- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കല്ലേരിയിൽ സിപിഎം പ്രവർത്തകനെ വീട്ടിൽ നിന്ന് വിളിച്ചിറക്കി മർദ്ദിച്ചു; കാർ കത്തിച്ച ശേഷം കടന്നു; സ്വർണ്ണക്കടത്തുമായി ബന്ധമെന്ന് സൂചന; കല്ലേരി ബിജുവിന് അർജുൻ ആയങ്കിയുമായി ബന്ധമെന്ന് ആരോപണം; താനുമായി യാതൊരു ബന്ധവുമില്ലാത്തവരെന്ന് പറഞ്ഞ് അർജുനും
വടകര: കല്ലേരിയിൽ സിപിഎം പ്രവർത്തകനെ വീട്ടിൽ നിന്ന് വിളിച്ചിറക്കി മർദ്ദിച്ചതിനു ശേഷം കാർ അഗ്‌നിക്കിരയാക്കി. ഒന്തമൽ ബിജുവിനെയാണ് വാനിലെത്തിയ ഒരു സംഘം അക്രമിച്ചത്. കരിപ്പൂർ സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി അർജുൻ ആയങ്കിയെ ഒളിവിൽ പാർപ്പിച്ചുവെന്ന ആരോപണം നേരിട്ടയാളാണ് ബിജു. ചൊവ്വാഴ്ച പുലർച്ചെ ഒന്നര മണിയോടെയാണ് സംഭവം. വാനിൽ എത്തിയ സംഘത്തിൽ നാല് പേർ ഉണ്ടായിരുന്നു. ഇവർ ബിജുവിനെ വിളിച്ചിറക്കി വീടിന് പുറത്തേക്ക് കൊണ്ട് പോയി ക്രൂരമായി മർദ്ദിക്കുകയായിരുന്നു.
സ്വർണക്കടത്തുമായി ബന്ധപ്പെട്ട തർക്കമാണ് അക്രമത്തിന് കാരണമെന്നും സൂചനയുണ്ട്. പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രാഷ്ട്രീയപരമായ കാരണമാണോ അതോ സാമ്പത്തിക കാരണങ്ങളാണോ എന്ന് അന്വേഷിച്ച് വരികയാണ്. ബിജുവിന്റെ കാർ വാടകയ്ക്ക് വേണം എന്ന് പറഞ്ഞായിരുന്നു സംഘം വിളിച്ചിറക്കിയതെന്നും പൊലീസ് പറയുന്നു. അതേസമയം അർജുൻ ആയങ്കി താനുമായി യാതൊരു ബന്ധവും ബിജുവിന് ഇല്ലെന്ന് വ്യക്തമാക്കി. തന്റെ പേരു പറഞ്ഞു തട്ടിപ്പു നടത്തുന്നയാളാണ് കല്ലേരി ബിജുവെന്നാണ് ആരോപണം.
അതേസമയം സിപിഎമ്മുമായി ഉടക്കിയ അർജുൻ ആയങ്കിക്ക് ഇപ്പോൾ കഷ്ടകാലമാണ്. സമൂഹ മാധ്യമങ്ങളിൽ സ്വീകാര്യത കിട്ടാൻ പി ജയരാജന്റെ കൂടെ നിന്ന് ഫോട്ടോയെടുത്ത് അതുപയോഗിച്ചാണ് ആയങ്കി അടക്കമുള്ള സ്വർണക്കടത്ത് ക്വട്ടേഷൻ സംഘങ്ങളുടെ പ്രവർത്തനം എന്നായിരുന്നു ഡിവൈഫ്ഐയുടെ ആരോപണം. ഡിവൈഎഫ്ഐ അഴീക്കോട് കപ്പക്കടവ് യൂണിറ്റ് സെക്രട്ടറി ആയിരുന്ന അർജുൻ ലഹരിക്കടത്ത് സംഘങ്ങളുമായി അടുത്തതോടെ സംഘടന ഇയാളെ പുറത്താക്കുകയായിരുന്നു.
2021 ജൂൺ 28 നാണ് അർജുൻ ആയങ്കിയെ കരിപ്പൂർ സ്വർണക്കടത്ത് കേസിൽ കസ്റ്റംസ് അറസ്റ്റ് ചെയ്തത്. ഓഗസ്റ്റ് 31 ന് ഇയാൾക്ക് കർശന ഉപാധികളോടെ ജാമ്യം ലഭിച്ചു. സ്ഥിരം കുറ്റവാളിയായ അർജുൻ ആയങ്കിക്കെതിരെ അടുത്തിടെ പൊലീസ് കാപ്പ ചുമത്തുകയും ചെയ്തിരുന്നു. അതേസമയം രാമനാട്ടുകര സ്വർണക്കടത്ത് കേസിൽ മുഖ്യപ്രതി അർജുൻ ആയങ്കി ഉൾപ്പെടെ 25 പേർക്ക് കസ്റ്റംസ് പ്രിവന്റീവ് കാരണംകാണിക്കൽ നോട്ടീസ് നൽകി. കേസിൽ കുറ്റപത്രം സമർപ്പിക്കുന്നതിനു മുന്നോടിയായാണ് നടപടി. രാമനാട്ടുകര സ്വർണക്കടത്തിനിടെ സ്വർണം തട്ടിയെടുക്കാനെത്തിയ ക്വട്ടേഷൻസംഘത്തിലെ അഞ്ചുപേർ വാഹനാപകടത്തിൽ മരിച്ച് ഒരുവർഷം പൂർത്തിയാകവേയാണ് നടപടി.
കഴിഞ്ഞവർഷം ജൂണിൽ ദുബായിൽനിന്ന് കോഴിക്കോട് വിമാനത്താളത്തിലെത്തിയ മലപ്പുറം മൂർക്കനാട് സ്വദേശി മുഹമ്മദ് ഷഫീഖ് കൊണ്ടുവന്ന 1.11 കോടി രൂപ വിലമതിക്കുന്ന 2.33 കിലോ സ്വർണംവാങ്ങാൻ കൊടുവള്ളിയിൽനിന്നുള്ള സംഘമെത്തിയിരുന്നു. ഷെഫീഖ് കസ്റ്റംസിന്റെ പിടിയിലായതോടെ ഈ സംഘം മടങ്ങി. ഇതിനിടെ, കേസിലെ മുഖ്യപ്രതി അർജുൻ ആയങ്കിയുടെ നേതൃത്വത്തിലുള്ള ക്വട്ടേഷൻ സംഘവും കൊടുവള്ളി സംഘവും തമ്മിൽ ഏറ്റുമുട്ടി. ഇതിനിടെയാണ് വാഹനാപകടമുണ്ടായത്.
കൊടുവള്ളിയിലെ ഒ.കെ. സലാം എന്ന അബ്ദുൾസലാം, ജെയ്‌സൽ, കുടുക്കിൽ സ്വദേശി നാദിർ, മലപ്പുറം സ്വദേശി ഷാനു എന്ന ഷാനവാസ് എന്നിവർക്കുവേണ്ടിയാണ് സ്വർണം കടത്തിയതെന്ന് കണ്ടെത്തിയിട്ടുണ്ട്. കണ്ണൂരിൽനിന്ന് യൂസഫ്, അർജുൻ ആയങ്കി എന്നിവരുടെ നേതൃത്വത്തിലുള്ള സ്വർണം 'പൊട്ടിക്കൽ' സംഘങ്ങളും പാലക്കാടുനിന്ന് മുബഷീർ, കൊടുവള്ളിയിൽനിന്നു സൂഫിയാൻ, റിയാസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘങ്ങളുമാണ് എത്തിയത്.
സ്വർണക്കടത്തിലെ ബുദ്ധികേന്ദ്രം കണ്ണൂർ അഴീക്കൽ കൊവ്വലോടി ആയങ്കിവീട്ടിൽ അർജുൻ ആയങ്കിയാണെന്ന് കണ്ടെത്തിയിരുന്നു. ഇയാളെ കസ്റ്റംസ് പ്രിവന്റീവ് അറസ്റ്റുചെയ്തിരുന്നു. അർജുനുമായി ബന്ധമുള്ള ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതികളായ കൊടി സുനി, മുഹമ്മദ് ഷാഫി എന്നിവരുടെ വീടുകളിൽ കസ്റ്റംസ് പരിശോധന നടത്തിയിരുന്നു. കൊടി സുനി, മുഹമ്മദ് ഷാഫി, ആകാശ് തില്ലങ്കേരി എന്നിവർക്ക് പ്രത്യക്ഷത്തിൽ സ്വർണക്കടത്തുമായി ബന്ധമില്ലെന്നു കണ്ടെത്തിയിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ