പത്തനംതിട്ട: പിണറായിയുടെ പുതിയ പൊലീസ് നയം മൂലം ജില്ലയിലെ സിപിഐ (എം) നേതാക്കളുടെ മാനം കപ്പലു കയറി. ജില്ലാ സെക്രട്ടറിയുടേതടക്കമുള്ള ശിപാർശകൾ നിഷ്‌കരുണം തള്ളുകയും മറ്റു നേതാക്കളെ മാനിക്കാതിരിക്കുകയും ചെയ്യുന്ന ജില്ലാ പൊലീസ് മേധാവി ഹരിശങ്കറിന് എതിരേ പാർട്ടിക്കുള്ളിൽ പ്രതിഷേധം ശക്തമായിരിക്കുകയാണ്. എസ്‌പിയുടെ ശക്തമായ നിലപാടുകൾക്ക് അനുസരിച്ച് ഉദ്യോഗസ്ഥരും നീങ്ങാൻ തുടങ്ങിയതോടെ പൊലീസ് സ്റ്റേഷൻ ഭരണം നേതാക്കൾക്ക് വെറും വ്യാമോഹം മാത്രമായി. ഭരണമുണ്ടെന്ന് കരുതി സ്റ്റേഷനിലേക്ക് നെഞ്ചും വിരിച്ച് കടന്നു ചെല്ലുന്ന സഖാക്കൾക്ക് പ്രതീക്ഷിച്ച സ്വീകരണമൊന്നും അവിലെ ലഭിക്കുന്നില്ല. മാത്രവുമല്ല, ചില സ്ഥലങ്ങളിൽ നിന്ന് പൊലീസ് ഭാഷ കേൾക്കേണ്ടിയും വന്നു.

ഒരാളുടെയും ശിപാർശയ്ക്ക് വഴങ്ങാതെ സ്വന്തം ഇഷ്ടപ്രകാരമാണ് ഹരിശങ്കർ പോകുന്നത്. ഈ നിലയിൽ കാര്യങ്ങൾ തുടരാൻ കഴിയില്ലെന്ന് സിപിഐ (എം) ജില്ലാ നേതൃത്വം സംസ്ഥാന നേതാക്കളെ അറിയിച്ചു കഴിഞ്ഞു. പാർട്ടി ശിപാർശ ചെയ്ത സി.ഐമാരുടെയും എസ്.ഐമാരുടെയും പട്ടിക അംഗീകരിക്കാനും എസ്‌പി തയാറായിരുന്നില്ല. കളങ്കിതരും വിജിലൻസ് അന്വേഷണം നേരിടുന്നവരും ലോക്കൽ പോസ്റ്റിങ് നൽകരുതെന്ന രഹസ്യാന്വേഷണ വിഭാഗവും ശിപാർശ ചെയ്ത ചില സി.ഐമാരെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ തിരുകിയിട്ടുണ്ട്. ഇതിനെ എസ്‌പി എതിർക്കുന്നുവെന്നാണ് അറിയുന്നത്.

ഹരിശങ്കർ രണ്ടും കൽപിച്ചാണ് ജില്ലയിൽ ചുമതലയേറ്റത്. ഇതിന് തൊട്ടു പിന്നാലെ സിപിഐ -എമ്മിനും അവർക്ക് വേണ്ടപ്പെട്ടവർക്കും ഇട്ടുള്ള പണിയാണ് തുടങ്ങിയിരിക്കുന്നത്. മീറ്റർ വയ്ക്കാത്ത ഓട്ടോക്കാർക്കെല്ലാം നിരത്തി പെറ്റി കൊടുത്തു കൊണ്ടായിരുന്നു തുടക്കം. ഒരാഴ്ചയ്ക്കുള്ളിൽ മീറ്റർ സ്ഥാപിച്ചില്ലെങ്കിൽ പിഴ 1000 ആക്കുമെന്നും വണ്ടി പിടിച്ച് അകത്തിടുമെന്ന് മുറിയിപ്പും നൽകി. ഇതിനെതിരേ തൊഴിലാളി സംഘടനകൾ സിഐടി.യു നേതൃത്വത്തിൽ രംഗത്തു വന്നെങ്കിലും ഒന്നും നടന്നില്ല. വാറൻഡ് കേസിലെ മുഴുവൻ പ്രതികളെയും പിടികൂടി അകത്തിടാനായിരുന്നു പിന്നാലെ വന്ന ഉത്തരവ്. പത്തും പതിമൂന്നും വാറൻഡ് വരെയുള്ള രാഷ്ട്രീയക്കാരെ കൊടിയുടെ നിറം നോക്കാതെ പിടിച്ചോളാൻ എസ്‌പി പറഞ്ഞതോടെ ഇത്തരക്കാർ നെട്ടോട്ടം തുടങ്ങി.

ജാമ്യമെടുക്കാൻ അണികളെ കിട്ടാതെ വന്ന സിപിഐ(എം) നേതാക്കൾ അടക്കമുള്ളവർ അണ്ടർഗ്രൗണ്ടിലാണിപ്പോഴുള്ളത്. ഒരൊറ്റ വാറണ്ട് പോലും നടപ്പാക്കാതിരിക്കരുതെന്നും അങ്ങനെ വന്നാൽ പൊലീസ് ഉദ്യോഗസ്ഥർക്കെതിരേ നടപടിയുണ്ടാകുമെന്നും എസ്‌പി മുന്നറിയിപ്പു നൽകിയതോടെ എല്ലാവരെയും പൊക്കി അകത്തിടാൻ പൊലീസും കിണഞ്ഞു പരിശ്രമിക്കുകയാണ്. ചെറിയ വീഴ്ച വരുത്തുന്ന കീഴുദ്യോഗസ്ഥരെപ്പോലും കർശന ശിക്ഷണ നടപടികൾക്ക് വിധേയരാക്കുന്നു. പെരുമ്പെട്ടി, പത്തനംതിട്ട സ്റ്റേഷനുകളിലെ ഓരോ എസ്.ഐമാരെ ഇതിനോടകം പരിശീലനത്തിന് പറഞ്ഞു വിടുകയും ചെയ്തു. പൊലീസ് അസോസിയേഷൻ, പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ എന്നിവയുടെ നേതാക്കൾക്കും കിട്ടിയിട്ടുണ്ട് പണി.

ട്രാഫിക് നിയമം ലംഘിച്ച് പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾ എസ്‌പി നേരിട്ട് പിടികൂടിയത് വിട്ടുകിട്ടാൻ ഉടമസ്ഥർ സിപിഐ(എം) ജില്ലാ സെക്രട്ടറി മുഖേനെ ശിപാർശ നടത്തി നോക്കി. എസ്‌പി വിട്ടില്ലെന്ന് മാത്രമല്ല, ഒരാഴ്ച വാഹനങ്ങൾ കസ്റ്റഡിയിൽ സൂക്ഷിക്കുകയും ചെയ്തു. അഞ്ചുവർഷം പുറത്തു നിന്നതിന് ശേഷം തങ്ങൾക്ക് ഭരണം കിട്ടിയപ്പോൾ സ്റ്റേഷൻ ഒന്നു ഭരിക്കാമെന്ന് കരുതി ചെന്ന എസ്.എഫ്.ഐ പിള്ളേരെ പത്തനംതിട്ട സി.ഐ പൊലീസ് ഭാഷയിൽ തന്നെ വിരട്ടി വിട്ടു. ഇതെന്തു കഥ ഇവിടെ ഇപ്പോഴും ഭരിക്കുന്നത് യു.ഡി.എഫ് ആണോ എന്ന് ചോദിച്ചു കൊണ്ട് പിള്ളേർ പലയിടത്തും കയറിയിറങ്ങി.

മാനം കളയാൻ വയ്യാത്തതു കൊണ്ട് നേതാക്കൾ ആരും ഇടപെട്ടില്ല. ജില്ലയൊട്ടാകെ നടന്ന വ്യാജ സി.ഡി. റെയ്ഡിൽ കലക്ടറേറ്റിന് സമീപമുള്ള ഡിവൈഎഫ്ഐ നേതാവിന്റെ കടയിൽ നിന്ന് വ്യാജൻ പിടികൂടി. സിപിഐ-എമ്മിന്റെ മുൻ നഗരസഭാ കൗൺസിൽ അംഗം കൂടിയായ നേതാവും നെഞ്ചും വിരിച്ച് സ്റ്റേഷനിലേക്ക് ചെന്നു. പൊലീസുകാർ കൈമലർത്തി. എസ്‌പി പറഞ്ഞിട്ടാണ്. ഒന്നും ചെയ്യാൻ കഴിയൂല. തന്റെ കടയ്ക്ക് എതിരേ കേസ് എടുക്കുന്നത് നോക്കി നിൽക്കാൻ മാത്രമേ നേതാവിന് ആയുള്ളൂ. ഉന്നതതലങ്ങളിൽ എസ്‌പിക്ക് നല്ല പിടിപാടാണെന്നും ഈ രീതിയിൽ മുന്നോട്ടു പോയാൽ കളിമാറുമെന്നും ചില കുട്ടിസഖാക്കൾ ഫേസ്‌ബുക്ക് വഴി മുന്നറിയിപ്പ് നൽകിക്കഴിഞ്ഞു.

ഹരിശങ്കറിനെ മാറ്റിയേ തീരുവെന്ന കടുംപിടുത്തത്തിലാണ് പാർട്ടി നേതൃത്വം. ആഭ്യന്തരം പിണറായിയുടെ കൈയിലായതിനാൽ അങ്ങോട്ട് ബലത്തിൽ പറയാനും കഴിയാത്തതിന്റെ ധർമസങ്കടം നേതാക്കൾക്കുണ്ട്.