പത്തനംതിട്ട: ജില്ലയിൽ വിവിധ പാർട്ടികളിൽ നിന്ന് സിപിഐ എമ്മിലേക്കുള്ള ഒഴുക്ക് തുടരുന്നു. നിരവധി പ്രവർത്തകർ കടന്നുവന്നതിന് പിന്നാലെ ബിജെപി പത്തനംതിട്ട ജില്ലാ മുൻ ജനറൽ സെക്രട്ടറിയും കർഷകമോർച്ച ജില്ലാ ജനറൽ സെക്രട്ടറിയുമായ ടി എൻ ചന്ദ്രശേഖരൻ സിപിഐ എമ്മിനൊപ്പം പ്രവർത്തിക്കാൻ തീരുമാനിച്ചു.

ദീർഘകാലമായുള്ള ആർഎസ്എസ്, ബിജെപി ബന്ധമുപേക്ഷിച്ചാണ് ചന്ദ്രശേഖരൻ സിപിഐഎമ്മിനൊപ്പം ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചത്. സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസിൽ ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു ചന്ദ്രശേഖരനെ ഷാൾ അണിയിച്ച് സ്വീകരിച്ചു. സംസ്ഥാന കമ്മിറ്റിയംഗം അഡ്വ. കെ അനന്തഗോപൻ, ജില്ലാ സെക്രട്ടറിയേറ്റംഗം എ പത്മകുമാർ, ഏരിയാ സെക്രട്ടറി ടി വി സ്റ്റാലിൻ, ജില്ലാ കമ്മിറ്റിയംഗം ആർ അജയകുമാർ എന്നിവർ പങ്കെടുത്തു.