- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിപിഐ(എം) പച്ചക്കറി വിപ്ലവം കേരളത്തിന്റെ ഭൂമിശാസ്ത്രം മാറ്റി എഴുതുമോ? പച്ചക്കറി ഉൽപാദനം ഇരട്ടിയായി; മഹാഭൂരിപക്ഷവും വിഷം തളിക്കാത്തവ; മലയാളിയെ വിഷം തീറ്റിച്ച തമിഴ്‌നാട്ടിലെ കർഷകർ നട്ടം തിരിയുന്നു
തിരുവനന്തപുരം: ഓണനാളുകളിൽ സിപിഐ(എം) ഏറ്റെടുത്ത പച്ചക്കറി വിപ്ലവം ഫലം കാണുന്നുവെന്ന് സൂചന. ആഘോഷനാളിൽ മലയാളായി കഴിച്ചതിലേറെയും വിഷമില്ലാത്ത പച്ചക്കറി തന്നെയെന്നാണ് സൂചന. അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള വിഷപ്പച്ചക്കറിക്ക് എതിരായ ബോധവൽക്കരണം കൂടുതൽ വിജയമാകുന്നു. വിഷയം സിപിഐ(എം) കൂടി ഏറ്റെടുത്തതോടെ പദ്ധതി ഫലം കണ്ടു. ഈ വർഷം സംസ്ഥാനത്തെ
തിരുവനന്തപുരം: ഓണനാളുകളിൽ സിപിഐ(എം) ഏറ്റെടുത്ത പച്ചക്കറി വിപ്ലവം ഫലം കാണുന്നുവെന്ന് സൂചന. ആഘോഷനാളിൽ മലയാളായി കഴിച്ചതിലേറെയും വിഷമില്ലാത്ത പച്ചക്കറി തന്നെയെന്നാണ് സൂചന. അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള വിഷപ്പച്ചക്കറിക്ക് എതിരായ ബോധവൽക്കരണം കൂടുതൽ വിജയമാകുന്നു. വിഷയം സിപിഐ(എം) കൂടി ഏറ്റെടുത്തതോടെ പദ്ധതി ഫലം കണ്ടു. ഈ വർഷം സംസ്ഥാനത്തെ പച്ചക്കറി ഉൽപ്പാദനം 19 ലക്ഷം ടൺ കവിയുമെന്നാണ് കൃഷിവകുപ്പിന്റെ കണക്ക്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് നാലു ലക്ഷം ടൺ വർധനയാണ് പ്രതീക്ഷ. കഴിഞ്ഞ വർഷം ഉൽപ്പാദനം 15 ലക്ഷം മെട്രിക് ടണ്ണായിരുന്നു.
തമിഴ്‌നാട്ടിൽ നിന്നും കർണാടകയിൽ നിന്നും മലയാളികളുടെ അടുക്കളയിലേക്ക് എത്തുന്ന പച്ചക്കറികൾ കൊടിയ വിഷവുമായാണ് എത്തുന്നതെന്ന് മനസിലാക്കിയതോടെയാണ് അടുക്കളത്തോട്ടം എന്ന ആശയം കേരളത്തിൽ സജീവ ചർച്ചയായത്. ഈ ആശയം സിപിഐഎം ഏറ്റെടുത്തതോടെയാണ് ഏരിയാ കമ്മറ്റികളുടെ നേതൃത്വത്തിൽ ജൈവപച്ചക്കറികൃഷി ചെയ്യാൻ തീരുമാനമായത്. ഒരു കാലത്ത് ഏറ്റവും നല്ല കർഷസഖാക്കളുടെ ചെങ്കോട്ടയായിരുന്ന പാർട്ടിക്ക്, ജൈവപച്ചക്കറി കൃഷി തുടക്കത്തിൽ അൽപം അങ്കലാപ്പുണ്ടായെങ്കിലും, ഈ ഓണക്കാലത്ത് നൂറുമേനി വിജയം കൊയ്താണ് ജൈവപച്ചക്കറികൃഷിയിലൂടെ വിഷം തളിച്ച അന്യസംസ്ഥാന പച്ചക്കറികളെ അടുക്കളയിൽ നിന്ന് ഒഴിവാക്കാൻ കഴിഞ്ഞത്. ഇതോടെ പ്രതിസന്ധിയിലാകുന്നത് തമിഴ്‌നാട്ടിലെ കർഷകരാണ്. കേരളത്തിലേക്കുള്ള പച്ചക്കറികൾ കുറഞ്ഞതോടെ അവിടെ കർഷകർ നട്ടം തിരിയുകയാണ്.
ലോക്കൽ ഏരിയാ കമ്മറ്റികളുടെ നേതൃത്വത്തിൽ 15 പേരടങ്ങുന്ന കർഷകഗ്രൂപ്പുകളാണ് ആദ്യം ഉണ്ടാക്കിയത്. തരിശായി കിടന്ന ഭൂമി പാട്ടത്തിനെടുത്തും വീടുകളിലും കൃഷി ചെയ്യാനായിരുന്നു നിർദ്ദേശം. കൃഷി വകുപ്പ് ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ കർഷകഗ്രൂപ്പുകൾക്ക് പച്ചകൃഷിക്ക് ആവശ്യമായ വിത്തുകളും വളങ്ങളും നൽകുകയും കൃഷിരീതികളെ പറ്റി ക്ലാസുകൾ നൽകുകയും ചെയ്തു. പാർട്ടിയുടെ നേതൃത്വത്തിൽ സംസ്ഥാനത്ത് ഏറ്റവും മികച്ച രീതിയിൽ പച്ചക്കറി കൃഷി ചെയ്തത് എറണാകുളം ജില്ലയിലാണ്. ജൈവപച്ചക്കറി കൃഷി തിരുവനന്തപുരത്തും വെന്നിക്കൊടി പാറിച്ചു. ജില്ലാസെക്രട്ടറി കടകംപള്ളി സുരേന്ദ്രൻ ആയിരുന്നു തിരുവനന്തപുരത്തെ നയിച്ചത്. വീടുകളിലും തരിശുഭൂമികളിലും ജനകീയ ജൈവപച്ചക്കറി കൃഷി വിജയിച്ചതോടെ തമിഴ്‌നാട്ടിൽ നിന്നും കുറഞ്ഞ വിലയ്ക്ക് പച്ചക്കറികൾ വാങ്ങി വൻവിലയ്ക്ക് വിൽക്കുന്ന കരിഞ്ചന്തക്കാർക്കാണ് ജനകീയ പച്ചക്കറി കൃഷി ഇരുട്ടടിയായത്. ഏതായാലും ഇത് വലിയ മാറ്റമുണ്ടാക്കിയെന്നാണ് കൃഷി വകുപ്പിന്റെ കണക്കുകളും വ്യക്തമാക്കുന്നത്.
കീടനാശിനി പൂർണമായും ഒഴിവാക്കിക്കൊണ്ടുള്ള കൃഷിയാണ് നടക്കുന്നത്. സിപിഐ(എം) സഖാക്കളുടെ കടന്നുവരവ് തന്നെയാണ് ഈ മുന്നേറ്റത്തിന് കാരണം. പാർട്ടി പ്രഖ്യാപനത്തിന്റെ ആവേശം മലയാളിക്ക് അങ്ങനെ തുണയാവുകയാണ്. സിപിഐ(എം) ആഹ്വാനം സാധാരണക്കാരും ഏറ്റംടുത്തു. ഇതോടെ പച്ചക്കറി കൃഷി ഹിറ്റായി. വീടുകളിലെ കൃഷിക്കാണ് ആവേശം ഏറെയും. ഗ്രോബാഗുകൾ വാങ്ങിച്ച് കൃഷി ചെയ്യുന്നതിന് വലിയ താൽപ്പര്യമാണ് വീടുകളിൽനിന്ന് കാണുന്നത്. കഴിഞ്ഞ വർഷം 7.08 ലക്ഷം ഗ്രോബാഗുകളാണ് കൃഷിവകുപ്പ് മാത്രം നൽകിയത്. ഈ വർഷം ഇത്രയും പ്രതീക്ഷിച്ചാണ് വകുപ്പ് ഒരുക്കങ്ങൾ നടത്തിയതെങ്കിലും അതിനെ മറികടക്കുന്നതായി പ്രതികരണം. ഇതിനൊപ്പമാണ് സിപിഐ(എം) നൽകിയ പച്ചക്കറി കിറ്റുകളും മലയാളി ഇരു കൈയും നീട്ടി സ്വീകരിച്ചത്. പുറമേ ഒഴിഞ്ഞ പാടങ്ങളിലും സിപിഐ(എം) കൃഷിയെത്തിച്ചു.
ഗ്രോബാഗുകൾക്ക് ഇപ്പോൾ ആവശ്യക്കാർ ഏറെയാണ്. 14 ലക്ഷം ബാഗുകളാണ് ഇക്കുറി ആവശ്യപ്പെടുന്നത്. ഒരു യൂണിറ്റിൽ 25 ബാഗുകളാണുള്ളത്. കൃഷിവകുപ്പ് 2500 രൂപ വരുന്ന ഈ യൂണിറ്റ് 500 രൂപയ്ക്കാണ് നൽകുന്നത്. അടുത്ത വർഷം ജനകീയാസൂത്രണം വഴിയും ഇത് നൽകാൻ പദ്ധതിയുണ്ട്. കഴിഞ്ഞ വർഷം വീടുകളിൽനിന്ന് മാത്രം ഉൽപ്പാദിപ്പിച്ച പച്ചക്കറി 2.45 ലക്ഷം മെട്രിക് ടണ്ണായിരുന്നു. ഇക്കുറി അത് നാല് ലക്ഷം മെട്രിക് ടണ്ണാകും എന്നാണ് പ്രതീക്ഷിക്കുന്നത്. പാലക്കാടാണ് കഴിഞ്ഞ വർഷം മൊത്തം പച്ചക്കറി ഉൽപ്പാദനത്തിൽ മുന്നിൽ വന്നത് 2.60 ലക്ഷം മെട്രിക് ടൺ. രണ്ടാമത് ഇടുക്കിയായിരുന്നു 1.60 ലക്ഷം മെട്രിക് ടൺ. ഈ കൊല്ലം കൃഷിവകുപ്പിൽ രജിസ്റ്റർ ചെയ്യാതെ സ്വന്തം നിലയിൽ നടത്തുന്ന ജൈവപച്ചക്കറി കൃഷിക്കൂട്ടങ്ങൾ കൂടി വിളവെടുക്കുമ്പോൾ വലിയ നേട്ടമാണ് പ്രതീക്ഷിക്കുന്നത്. ഇതോടെ വരവ് പച്ചക്കറി 50 ശതമാനംകണ്ട് കുറയും എന്നാണ് വിലയിരുത്തുന്നത്. ഇപ്പോൾ 30 ശതമാനം വരെയാണ് വരവ് പച്ചക്കറി കുറഞ്ഞത്.
ഓണത്തിനോടനുബന്ധിച്ച് റോക്കറ്റ് പോലെ വില ഉയർന്നിരുന്ന പച്ചക്കറിക്ക് കുറഞ്ഞ വിലയ്ക്ക് സിപിഎമ്മിന്റെ ജനകീയ ജൈവപച്ചക്കറി സ്റ്റാളുകളിൽ നിന്ന് വാങ്ങാം എന്നതും നേട്ടമായി. കർഷകസംഘം സംസ്ഥാനത്ത് ആരംഭിച്ച 1000ത്തോളം ഔട്ട്‌ലെറ്റുകൾക്ക് മികച്ച പ്രതികരണമാണ് ലഭിച്ചു. കർഷകസംഘങ്ങളിൽ നിന്നും സംഭരിക്കുന്ന പച്ചക്കറികൾ പത്തു ശതമാനം മാർജിനിലാണ് സ്റ്റാളുകളിലൂടെ വിൽക്കുന്നത്. ജൈവപച്ചക്കറി എന്ന ആശയം പാർട്ടി ഏറ്റെടുക്കുന്നതിനു മുമ്പ് പച്ചക്കറി കൃഷിയിൽ സ്വയം പര്യാപ്തയിലെത്തിയ പഞ്ചായത്താണ് ആലപ്പുഴയിലെ കഞ്ഞിക്കുഴി. കുടുംബശ്രീ, തൊഴിലുറപ്പ് സംഘങ്ങളെ ഏകോപിപ്പിച്ച് റെജി എന്ന കൃഷി ഓഫീസർ കാട്ടിയ മാതൃക തോമസ് ഐസക് എംഎ!ൽഎ ആലപ്പുഴയുടെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിപ്പിച്ചപ്പോൾ വിഷലിപ്തമായ പച്ചക്കറികളെ ജില്ലയിൽ നിന്ന് തന്നെ തുരത്താൻ പാർട്ടിക്ക് കഴിഞ്ഞു. കറിവേപ്പില മുതൽ ചേന ഉൾപ്പെടെ 48 ഇനങ്ങളാണ് ജില്ലയിൽ കൃഷി ചെയ്തത്. ഈ മാതൃകയാണ് മറ്റ് ജില്ലകളിലേക്ക് സിപിഐ(എം) വ്യാപിപ്പിച്ചതും വിജയിപ്പിച്ചതും.
ജൈവപച്ചക്കറി കൃഷി, പ്രിസിഷൻ ഫാമിങ്, പോളിഹൗസ് ഫാമിങ് എന്നിവയിലൂടെ ജനകീയ ജൈവപച്ചക്കറി കൃഷി ഭാവിയിൽ വിപുലമാക്കാനാണ് പാർട്ടി തീരുമാനം. കഞ്ഞിക്കുഴിയിലെ ജൈവപച്ചക്കറി കൃഷിയാണ് മാതൃകയാക്കി സംസ്്ഥാനവ്യാപകമായി സിപിഐഎം നടത്തുന്ന കൃഷിയുടെ ചുമതല തോമസ് ഐസക് എംഎൽഎയ്ക്കാണ്. ജനകീയ ജൈവപച്ചകറി കൃഷി വ്യാപിപ്പിക്കുന്നതിലൂടെ അൽപം രാഷ്ട്രീയലക്ഷ്യവും ഇതിനു പിന്നിലുണ്ട്. വരുന്ന തദ്ദേശ സ്വയംഭരണനിയമസഭ തെരഞ്ഞെടുപ്പിനു മുൻപു പാർട്ടിയെ ജനകീയ ബ്രാൻഡായി അവതരിപ്പിക്കുകയാണു പാർട്ടിയുടെ ലക്ഷ്യം.
അതേസമയം സംസ്ഥാന സർക്കാർ പോലും പരാജയപ്പെട്ടിടത്താണ് സിപിഐ(എം) വിജയഗാഥ കുറിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. സംസ്ഥാനത്ത് കഞ്ഞിക്കുഴിയിൽ ഉൽപ്പാദിപ്പിക്കുന്ന ജൈവപച്ചക്കറി വിൽക്കാൻ സാധിക്കാതെ കർഷകർ വലയുന്ന സ്ഥിതിയാണ് നിലവിൽ ഉള്ളത്. ടൺ കണക്കിന് പച്ചക്കറിയാണ് തോട്ടങ്ങളിൽ കെട്ടിക്കിടക്കുന്നത്.പച്ചക്കറികൾ സംഭരിക്കേണ്ട സർക്കാർ ഏജൻസികളും ഇവിടേക്ക് തിരിഞ്ഞു നോക്കാത്ത അവസ്ഥയിലാണ്.
ഇവിടെ ഉൽപ്പാദിപ്പിക്കുന് പച്ചക്കറി രണ്ട് ദിവസം കഴിയും തോറും വിളവെടുക്കുമെങ്കിലും അത് തുച്ഛമായ വിലയ്ക്ക് വിറ്റൊഴിവാക്കേണ്ട അവസ്ഥയാണ് നിലവിലുള്ളത്. ഇവിടുത്തെ കർഷകർ സർക്കാർ ഏജൻസികളെ സമീപിച്ചെങ്കിലും അവരും മുഖം തിരിക്കുന്ന അവസ്ഥയാണ് ഉണ്ടായത്. ഇങ്ങനെയുള്ള സാഹചര്യത്തിലാണ് ജൈവപച്ചക്കറി ഉൽപ്പാദിപ്പിക്കുന്നതിനൊപ്പം അതിന് വിപണി കണ്ടെത്താനും സിപിഐ(എം) ഇടപെടൽ നടത്തുന്നത് എന്നത് ശ്രദ്ധേയമാണ്. സിപിഎമ്മിന്റെ ഹരിതവിപ്ലവമായി തന്നെയാണ് ഈ മൂവ്‌മെന്റിനെ കേരളം നോക്കിക്കാണുന്നത്.