തിരുവനന്തപുരം: പ്രായപരിധി മാനദണ്ഡം നിർബന്ധമാക്കുന്നതിനെതിരെ സിപിഐ സംസ്ഥാന കൗൺസിലിൽ രൂക്ഷ വിമർശനം. ദേശീയ നേതൃത്വത്തിനെതിരെയും പ്രതിഷേധവുമായി ഒരു വിഭാഗം നേതാക്കൾ രംഗത്തെത്തി. സിപിഎമ്മിനെ കോപ്പിയടിക്കരുതെന്നാണ് സിപിഐ സംസ്ഥാന കൗൺസിലിലെ വിമർശനം. ഇത് വടക്കേ ഇന്ത്യ അല്ലെന്നും കേരളത്തിലെ സാഹചര്യങ്ങൾ വ്യത്യസ്തമാണെന്നും നേതാക്കൾ പറയുന്നു.

പ്രായപരിധി നടപ്പാക്കിയാൽ മുതിർന്ന നേതാക്കളായ കെ.ഇ.ഇസ്മായിലും സി ദിവാകരനും സംസ്ഥാന നിർവാഹകസമിതിയിൽനിന്നു പുറത്താകും. ഏഴ് ജില്ലാ സെക്രട്ടറിമാർക്ക് മാറേണ്ടി വരും. സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിമാരായ കെ.പ്രകാശ് ബാബു, സത്യൻ മൊകേരി എന്നിവരും പദവിയിൽനിന്ന് ഒഴിയേണ്ടി വരും. ഈ സാഹചര്യമാണ് ഒരു വിഭാഗം നേതാക്കളെ ചൊടിപ്പിക്കുന്നത്.

പാർട്ടി ഭരണഘടനയിൽ ഇല്ലാത്ത കാര്യങ്ങൾ നടപ്പിലാക്കുന്നുവെന്നും മറ്റ് പാർട്ടികളെ പകർത്താൻ നോക്കരുതെന്നുമായിരുന്നു വിമർശനം ഉയർന്നത്. എന്നാൽ ദേശീയ കൗൺസിലിന്റെ മാർഗ രേഖയാണ് എന്ന് ചൂണ്ടിക്കാട്ടിയാണ് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ വിമർശനങ്ങളെ നേരിടുന്നത്. പാർലമെന്ററി രംഗത്തുകൊണ്ടുവന്നതു പോലെയുള്ള മാറ്റങ്ങൾ സംഘടനാ തലത്തിലും വന്നാലേ സിപിഐക്ക് നിലനിൽപ്പുള്ളൂവെന്നും കാനം പറയുന്നു.

എന്നാൽ സെക്രട്ടറിയുടെ മറുപടിയും യോഗത്തെ ശാന്തമാക്കിയില്ല. ഭരണഘടനാ വിരുദ്ധമായ നടപടിയാണ് ഇതെന്നു പലരും ആരോപിച്ചു. ആദ്യം പാർട്ടി ഭരണഘടന ഭേദഗതി ചെയ്യാൻ നിർദ്ദേശിച്ചു. ഇനി നടക്കാനിരിക്കുന്ന മണ്ഡലം സമ്മേളനങ്ങൾ തൊട്ടാണ് പ്രായപരിധി മാനദണ്ഡങ്ങൾ നടപ്പാക്കുന്നത്. ബ്രാഞ്ച്, ലോക്കൽ സമ്മേളനങ്ങളാണു പൂർത്തിയായി വരുന്നത്.

സിപിഐ സംസ്ഥാന കൗൺസിലിൽ തീരുമാനം അംഗീകരിച്ചു. ഇടുക്കി ജില്ലാ സെക്രട്ടറി കെകെ ശിവരാമൻ അടക്കമുള്ളവരാണ് വിമർശനം ഉന്നയിച്ചത്. സംസ്ഥാന തലത്തിൽ 75 വയസാണ് പരമാവധി പ്രായം. ജില്ലാ, മണ്ഡലം സെക്രട്ടറിമാർക്ക് 65 വയസായി പ്രായം കുറച്ചു. തെരഞ്ഞെടുക്കപ്പെട്ടവരിൽ 75 വയസ്സ് കഴിഞ്ഞവരെ ഒഴിവാക്കാനും തീരുമാനമുണ്ട്. പാർട്ടി കമ്മിറ്റികളിൽ 40 ശതമാനം സ്ഥാനം 50 വയസിൽ താഴെ പ്രായമുള്ളവർക്കായി മാറ്റിവെക്കും. 15 ശതമാനം സ്ഥാനം വനിതകൾക്കാണ്. ഇത് എല്ലാ കമ്മിറ്റികൾക്കും ബാധകമാണ്.

ദേശീയ രാഷ്ട്രീയത്തിൽ ഇടപെടുന്നതിലും സംസ്ഥാനങ്ങളിൽ സംഘടനയെ വളർത്തുന്നതിലും ഒരു പങ്കും വഹിക്കുന്നില്ലെന്ന വിമർശനം നേരിടുന്ന കേന്ദ്ര നേതൃത്വം അതിൽനിന്നു ശ്രദ്ധതിരിക്കാൻ കൊണ്ടുവന്നതാണ് പ്രായപരിധി എന്നു ചിലർ ആരോപിച്ചു. ഇതു കമ്യൂണിസ്റ്റ് വിരുദ്ധ സമീപനമാണ്. ഓരോ ഘടകത്തിലെയും 50 % പേർ 40 വയസ്സിൽ താഴെ ഉള്ളവരാവണമെന്നാണ് ഒരു നിർദ്ദേശം.

മുന്മന്ത്രി വി എസ്.സുനിൽകുമാർ ഉൾപ്പെടെയുള്ളവർ നിർദ്ദേശം അനുചിതമാണെന്ന് അഭിപ്രായപ്പെട്ടു. ഇതോടെ സുനിൽകുമാർ എങ്ങനെ എംഎൽഎയും മന്ത്രിയും ആയെന്ന കാര്യം ഓർമിക്കണമെന്നു കാനം പറഞ്ഞു. പല തവണ മത്സരിച്ചവർ മാറി നിൽക്കണമെന്നു പാർട്ടി നിശ്ചയിച്ചതിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തിനു മത്സരിക്കാൻ കഴിഞ്ഞത്. മന്ത്രിമാരായും പുതുമുഖങ്ങൾ മതിയെന്നു നിശ്ചയിച്ചതോടെയാണു മന്ത്രി ആയത്. സംഘടനയിൽ പുതുരക്തം വന്നാലേ പാർട്ടിക്ക് ഭാവിയുള്ളൂവെന്നു കാനം ചൂണ്ടിക്കാട്ടി. ദേശീയ കൗൺസിൽ ഏകകണ്ഠമായാണ് പുതിയ മാർഗരേഖ അംഗീകരിച്ചതെന്നും പറഞ്ഞു.

പുതിയ പ്രായപരിധി: ദേശീയ കൗൺസിൽ: 75, സംസ്ഥാന കൗൺസിൽ: 75, സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി: 65 വയസ്സിനു താഴെയുള്ള ഒരാൾ, 50 വയസ്സിനു താഴെയുള്ള ഒരാൾ, ജില്ലാ, മണ്ഡലം സെക്രട്ടറിമാർ: 65, ജില്ലാ അസി.സെക്രട്ടറിമാർ: 60 വയസ്സിനു താഴെയുള്ള ഒരാൾ, 40 വയസ്സിനു താഴെയുള്ള ഒരാൾ.

കമ്മിറ്റി അംഗങ്ങൾ: പാർട്ടിയുടെ ഏതു ഘടകത്തിലും അംഗമായി 75 വയസ്സു വരെ തുടരാം. എന്നാൽ മണ്ഡലം തൊട്ട് സംസ്ഥാനം വരെ പുതിയ കമ്മിറ്റികൾ വരുമ്പോൾ അതിൽ പകുതി പേർ 40 വയസ്സിൽ താഴെ ഉള്ളവരായിരിക്കണം.