തിരുവനന്തപുരം: സിപിഐ(എം) നേതാവും തൃപ്പുണ്ണിത്തുറ എംഎൽഎയുമായ എം. സ്വരാജിനെ രൂക്ഷമായി വിമർശിച്ച് സിപിഐ മുഖപത്രമായ ജനയുഗം.

ചരിത്രമറിയാത്ത കമ്യൂണിസ്റ്റ് ഗർദ്ദഭത്തിന് ബുദ്ധി മുളച്ചില്ലെങ്കിൽ തലയിൽ തക്കാളികൃഷി നടത്തുന്നതാണ് നല്ലതെന്ന് ജനയുഗത്തിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ പരിഹസിക്കുന്നു. കഴിഞ്ഞ കുറച്ച് ദിവസമായി സ്വരാജും സിപിഐയും തമ്മിൽ ശീതയുദ്ധം തുടരുകയാണ്. മലപ്പുറത്ത് നിന്നുൂം തൃശ്ശൂർ വരെ യാത്ര ചെയ്യേണ്ടി വന്നു ഒരു സിപിഐക്കാരനെ കാണാൻ എന്ന സ്വരാജിന്റെ പ്രസ്താവനയാണ് പ്രശ്‌നങ്ങൾക്ക് തുടക്കമായത്. സിപഎം വിട്ട് പുറത്ത് വരുന്നവർക്ക് ഇനിയും സിപിഐയിൽ അംഗത്വം നൽകുമെന്ന് സിപിഐയുടെ ജില്ലാ നേതൃത്വം പ്രഖ്യാപിച്ചിരുന്നു. ഇതിൽ പ്രതികരിച്ച് സിപിഐയെ പരിഹസിച്ച സ്വരാജിനെതിരെ രൂക്ഷ വിമർശനവുമായി സിപിഐയുടെ നിയമസഭാംഗങ്ങൾ ഉൾപ്പടെ രംഗത്ത് വന്നിരുന്നു.

കമ്യൂണിസത്തെക്കുറിച്ച് ഈ അസുരവിത്ത് ഗ്വാ ഗ്വാ വിളിക്കുന്നത്, കുങ്കുമത്തിന്റെ ഗന്ധമറിയാതെ കഴുത കുങ്കുമം ചുമക്കുന്നതിന് സമാനമാണെന്നും ലേഖനം പറയുന്നു. സിപിഐയുടെ ചെങ്കൊടിയെ പീറത്തുണിയെന്ന് വിളിച്ച ഇദ്ദേഹത്തിന്റെ പൂർവ്വ ചരിത്രം ഇതിഹാസ തുല്യമാണെന്നും മാദ്ധ്യമ പ്രവർത്തകരെ പിതൃശൂന്യരെന്ന് വിളിച്ച ആളാണിദ്ദേഹമെന്നും സ്വരാജിന്റെ പേരെടുത്തു പറയാതെ ലേഖനം വിമർശിക്കുന്നു. ഒരു ജനപ്രതിനിധിക്ക് ചേരുന്ന രീതിയിലല്ല സ്വരാജിന്റെ പെരുമാറ്റമെന്നും നേരത്തെ സിപിഐ നേതാക്കൾ ആരോപിച്ചിരുന്നു.

തിരുവനന്തപുരത്ത് നടന്ന സിപിഎമ്മിന്റെ സംസ്ഥാന സമ്മേളത്തിൽ വിഎസിനെ ക്യാപ്പിറ്റൽ പണിഷ്‌മെന്റ് ശിക്ഷ നൽകണമെന്ന സ്വരാജിന്റെ പരാമർശത്തെക്കുറിച്ചും ലേഖനത്തിൽ പരാമർശിക്കുന്നു.വി എസ് അച്യുതാനന്തന്റെ തല വെട്ടി ഉത്തര കൊറിയൻ മോഡൽ കാപ്പിറ്റൽ പണിഷ്‌മെന്റ് നടപ്പാക്കണമെന്ന് ആ പാർട്ടിയുടെ സംസ്ഥാന സമ്മേളനത്തിൽ ആവശ്യപ്പെട്ട കപ്പലണ്ടി കമ്മ്യൂണിസ്റ്റാണ് സിപിഐയുടെ ചെങ്കൊടിയെ പീറത്തുണിയെന്ന് വിമർശിച്ചത് എന്നും ലേഖനത്തിൽ പറയുന്നു.

മാർക്‌സിസ്റ്റ് പ്രസ്ഥാനത്തിൽ നുഴഞ്ഞുകയറി ആ മഹത്തായ സന്ദേശത്തിന് ശോഭകേടുണ്ടാക്കുന്ന ഈ കള്ളനാണയങ്ങളെ തിരിച്ചറിയേണ്ടത് ബന്ധപ്പെട്ട നേതൃത്വമാണെന്നും ലേഖനം പറയുന്നു. പ്രസ്ഥാനത്തിലെ ചാരസന്തതികളെയും ജാരസന്തതികളെയും കണ്ടെത്തി തൂത്തെറിഞ്ഞില്ലെങ്കിൽ അതൊരു മഹാദുരന്തമാകുമെന്നും ലേഖനം മുന്നറിയിപ്പ് നൽകുന്നു.