തിരുവനന്തപുരം: ലോ അക്കാദമി വിഷയത്തിൽ സിപിഐ(എം)-സിപിഐ തർക്കം മുറുകുന്നതിനിടെ മുഖ്യമന്ത്രി പിണറായി വിജയനെ കടന്നാക്രമിച്ച് സിപിഐ മുഖപത്രം ജനയുഗം രംഗത്ത്. പത്രത്തിന്റെ എഡിറ്റ് പേജിൽ എഴുതിയ രണ്ട് ലേഖനങ്ങളിലൂടെയാണ് മുഖ്യമന്ത്രിയെ സിപിഐ ആക്രമിക്കുന്നത്. മുഖ്യമന്ത്രിക്ക് പുറമേ വിദ്യാഭ്യാസമന്ത്രിയും കടുത്ത വിമർശനങ്ങളാണ് ലേഖനങ്ങളിൽ ഉള്ളത്.നേരിടുന്നത്.

സിപിഐ സംസ്ഥാന കൗൺസിൽ അംഗമായ വി.പി ഉണ്ണിക്കൃഷ്ണൻ എഴുതിയ ഏതോ ഒരു പിള്ളയല്ല പിഎസ് നടരാജപിള്ള എന്ന തലക്കെട്ടിലാണ് ഒരു ലേഖനം ആരംഭിക്കുന്നത്. ഈ ലേഖനത്തിൽ സർക്കാരിനെതിരെ നിരവധി ചോദ്യങ്ങളാണ് ഉയർത്തുന്നത്. വാതിൽപ്പഴുതിലൂടെ എന്ന കോളത്തിൽ ദേവിക എഴുതിയ സർ സിപി ചെയ്തതെല്ലാം ശരിയെങ്കിൽ പുന്നപ്ര വയലാർ രക്തസാക്ഷികൾ എന്ന ലേഖനത്തിൽ മുഖ്യമന്ത്രിയെ ആണ് ലക്ഷ്യം വച്ചിരിക്കുന്നത്.

ഭൂമി നൽകിയത് സർക്കാരിന് അധികാരമുള്ള ട്രസ്റ്റിന്. ഇന്ന് കുടുംബത്തിന്റെ കാൽക്കീഴിൽ. ഇതിനെ പിന്തുണയ്ക്കുന്നത് പൊതു സമൂഹത്തോടുള്ള പാതകം എന്ന് ഉത്തരവാദപ്പെട്ടവർ തിരിച്ചറിഞ്ഞില്ലെങ്കിൽ ചരിത്രം പുച്ഛിക്കുമെന്നാണ് ദേവിക എഴുതിയ ലേഖനത്തിന്റെ തുടക്കം.സി പി രാമസ്വാമി അയ്യർ ഏറ്റെടുത്ത ഏതോ ഒരു പിള്ളയുടെ ഭൂമിയെക്കുറിച്ച് ഇനി പരിശോധനയുമില്ലെന്ന് പറയുന്ന മഹാരഥന്മാർ ഈ ചരിത്രപാഠം അറിയേണ്ടതാണ്. ഗവർണറും മുഖ്യമന്ത്രിയും മന്ത്രിമാരും വകുപ്പ് സെക്രട്ടറിമാരും ന്യായാധിപരുമില്ലാത്ത ട്രസ്റ്റ് സൃഷ്ടിക്കപ്പെട്ടതിന്റെ പിന്നിൽ പ്രവർത്തിച്ച കറുത്ത കരങ്ങൾ ഏതെന്ന് പൊതുസമൂഹത്തിന് അറിയാൻ അർഹതയില്ലേ...? എന്നും ലേഖനത്തിൽ ചോദിക്കുന്നു.

ഭൂമി പാട്ടക്കരാറിൽ കലാലയത്തിനായി നൽകുമ്പോഴുള്ള എല്ലാ വ്യവസ്ഥകളും ധാർഷ്ട്യത്തോടെ ലംഘിച്ചിരിക്കുന്നുവെന്ന് വ്യക്തം. എന്നിട്ടും ഏതോ, ഒരു പിള്ള, സി പി രാമസ്വാമി അയ്യർ എന്നൊക്കെ പറഞ്ഞ് അപഹാസ്യമാകുന്നതെന്തിന്?. ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചെന്ന് വിദ്യാർത്ഥികൾ പരാതി നൽകിയിട്ടും കേസ് രജിസ്റ്റർ ചെയ്യുന്നതിന് അമാന്തമെന്തിന്? കേസ് എടുക്കുവാൻ നിർബന്ധിതമായതിനുശേഷം അറസ്റ്റ് ചെയ്യുവാൻ മടിക്കുന്നതെന്തിന്? വനിതാ ഹോസ്റ്റലിലെ കുളിമുറികളിൽ ക്യാമറ സ്ഥാപിച്ചതെന്തിന്? കുറ്റങ്ങൾ ഏറ്റുപറഞ്ഞിട്ടും പ്രിൻസിപ്പാലിന്റെ രാജിക്കുവേണ്ടി നിലകൊള്ളാതെ മുഖംമൂടിയണിഞ്ഞ് സമരത്തിൽ നിന്ന് പിന്മാറി മാനേജ്‌മെന്റിന്റെ അഭിഭാഷകരായി വേഷം മാറുന്നതെന്തുകൊണ്ട്? സർവകലാശാല ചട്ടങ്ങളും നിയമങ്ങളും നഗ്‌നമായി ലംഘിച്ചവർക്കെതിരെ സർവകലാശാലാ ഭരണാധികാരികൾ നിഷ്‌ക്രിയരും നിസ്സംഗരുമാവുന്നതെന്തുകൊണ്ട്? എന്നിങ്ങനെയുള്ള ചോദ്യങ്ങളും ലേഖനത്തിലുണ്ട്.

'ഏതോ ഒരു പിള്ളയുടെ' ഭൂമി സർ സിപിയാണ് ഏറ്റെടുത്തതെന്നും കഴിഞ്ഞ സർക്കാരുകൾക്കൊന്നും അതിൽ പങ്കില്ലെന്നുമാണ് പണറായി പറഞ്ഞതെന്ന് വ്യക്തമാക്കിയാണ് ദേവികയുടെ കോളം തുടങ്ങുന്നത്. അവിഭക്ത കമ്യൂണിസ്റ്റു പാർട്ടിയുടെ പിന്തുണയോടെ തിരുവനന്തപുരത്ത് നിന്നും ലോക്‌സഭയിലേക്ക് വിജയിച്ചയാളാണ് ഈ 'ഏതോ ഒരു പിള്ള' യെന്നോർക്കുക, ഇപ്പോൾ ലോ അക്കാദമി സ്ഥിതി ചെയ്യുന്നതടക്കം ഏക്കർ കണക്കിനു ഭൂമിയും അതിനുള്ളിലെ ബംഗ്ലാവും സർ സി പി രാമസ്വാമി അയ്യർ പിടിച്ചെടുത്തത് അദ്ദേഹം വിജയ്മല്യയെപ്പോലെ ബാങ്കു വായ്പ തട്ടിപ്പു നടത്തിയതിന്റെ പേരിലല്ല.സി.പിയുടെ ദിവാൻ ഭരണത്തിനും രാജവാഴ്ചയ്ക്കുമെതിരേ പടയോട്ടം നടത്തിയതിന്റെ പകപോക്കലായിരുന്നു ആ പിടിച്ചെടുക്കൽ. സർ സി പി മുതൽ പിണറായി വരെ നയിക്കുന്ന ഭരണകൂടങ്ങളെല്ലാം ചങ്ങലക്കണ്ണികൾ പോലുള്ള തുടർച്ചയാണ്. അതുകൊണ്ട് തന്നെയാണ് സി പി പിടിച്ചെടുത്ത ഭൂമി സർക്കാർ ഭൂമിയായത്. തനിക്ക് ആ ഭൂമി തിരിച്ചുവേണ്ടെന്ന് ദരിദ്രനായി അന്ത്യശ്വാസം വലിച്ച നടരാജപിള്ളസാർ ഭൂമി തിരിച്ചേൽപ്പിച്ച ഉത്തരവിനോട് പ്രതികരിച്ചതും ചരിത്രം.

ദിവാൻ സർ സി പി പിടിച്ചെടുത്ത ഭൂമിയിൽ പിന്നീട് വന്ന സർക്കാരുകൾക്ക് ഒരു കാര്യവുമില്ലെന്ന് പറയുമ്പോൾ ആ വാക്കുകളിൽ പൂഴ്ന്നു കിടക്കുന്ന സംഗതമായ ചോദ്യങ്ങളുണ്ട്. ദിവാൻഭരണത്തിനും രാജവാഴ്ചയ്ക്കുമെതിരെ പടയണി തീർത്തതിന്റെ പേരിൽ നടരാജപിള്ള സാറിന്റെ ഭൂമി കണ്ടുകെട്ടിയ നടപടി ശരിയായിരുന്നോ? സി പിയുടെ തേർവാഴ്ചകൾ ശരിയാണെങ്കിൽ ദിവാൻ ഭരണത്തിനെതിരേ വാരിക്കുന്തവുമായി പോരിനിറങ്ങി രക്തഗംഗാതടങ്ങൾ തീർത്ത് രക്തസാക്ഷികളായ ത്യാഗോദാരരായ പുന്നപ്രവയലാർ സമരധീരന്മാരെ കൊടും ക്രിമിനലുകളായി മുദ്രകുത്തുമോ? എന്നിങ്ങനെയും ചോദിക്കുന്നു. ചരിത്രം ചമച്ച ധീരരക്തസാക്ഷികളെ മറന്നും ചരിത്ര പുരുഷന്മാരെ ഏതോഒരാളെന്നും വിശേഷിപ്പിക്കുന്നതിൽ വിപ്ലവ കേരളത്തിന് മഹാദുഃഖമുണ്ട്. ആ ദുഃഖത്തിന് നീതിനിരാസത്തിൽ നിന്നു പടരുന്ന രോഷത്തിന്റെ അലുക്കുകളുണ്ട്.

സിപിയുടെ തെറ്റുതിരുത്തില്ലെന്ന ചിലരുടെ വാശിയെ അപലപനീയവും ഗർഹണീയവുമായാണ് പൊതു സമൂഹം കാണുന്നത്. സമരം തീർക്കാൻ ബാധ്യസ്ഥനായ വിദ്യാഭ്യാസ മന്ത്രിയാകട്ടെ സമരസമിതിനേതാക്കളായ വിദ്യാർത്ഥികളുടെയും മാനേജ്‌മെന്റിന്റെയും യോഗത്തിൽ കൈക്കൊണ്ട നിലപാട് മാനേജ്‌മെന്റിന്റെയും ഒറ്റുകാരായ എസ്എഫ്‌ഐയുടെയും മെഗഫോൺ പോലെയായതും നിർഭാഗ്യകരം. നിയമ കലാലയം സർക്കാർ നിയന്ത്രണത്തോടെ നടത്താൻ നൽകിയ ഭൂമി ഒരു തറവാട്ടുസ്വത്താക്കുക, അതിന്റെ ഒരരകിൽ ഒരു നിയമവിരുദ്ധ കലാലയം സ്ഥാപിക്കുക, ബാക്കി ഭൂമിയിൽ തറവാടുഭവനങ്ങൾ പണിയുക പിന്നെ വില്ലാശിപായി നാണുപിള്ള സ്മാരക തട്ടുകട, പാർവത്യാർ പപ്പുപിള്ള വിലാസം പുട്ടുകട, ലക്ഷ്മിക്കുട്ടി വിലാസം പാചകസർവകലാശാല, കൈരളി ബ്യൂട്ടി പാർലർ ആൻഡ് തിരുമൽ കേന്ദ്രം എന്നിവ തുടങ്ങുക ഇതെല്ലാം അനുവദിക്കാൻ കേരളമെന്താ ഒരു ബനാനാ റിപ്പബ്ലിക് ആണോയെന്നും ചോദിക്കുന്നു.

എസ്എഫ്‌ഐ ഒഴികെയുള്ള വിദ്യാർത്ഥി സംഘടനകളെല്ലാം സമരരംഗത്ത് ആവേശം വിതറി ഉറച്ചു നിൽക്കുകയും ഒന്നൊഴികെ എല്ലാ രാഷ്ട്രീയ കക്ഷികളും പൊതുസമൂഹവും ഈ ധർമസമരത്തിന് പിന്തുണ നൽകുകയും ചെയ്യുമ്പോൾ ആരും ബിജെപിയുടെ കെണിയിൽ വീഴരുതെന്നാണ് ഒരു നേതാവിന്റെ സാരോപദേശം. അതായത് എല്ലാപേരും ഇങ്ങോട്ട് വരിക, തങ്ങൾ തീർത്ത കെണിയിലും വാരിക്കുഴിയിലും വീഴുക എന്ന ആഹ്വാനത്തിന് എന്തൊരു വാചികചന്തം!'ഞാനും ഞാനും എന്റെ നാൽപതുപേരും' എന്ന ഒരു മാടമ്പി കുടുംബത്തിന്റെ പൂമരപ്പാട്ടിനൊത്തു താളം തുള്ളുന്നവർ കാലത്തിനും സമൂഹത്തിനും മുന്നിൽ കഥാവശേഷരാകുമെന്നോർക്കുക. ചരിത്രത്തിന്റെ പാഠങ്ങൾ ഉൾക്കൊള്ളാത്തവർക്കുവേണ്ടി ചരിത്രത്തിന്റെ തന്നെ {{ചവറ്റുകുട്ടകൾ}} കാത്തിരിക്കുന്നുവെന്നും ആരും മറക്കരുതെന്ന് ഓർമിപ്പിച്ചാണ് ദേവികയുടെ കോളം അവസാനിക്കുന്നത്.