തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം സിപിഎം വലിയ ആത്മവിശ്വാസത്തിലാണ്. ഏതുവിധേനയും അധികാരത്തിൽ വീണ്ടും എത്താൻ സാധിക്കുമെന്ന വിലയിരുത്തലിലാണ് പാർട്ടി. അതുകൊണ്ട് തന്നെ തത്വങ്ങളും പോളിസികളുമെല്ലാം മറന്നു കൊണ്ട് എല്ലാവിധത്തിലുള്ളവരെയും ചേർത്തുപിടിക്കാനാണ് സിപിഎം ഒരുങ്ങുന്നത്. പാർട്ടിക്കുള്ളിൽ വിവാദ നായകന്മാരായവരെ എല്ലാം തന്നെ വീണ്ടും പാർട്ടിക്കുള്ളിൽ സജീവമായി കഴിഞ്ഞു. തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് വേണ്ടി പ്രവർത്തിച്ചാൽ വേണ്ടതെല്ലാം നൽകാമെന്ന വാഗ്ദാനത്തിലാണ് ഇടക്കാലം പടിക്ക് പുറത്തായവർ വീണ്ടും ഉള്ളിൽ കയറിയത്.

ഉൾപാർട്ടി പ്രശ്‌നങ്ങളും ദൗർബല്യങ്ങളും പരിഹരിച്ചു പാർട്ടിയെ ചെത്തി മിനുക്കി നിയമസഭാ തിരഞ്ഞെടുപ്പിനു സജ്ജമാക്കാനുള്ള ജോലി സിപിഎം തുടങ്ങി എന്നാണ് ഇതിനെ പറയുന്നതെങ്കിലും യഥാർത്ഥത്തിൽ പെണ്ണു കേസിലും അഴിമതി കേസിലും പുറത്തുപോയവരെയെല്ലാം സിപിഎം വിളിച്ചു വരുത്തുകയാണ്. തദ്ദേശ തിരഞ്ഞെടുപ്പ് അവലോകനത്തിനായി ചേരുന്ന ജില്ലാ, ഏരിയ, ലോക്കൽ കമ്മിറ്റികളിൽ ഇതിനുള്ള നടപടി സ്വീകരിക്കും. ആരെയും പിണക്കാതെ മുന്നോട്ടു പോകാനാണ് നേതാക്കൾക്ക് നൽകിയിരിക്കുന്ന നിർദ്ദേശം.

വൻ വിവാദങ്ങളും അതിന്റെ പേരിൽ നടപടിയും ക്ഷണിച്ചു വരുത്തിയ പി.കെ. ശശിയെ പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റിലേക്ക് തിരികെ എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് സക്കീർ ഹുസൈനെ കളമശേരിയിലേക്ക് തിരികെ എടുത്തതും. പാർട്ടിയിലേക്കു നേരത്തേ തിരിച്ചെടുത്ത ശശിയെ പഴയ ഘടകമായ ജില്ലാ സെക്രട്ടേറിയറ്റിൽ ഉൾപ്പെടുത്തി. സക്കീർ ഹുസൈനെ തിരികെ ജില്ലാ കമ്മിറ്റിയിൽ എടുക്കാൻ തീരുമാനമായില്ല. എന്നാൽ പി രാജീവിന്റെ സമ്മർദ്ദത്തിൽ പാർട്ടിയിൽ ഉചിതമായ പദവി തന്നെ സക്കീറിന് ലഭിക്കുമെന്നാണ് പുറത്തുവരുന്ന വിവരം.

സസ്‌പെൻഷൻ കാലാവധി കഴിഞ്ഞതിന്റെ പേരിലാണു തിരിച്ചെടുക്കുന്നത് എന്നാണു വിശദീകരണമെങ്കിലും പുറത്തു നിൽക്കുന്നതു കൂടുതൽ ദോഷം ചെയ്യുമെന്ന നിഗമനവും പുനഃപ്രവേശനത്തിനു വഴിയൊരുക്കി. സമാനമായി പല ജില്ലകളിലും അച്ചടക്ക നടപടിക്കു വിധേയരായ താഴേത്തട്ടിലുള്ളവരുടെ കാര്യത്തിൽ നേതൃത്വം ഉദാരനിലപാട് സ്വീകരിക്കുന്നു. കോഴിക്കോട്ട് 2015 ൽ പുറത്താക്കിയ ഏരിയ കമ്മിറ്റി അംഗത്തെ തിരിച്ചെടുത്തു കോർപറേഷനിൽ സ്ഥാനാർത്ഥിയാക്കിയിരുന്നു.

കാര്യക്ഷമതയില്ലാത്തവരെ ഒഴിവാക്കി പകരക്കാരെ എടുക്കേണ്ടി വരുന്നിടത്ത് യുവാക്കൾക്കാണു മുൻഗണന. തദ്ദേശ തിരഞ്ഞെടുപ്പ് അവലോകനത്തിൽ കണ്ട പോരായ്മകൾ തിരക്കിട്ടു പരിഹരിക്കാനാണ് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടത്. കൊല്ലത്ത് തോൽവിയുടെ പേരിൽ ഒരു ഏരിയ സെക്രട്ടറിയെ മാറ്റി.

മുന്നണിയിലും വിവാദങ്ങളെല്ലാം മറന്ന് ജോസ് കെ മാണിയെ സിപിഎം സ്വീകരിച്ചു കഴിഞ്ഞു. ബാർകോഴയുടെ പേരിൽ കെ എം മാണിയെ കുറ്റംപറഞ്ഞു നടന്നവരാണ് ഇപ്പോൾ അതെല്ലാം മറന്നു കൊണ്ട് ജോസ് കെ മാണിയെ ഇരുകൈയും നീട്ടി സ്വീകരിച്ചതും. തദ്ദേശത്തിലെ വിജയത്തോട ജോസ് കെ മാണിക്ക് താക്കോൾ സ്ഥാനം നൽകാനും സിപിഎം തയ്യാറായിട്ടുണ്ട്.

ഇടഞ്ഞു നിൽക്കുന്ന സഭകളെ ഒപ്പം ചേർത്തു കൊണ്ടുമാണ് സിപിഎം മുന്നോട്ടു പോകുന്നത്. ഇതിനായി മുഖ്യമന്ത്രി തന്നെ മുൻകൈയെടുക്കുന്നു. ഓർത്തഡോക്‌സുകാരെ തള്ളി യാക്കോബായ വിഭാഗത്തെ ഒപ്പം നിർത്തുന്ന മുഖ്യമന്ത്രി മുസ്ലിം സമുദായത്തിൽ ഇകെ സുന്നികളെയും കൂടുതലായി അടുപ്പിക്കുകയാണ്. ഇതിനായി ജമാഅത്തെ ഇസ്ലാമിക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുകയും ചെയ്യുന്നു.