- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിപിഐ സ്ഥാനാർത്ഥികളുടെ സാധ്യത പട്ടികയായി; കരുനാഗപ്പള്ളിയിലും ചാത്തന്നൂരിലും പ്രഥമ പരിഗണന സിറ്റിംഗ് എംഎൽഎമാർക്ക്; ശക്തമായ പോരിന് പുതുമുഖങ്ങൾ തന്നെ വേണമെന്ന ആവശ്യവും ശക്തം
കൊല്ലം: കൊല്ലം ജില്ലയിലെ സിപിഐ സ്ഥാനാർത്ഥികളുടെ സാധ്യത പട്ടികയായി. കരുനാഗപ്പള്ളിയിലും ചാത്തന്നൂരിലും സിറ്റിങ് എംഎൽഎമാർക്കാണ് പ്രഥമ പരിഗണന. കരുനാഗപ്പള്ളിയിൽ ആർ.രാമചന്ദ്രൻ, ആർ.രാജേന്ദ്രൻ, അനിൽ എസ്.കല്ലേലിഭാഗം എന്നിവരാണ് സാധ്യതാ പട്ടികയിലുള്ളത്. സിപിഐയുടെ അഭിമാന പോരാട്ടം നടക്കുന്ന മണ്ഡലമാണ് കരുനാഗപ്പള്ളി. കോൺഗ്രസ് സ്ഥാനാർത്ഥിയായ സി ആർ മഹേഷിനോട് ഇഞ്ചോടിഞ്ച് പോരാടിയാണ് കഴിഞ്ഞ തവണ ആർ രാമചന്ദ്രൻ ജയിച്ചത്. എന്നാൽ, ഇക്കുറിയും മത്സരം കടുക്കുമെന്നും കൂടുതൽ ജനകീയനായ സ്ഥാനാർത്ഥി വേണമെന്ന ആവശ്യവും ശക്തമാണ്.
സി ആർ മഹേഷിനെ നേരിടാൻ ശക്തനായ സ്ഥാനാർത്ഥി നിലവിൽ ജില്ലാ പഞ്ചായത്ത് അംഗമായ അനിൽ എസ് കല്ലേലിഭാഗമാണെന്ന വികാരം കരുനാഗപ്പള്ളിയിലെ പാർട്ടിയിൽ ശക്തമാണ്. മണ്ഡലത്തിലെ തൊടിയൂർ ഡിവിഷനിൽ നിന്നും എണ്ണായിരത്തോളം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് അനിൽ എസ് കല്ലേലിഭാഗം ഇക്കുറി വിജയിച്ചത്. കഴിഞ്ഞ ടേമിൽ കരുനാഗപ്പള്ളി മണ്ഡലത്തിൽ തന്നെ ഉൾപ്പെടുന്ന ഓച്ചിറ ഡിവിഷനിൽ നിന്നും മത്സരിച്ച് ജില്ലാ പഞ്ചായത്ത് അംഗമായ ആളാണ് അനിൽ എസ് കല്ലേലിഭാഗം.
പാർട്ടിക്കുള്ളിലെ വിഭാഗീയതയാണ് അനിൽ എസ് കല്ലേലിഭാഗത്തിന് വിനയാകുന്നത്. നിലവിലെ എംഎൽഎ ആർ രാമചന്ദ്രൻ ഇസ്മയിൽ പക്ഷക്കാരനാണ്. മണ്ഡലത്തിലേക്ക് പരിഗണിക്കുന്ന മറ്റൊരു നേതാവായ ആർ രാജേന്ദ്രനാകട്ടെ കാനം അനുകൂലിയും. ഇതിനിടയിലാണ് ഗ്രൂപ്പ് സമവാക്യങ്ങളുടെ ഭാഗമാകാതെ അനിൽ എസ് കല്ലേലിഭാഗം വരുന്നത്.
ചാത്തന്നൂരിൽ ജി.എസ്.ജയലാൽ, ജെ.ചിഞ്ചുറാണി, ആർ.രാജേന്ദ്രൻ എന്നിവർ പട്ടികയിലുണ്ട്. ആർ രാജേന്ദ്രൻ ജില്ലയിലെ ശക്തനായ കാനം പക്ഷക്കാരനാണ്. ജില്ലയിൽ ഭൂരിപക്ഷം നേതാക്കളും ഇസ്മയിൽ പക്ഷമാണ് എന്നത് ശ്രദ്ധേയമാണ്. ചടയമംഗലത്ത് എ.മുസ്തഫ, സാം കെ.ഡാനിയേൽ, ജെ.സി.അനിൽ എന്നിവരെ പരിഗണിക്കുന്നു. പുനലൂരിൽ പി.എസ്.സുപാൽ, ആർ.സജിലാൽ, സി.അജയപ്രസാദ് എന്നിവരുടെ പേരുകളാണ് പരിഗണനയിൽ.
ഇടുക്കി ജില്ലയിലെ പീരുമേട് മണ്ഡലത്തിലേക്ക് മൂന്ന് പേരുകളാണ് സിപിഐ ജില്ലാ എക്സിക്യുട്ടീവ് നിർദ്ദേശിച്ചത്. ജില്ലാ സെക്രട്ടറി കെ.കെ.ശിവരാമൻ, ജില്ല എക്സിക്യുട്ടിവ് അംഗം ജോസ് ഫിലിപ്, തോട്ടം തൊഴിലാളി നേതാവ് വാഴൂർ സോമൻ എന്നിവരുടെ പേരുകളാണ് നിർദ്ദേശിച്ചത്. മത്സരിക്കാനില്ലെന്ന് കെ.കെ.ശിവരാമൻ ജില്ലാ എക്സിക്യുട്ടീവിനെ അറിയിച്ചു. കാസർകോട് ജില്ലയിൽ സിപിഐയ്ക്കുള്ള ഏക സീറ്റായ കാഞ്ഞങ്ങാട്, മന്ത്രി ഇ.ചന്ദ്രശേഖരൻ മത്സരിക്കട്ടെയെന്നാണു ഭൂരിപക്ഷാഭിപ്രായം.
മറുനാടന് മലയാളി ബ്യൂറോ