കോഴിക്കോട്: കതിരൂർ മനോജ് വധക്കേസിൽ സിപിഐ(എം) കണ്ണൂർ ജില്ലാസെക്രട്ടറി പി.ജയരാജനെ ഭീകര പ്രവർത്തന വിരുദ്ധ നിയമം(യു.എ.പി.എ) ചുമത്തി റിമാന്റ് ചെയ്തിനു പിന്നിൽ വ്യക്തമായ ഗൂഢാലോനയുണ്ടെന്നെ ആരോപണവുമായി പാർട്ടി നേതൃത്വം രംഗത്ത്.ആർ.എസ്.എസുകാരനായ സിബിഐ ഡി.വൈ.എസ്‌പി ഹരി ഓം പ്രകാശാണ് ഇതിനു പിന്നിലെന്നാണ് തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള തങ്ങളുടെ കുടംബയോഗങ്ങളിലൊക്കെ ഇടതു നേതാക്കൾ പറയുന്നത്. കണ്ണൂർ ജില്ലാ സെക്രട്ടറിയുടെ ചുമതലയേറ്റെടുത്ത സിപിഐ (എം) സംസ്ഥാന കമ്മിറ്റി അംഗം എം.വി ജയരാജനാവട്ടെ, കഴിഞ്ഞ ദിവസം ഇക്കാര്യം പരസ്യമായി പറയുകയും ചെയ്തു.

ആർ.എസ്.എസ് ശാഖയിൽ പണിയെടുത്ത ആളാണ് സിബിഐ ഡി.വൈ.എസ്‌പി ഹരി ഓം പ്രകാശെന്നും ജയരാജനെതിരെ കള്ളക്കേസെടുത്ത അയാളുടെ കാര്യം പോക്കാണെന്നും എംവി ജയരാജൻ, ഡിവൈഎഫ്‌ഐയുടെ കണ്ണൂർ കലക്ട്രേറ്റ് മാർച്ച് ഉദ്ഘാടനം ചെയ്ത് കഴിഞ്ഞ ദിവസം പരസ്യമായി പറഞ്ഞു. പി ജയരാജന് സിബിഐ ചികിൽസപോലും നിഷേധിച്ചതായും അസുഖമുണ്ടെന്ന് പറഞ്ഞ ഡോക്ടർമാരെ സിബിഐ മൂന്നാം മുറ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി രോഗമില്ലന്നെ് വരുത്തിത്തീർക്കാൻ ശ്രമിച്ചതായും എം.വി ജയരാജൻ ആരോപിച്ചു. ഇത് ഡി.വൈ.എസ്‌പി ഹരി ഓം പ്രകാശിനുള്ള ഭീഷണി അല്ലന്നെും കോടതി തന്നെ ഇക്കാര്യം തിരിച്ചറിഞ്ഞ് നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ആർ.എസ്.എസ് തലവൻ മോഹൻ ഭാഗവതിന്റെ കേരള സന്ദർശനത്തോട് അനുബന്ധിച്ചാണ് പി.ജയരാജനെ അറസ്റ്റുചെയ്യാനുള്ള തിരക്കഥ ഒരുങ്ങിയതെന്നാണ് ഇടതു നേതാക്കൾ പറയുന്നത്. മലബാറിലും പ്രത്യേകിച്ച് കണ്ണുർ ജില്ലയിലും ആർ.എസ്.എസിൽനിന്നുള്ള കൊഴിഞ്ഞുപോക്ക് ശക്തമാണെന്ന് സംഘടനയുടെ കണ്ണുർ ബൈഠക് വിലയിരുത്തിയിരുന്നു. മോദി തരംഗം രാജ്യമാകെ നിലനിൽക്കുന്ന സമയത്താണ് കണ്ണരിൽ ഇങ്ങനെ സംഭവിക്കുന്നത്. സുധുഷ്മിന്നിയും, ഒ.കെ വാസുമാസ്റ്ററും, അശോകനും അടക്കമുള്ള വലിയൊരു സംഘം ആർ.എസ്.എസ്ബിജെപി നേതാക്കൾ സംഘടന വിട്ട് സിപിഎമ്മിൽ ചേർന്നതിനു പിന്നിൽ പി.ജയരാജന്റെ പങ്ക് ആർക്കും നിഷേധിക്കാൻ കഴിയില്ല. ആ ഒരു സാഹചര്യത്തിലാണ് കിട്ടിയ അവസരംവച്ച് ജയരാജനെ പിടകൂടുക എന്ന പദ്ധതി രൂപപ്പെട്ടതെന്ന് സിപിഐ(എം) നേതാക്കൾ പറയുന്നു.

ഇതിന് തെളിവായി സംസ്ഥാന ആർ.എസ്.എസ് നേതൃത്വം അമിത്ഷാക്ക് അയച്ച കത്തും ഇടതുനേതാക്കൾ ചൂണ്ടിക്കാട്ടുന്നു.  പി.ജയരാജന്റെ ജ്യാമ്യാപേക്ഷ എതിർത്തുകൊണ്ട് സിബിഐ ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്ങ്മൂലത്തിൽ പോലും ഈ കത്തിലെ വാചകങ്ങൾ പദാനുപദമായി ഉണ്ടെന്നാണ് സിപിഐ(എം) നേതാക്കൾ പറയുന്നത്. ആദ്യഘട്ടത്തിൽ ജയരാജൻ പ്രതിയല്‌ളെന്ന് പറഞ്ഞ സിബിഐ പൊടുന്നനെ എങ്ങനെയാണ് നിലപാട് മാറ്റിയതെന്നും അവർ ചോദിക്കുന്നു.കതിരൂർ കേസിലെ പ്രതിയായ വിക്രമൻ ജയരാജനെ ഫോൺവിളിച്ചു എന്ന ഒറ്റക്കാരണംകൊണ്ട് ചുമത്താവുന്നതാണോ യു.എ.പി.എയെന്നും ചോദ്യം ഉയരുന്നുണ്ട്.

ആദ്യഘട്ടത്തിൽ ഒന്നു പിറകോട്ടടിച്ച സിപിഐ(എം) ജയരാജൻ കേസും ജെ.എൻ.യു സംഭവങ്ങളും ചേർത്ത് കരിനിയമങ്ങൾക്കെതിരെ ശക്തമായി രാഷ്ട്രീയ പ്രചാരണത്തിന് ഇറങ്ങിയിട്ടുണ്ട്. ആർ.എസ്.എസ് ഗൂഢാലോചനയുടെ ഭാഗമായി ജയരാജനെ കള്ളക്കേസിൽ കുടുക്കിയെന്ന സന്ദേശമുയർത്തിയാണ് പ്രചാരണ പരിപാടികൾ. വിഷയം നിയമസഭാ തെരഞ്ഞെടുപ്പുവരെ സജീവമായി നിലനിർത്താനും പാർട്ടിക്ക് പുറത്തുള്ളവരുടെ പിന്തുണ തേടാനും തീരുമാനിച്ചിട്ടുണ്ട്.

ലോക്കൽ കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ പ്രകടനങ്ങളും പ്രധാന കേന്ദ്രങ്ങളിൽ പൊതുയോഗങ്ങളും ഇതിനകം നടന്നു. വരുംദിനങ്ങളിൽ പാർട്ടിക്ക് പുറത്തുനിന്നുള്ളവരുടെ പ്രാതിനിധ്യത്തോടെ സെമിനാറുകളും സംവാദങ്ങളും സംഘടിപ്പിക്കും. ജില്ലാ കേന്ദ്രങ്ങളിലും പ്രധാന നഗരങ്ങളിലും സംഘടിപ്പിക്കുന്ന സെമിനാറുകളിൽ ഇടതു സഹയാത്രികരായ സാംസ്‌കാരിക പ്രവർത്തകരും സംബന്ധിക്കും.

ജയരാജൻ ആർ.എസ്.എസ് ഗൂഢപദ്ധതിയുടെ ഇരയാണെന്ന് ചൂണ്ടിക്കാട്ടുന്ന പോസ്റ്ററുകൾ മലബാറിൽ ഉടനീളം പതിക്കുന്നുണ്ട്. ആർ.എസ്.എസ് ആക്രമണത്തിൽ ജയരാജൻ വെട്ടേറ്റുവീണതിന്റെ ചിത്രമുള്ള പോസ്റ്ററുകൾ കൂടുതലായും ഉപയോഗിക്കുന്നത്. കേരളത്തിലെ ആർ.എസ്.എസ് നേതൃത്വം ബിജെപി അഖിലേന്ത്യാ പ്രസിഡന്റ് അമിത് ഷാക്ക് അയച്ച കത്ത് പുറത്തുവന്നതും സിപിഐ(എം) ഉപയോഗപ്പെടുത്തും.

ജയരാജനെ മറ്റൊരു മദനിയാക്കാൻ ശ്രമം നടക്കുകയാണെന്ന് സിപിഐ(എം) നേതൃത്വം കഴിഞ്ഞ ദിവസം ആരോപിച്ചിട്ടുണ്ട്. കരിനിയമങ്ങളുടെ പ്രയോഗം ഉയർത്തിക്കാട്ടി ന്യൂനപക്ഷ മേഖലകളിലും പ്രത്യേക യോഗം വിളിക്കുന്നുണ്ട്.ജെ.എൻ.യു സർവകാശാലയിൽ രാജ്യദ്രോഹക്കുറ്റം ദുരുപയോഗം ചെയ്ത വിദ്യാർത്ഥികളെ ജയിലിടച്ച സംഭവവും ഇതോടൊപ്പം പാർട്ടി പ്രചാരണ ആയുധമാക്കുന്നുണ്ട്.