- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഒരു വർഷം മുമ്പ് മൂന്നാം സ്ഥാനം; ഇത്തവണ സൈറ ഷാ ഹലീം നേടിയത് 28515 വോട്ടും രണ്ടാം സ്ഥാനവും; ബംഗാൾ വീണ്ടും ചുവക്കുമോ?; തൃണമൂലിന്റെ മുന്നേറ്റത്തിലും ചർച്ചയായി സിപിഎം തിരിച്ചുവരവ്
കൊൽക്കത്ത: ബാലിഗഞ്ച് നിയമസഭ ഉപതെരഞ്ഞെടുപ്പിൽ ബാബുൽ സുപ്രിയോയിലൂടെ തൃണമൂൽ കോൺഗ്രസ് തിളക്കമാർന്ന വിജയം നേടിയെങ്കിലും ഇപ്പോൾ ചർച്ചയാകുന്നത് സിപിഎമ്മിന്റെ ശക്തമായ തിരിച്ചുവരവ്. വാശിയേറിയ പോരാട്ടത്തിൽ 30,940 അധികം വോട്ടുകൾ നേടിയാണ് സിപിഎം സ്ഥാനാർത്ഥി സൈറ ഷാ ഹലീം ബിജെപിയെ മറികടന്ന് രണ്ടാം സ്ഥാനത്തെത്തിയത്.
2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ സൈറയുടെ ഭർത്താവും സന്നദ്ധ പ്രവർത്തകനുമായ ഡോ. ഫുവദ് ഹലിമിനെയാണ് സിപിഎം സ്ഥാനാർത്ഥിയാക്കിയത്. ഡോ. ഫുവദ് 8,474 വോട്ട് പിടിച്ച് മൂന്നാം സ്ഥാനത്തെത്തിയിരുന്നു. അവിടെ നിന്നാണ് 22000ലധികം വോട്ടുകൾ നേടി രണ്ടാം സ്ഥാനത്തേക്ക് സിപിഎം എത്തിയത്. കഴിഞ്ഞ തവണ രണ്ടാം സ്ഥാനത്തെത്തിയ ബിജെപി മണ്ഡലത്തിൽ മൂന്നാം സ്ഥാനത്തേക്ക് പോയി.
ഈ തെരഞ്ഞെടുപ്പിൽ തൃണമൂൽ സ്ഥാനാർത്ഥി സുബ്രത മുഖർജി (ആകെ വോട്ട്- 106,585) 75,359 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഹാട്രിക് വിജയം നേടിയത്. ബിജെപിയുടെ ലോക്‌നാഥ് ചാറ്റർജി 31,226 വോട്ട് പിടിച്ച് രണ്ടാം സ്ഥാനത്തെത്തി. കഴിഞ്ഞ തവണ ലോക്നാഥ് ചാറ്റർജി 31,226 വോട്ട് നേടിയെങ്കിൽ ഇത്തവണ അത് 8094 വോട്ടിലേക്ക് ചുരുങ്ങി.
മമത സർക്കാറിൽ മന്ത്രിയായിരുന്ന സുബ്രത മുഖർജിയുടെ നിര്യാണത്തെ തുടർന്നാണ് ബാലിഗഞ്ച് നിയമസഭ സീറ്റിൽ ഉപ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ഇത്തവണ മുൻ കേന്ദ്രമന്ത്രിയും ഗായകനുമായ ബാബുൽ സുപ്രിയോയെ തൃണമൂൽ കളത്തിലിറക്കിയത്. അതേസമയം, എൻ.ആർ.സി-സി.എ.എ വിരുദ്ധ സമരത്തിൽ സജീവമായിരുന്ന സൈറ ഷാ ഹലീം സിപിഎം സ്ഥാനാർത്ഥിയായി. കരസേന മുൻ ഉപമേധാവി ലഫ്റ്റനന്റ് ജനറൽ സമീർ ഉദിൻ ഷായുടെ മകളും ബോളിവുഡ് നടൻ നസറുദ്ദീൻ ഷായുടെ മരുമകളുമാണ് സൈറ.
ബാലിഗഞ്ചിന്റെ 1977 മുതലുള്ള തെരഞ്ഞെടുപ്പ് ചരിത്രത്തിൽ ആറു തവണ സിപിഎം ആണ് ബംഗാൾ നിയമസഭയിൽ മണ്ഡലത്തെ പ്രതിനിധീകരിച്ചത്. 1977 മുതൽ നാലു തവണ സചിൻ സെന്നും 1996ലും 2001ലും റെബിൻ ദേബും സിപിഎം സ്ഥാനാർത്ഥികളായി വിജയിച്ചു.
എന്നാൽ, 2006ലെ തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് അഹമ്മദ് ജാവേദ് ഖാനിലൂടെ ബാലിഗഞ്ച് സീറ്റിൽ കന്നി വിജയം നേടി. തുടർന്ന് 2011, 2016, 2021 നിയമസഭ തെരഞ്ഞെടുപ്പുകളിൽ സുബ്രത മുഖർജിയിലൂടെ ബാലിഗഞ്ച് തൃണമൂലിന്റെ സിറ്റിങ് സീറ്റാക്കി മാറ്റി.
അസൻസോൾ ലോക്സഭ മണ്ഡലത്തിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിന്റെ ഫലം വരുമ്പോൾ സിപിഎം മൂന്നാം സ്ഥാനത്താണ്. പക്ഷെ കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിന്റെ കണക്കുകളെ അപേക്ഷിച്ച് വന്മുന്നേറ്റമാണ് നടത്തിയിരിക്കുന്നത്. കഴിഞ്ഞ മാസം നടന്ന തദ്ദേശ തെരഞ്ഞെടുപ്പുകളിലും സിപിഎം പലയിടത്തും രണ്ടാം സ്ഥാനത്തേക്കെത്തിയിരുന്നു.




