. വിളവെടുപ്പ് കഴിഞ്ഞതോടെ ജില്ലയിൽ പ്രവർത്തിക്കുന്ന പച്ചക്കറി സ്റ്റാളുകളിൽ വൻതിരക്കാണ്.
കർഷകസംഘങ്ങളിലൂടെ കൊല്ലം ജില്ലാ കമ്മറ്റിയും ജനകീയരായി. ജില്ലയിലെ കർഷകസംഘത്തിനുള്ള പരാതി ഇതാണ്. സംഘത്തിന്റെ ജൈവപച്ചക്കറി വിപണിക്ക് സർക്കാർ സഹായം ലഭ്യമല്ല. എന്നാൽ, 40 ശതമാനം ഗവ. സബ്‌സിഡി ലഭിക്കുന്ന ഹോർട്ടികോർപ്പ് അന്യസംസ്ഥാനങ്ങളിൽനിന്ന് വാങ്ങുന്ന വിഷപ്പച്ചക്കറി കൂടിയ വിലയ്ക്ക് വിൽക്കുകയാണ്. ഹോർട്ടികോർപ് 40 ശതമാനം ലാഭത്തിൽ വിൽക്കുമ്പോൾ ജനകീയ പച്ചക്കറിസ്റ്റാളുകൾ 10 ശതമാനം ലാഭത്തിലാണ് പച്ചക്കറികൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്നത്. സംസ്ഥാനത്തുടനീളമുള്ള ജൈവപച്ചക്കറി സ്റ്റാളുകളിൽ ഒരേനിരക്കിലാണ് വിൽപന. മറ്റു ജില്ലകളും ജനകീയ ജൈവപച്ചക്കറി കൃഷിയെ ഏറ്റെടുത്തതോടെ ഈ ഓണക്കാലത്ത് തന്നെ വിഷമയമല്ലാത്ത പച്ചക്കറികൾ കൊണ്ട് ഒരു ഓണസദ്യയെന്ന പാർട്ടിയുടെ ആശയം പ്രാവർത്തികമായെന്ന ചാരിതാർഥ്യത്തിലാണ് പാർട്ടിയും സഖാക്കന്മാരും.
അരുവിക്കര തിരഞ്ഞെടുപ്പിൽ പാർട്ടി എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിച്ചിട്ടും ഫലമുണ്ടായില്ലെങ്കിലും ജനകീയ ജൈവപച്ചക്കറി കൃഷിയിൽ ശരിക്കും പാർട്ടിയും സഖാക്കളും എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിച്ചതിന്റെ ഫലമാണ് ' വിഭാഗീയതയില്ലാത്ത ഈ ജൈവപച്ചക്കറി കൃഷിയുടെ വിജയം '. ഉറവിട മാലിന്യ സംസ്‌ക്കരണ പദ്ധതികൾക്കു പിന്നാലെയാണ് സിപിഐ(എം) പച്ചക്കറി കൃഷി രംഗത്തേക്ക് ഇറങ്ങിയത്. പാർട്ടിക്ക് സ്വന്തമായുള്ള റെഡ് വാളന്റിയർമാരെ ജനകീയപ്രശ്‌നങ്ങളിൽ സജീവമാക്കണമെന്ന് കേന്ദ്ര-സംസ്ഥാനകമ്മറ്റികളിൽ സജീവചർച്ചയായതോടെയാണ് പച്ചക്കറി കൃഷി എന്ന ആശയം ഉയർന്നു വന്നത്. ജൈവപച്ചക്കറി കൃഷി, പ്രിസിഷൻ ഫാമിങ്, പോളിഹൗസ് ഫാമിങ് എന്നിവയിലൂടെ ജനകീയ ജൈവപച്ചക്കറി കൃഷി ഭാവിയിൽ വിപുലമാക്കാനാണ് പാർട്ടി തീരുമാനം. കഞ്ഞിക്കുഴിയിലെ ജൈവപച്ചക്കറി കൃഷിയാണ് മാതൃകയാക്കി സംസ്്ഥാനവ്യാപകമായി സിപിഐഎം നടത്തുന്ന കൃഷിയുടെ ചുമതല തോമസ് ഐസക് എംഎൽഎയ്ക്കാണ്. ജനകീയ ജൈവപച്ചകറി കൃഷി വ്യാപിപ്പിക്കുന്നതിലൂടെ അൽപം രാഷ്ട്രീയലക്ഷ്യവും ഇതിനു പിന്നിലുണ്ട്. വരുന്ന തദ്ദേശ സ്വയംഭരണ-നിയമസഭ തെരഞ്ഞെടുപ്പിനു മുൻപു പാർട്ടിയെ ജനകീയ ബ്രാൻഡായി അവതരിപ്പിക്കുകയാണു ലക്ഷ്യം.