ആലപ്പുഴ: തന്നെ മന്ത്രിയാക്കാത്തത് ഗോഡ്ഫാദർമാരില്ലാത്തതു കൊണ്ടാണെന്ന ഇ.എസ്.ബിജിമോൾ എംഎൽഎയുടെ വിവാദ പരാമർശത്തിൽ പാർട്ടി നടപടിയെടുത്തു. ബിജിമോളെ സംസ്ഥാന കൗൺസിലിൽ നിന്ന് പുറത്താക്കി.

സിപിഐ സംസ്ഥാന എക്സിക്യുട്ടീവിന്റെ ശുപാർശ ഇന്ന് ചേർന്ന സംസ്ഥാന കൗൺസിൽ അംഗീകരിച്ചു. ജില്ലാ കൗൺസിലിലേക്കാണു ബിജിമോളെ തരംതാഴ്‌ത്തിയത്. ആലപ്പുഴയിൽ നടക്കുന്ന സിപിഐ സംസ്ഥാന കൗൺസിൽ യോഗത്തിലാണ് തീരുമാനം.

അഭിമുഖത്തിലെ വിവാദപരാമർശങ്ങൾക്ക് അവർ നൽകിയ വിശദീകരണം സംസ്ഥാനനിർവാഹകസമിതി യോഗം തള്ളിയിരുന്നു. അച്ചടക്കനടപടിയുണ്ടാകുമെന്നു കണ്ടപ്പോൾ ജില്ലാ എക്സിക്യൂട്ടീവ് യോഗത്തിൽ മാപ്പു പറഞ്ഞെങ്കിലും നടപടിയിൽനിന്ന് ഒഴിവാകാനായില്ല.

ഒരു വാരികയ്ക്ക് നൽകിയ അഭിമുഖത്തിൽ മൂന്നുതവണ എംഎൽഎയായ ബിജിമോളെ എന്തുകൊണ്ട് മന്ത്രിയാക്കിയില്ല എന്ന ചോദ്യം വന്നപ്പോൾ തനിക്ക് ഗോഡ്ഫാദറില്ലാത്തതാണ് കാരണം എന്ന് മറുപടി നൽകിയിരുന്നു. ഈ പരാമർശം അത്യന്തം അവഹേളനപരമാണെന്നാണ് സംസ്ഥാന എക്സിക്യുട്ടീവ് വിലയിരുത്തി. തെരഞ്ഞെടുപ്പ് കാലത്ത് തന്നെ കൊല്ലാൻ ചിലർ ശ്രമിച്ചെന്നും വളരെ ഭയന്നാണ് പ്രചാരണത്തിൽ പങ്കെടുത്തതെന്നും ബിജിമോൾ അഭിമുഖത്തിൽ ആരോപിച്ചിരുന്നു. കൊലപ്പെടുത്താൻ ശ്രമിച്ചവരിൽ പാർട്ടിയിലുള്ളവർ തന്നെയാണെന്ന ഗുരുതരമായ ആരോപണവും അവർ ഉന്നയിച്ചിരുന്നു. തുടർന്ന് ജില്ലാ കമ്മിറ്റി വിശദീകരണം ചോദിച്ചപ്പോൾ തനിക്ക് അബദ്ധം പറ്റിയതാണെന്ന് പറഞ്ഞ് അവർ അന്നും ഖേദപ്രകടനം നടത്തുകയുണ്ടായി. അതിന് ശേഷമാണ് ഗോഡ് ഫാദർ പരാമർശം. നടപടിയോടെ ഇ എസ് ബിജി മോളുടെ രാഷ്ട്രീയ ഭാവിയും പ്രതിസന്ധിയിലാകും.

നിയമസഭാ തിരഞ്ഞെടുപ്പിൽ പീരുമേട് മണ്ഡലത്തിൽ ഇ.എസ്. ബിജിമോൾക്കു ഭൂരിപക്ഷം കുറഞ്ഞിരുന്നു. ഇതിനു പിന്നിൽ പാർട്ടിക്കുള്ളിലെ ചിലർ പാര പണിതതാണെന്നു ബിജിമോൾ പാർട്ടിയിലെ ചിലരോടു വെളിപ്പെടുത്തിയിരുന്നു. സിപിഐ മന്ത്രിമാരുടെ സാധ്യതാ പട്ടികയിൽ ബിജിമോളുടെ പേരും പറഞ്ഞു കേട്ടിരുന്നുവെങ്കിലും മന്ത്രിസ്ഥാനം ലഭിച്ചില്ല. ഇതിനിടെയാണു വിവാദ അഭിമുഖം പുറത്തു വന്നത്. തന്നെയും കുടുംബത്തെയും കൂട്ടത്തോടെ കൊലപ്പെടുത്താൻ പാർട്ടിയിലെ ഉന്നത നേതാവ് ഗൂഢാലോചന നടത്തിയെന്നും പീരുമേട് താലൂക്കിൽ നിന്നുള്ള പ്രമുഖ നേതാവാണു കൊലപ്പെടുത്താനുള്ള ഗൂഢാലോചന നടത്തിയതെന്നുമാണു അഭിമുഖത്തിൽ ബിജിമോൾ പറഞ്ഞത്. തിരഞ്ഞെടുപ്പ് സമയത്ത് തനിക്കെതിരെ പീരുമേട്ടിൽ പ്രവർത്തിച്ചവരിൽ സ്വന്തം പാർട്ടിക്കാരുമുണ്ടായിരുന്നുവെന്നും പലരും അപവാദ പ്രചരണം നടത്തിയെന്നും ബിജിമോൾ ആരോപിച്ചിരുന്നു.