കൊൽക്കത്ത: സിപിഎം പാർട്ടി കോൺഗ്രസിൽ സീതാറാം യെച്ചൂരി കോൺഗ്രസ് ബന്ധത്തിന് വേണ്ടി വാശി പിടിച്ചത് ഫാസിസ്റ്റ് ശക്തിയായ ബിജെപിയെ തോൽപ്പിക്കാൻ എന്ന വാദം പറഞ്ഞാണ്. എന്നാൽ, ബംഗാളിൾ സിപിഎം ഈ നിലപാട് മാറ്റുകയാണ്. ഇവിടെ മുഖ്യശത്രു മമത ബാനർജി തന്നെയാണ്. അതുകൊണ്ട് തന്നെ മമതയെ തോൽപ്പിക്കാൻ വേണ്ടി സിപിഎം-ബിജെപി ധാരണയാണ് മിക്കയിടത്തും. പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മൂന്നു ജില്ലകളിലെങ്കിലും സിപിഎം ബിജെപി ധാരണ ഉടലെടുത്തിരിക്കുന്നത്. ഇക്കാര്യം റിപ്പോർട്ട് ചെയ്തത് മനോരമ ന്യൂസും ദ വീക്കുമാണ്.

നന്ദിഗ്രാം ഉൾപ്പെടുന്ന മിഡ്‌നാപുർ, നദിയ, ബീർഭൂം ജില്ലകളിലാണു താഴേത്തട്ടിൽ രണ്ടു പാർട്ടികളും ധാരണയുണ്ടാക്കിയിട്ടുള്ളത്. പലയിടത്തും താമരയും അരിവാൾ ചുറ്റികയും ഒരുമിച്ചുള്ള ചുവരെഴുത്തുകളും പ്രത്യക്ഷപ്പെട്ടുകഴിഞ്ഞു. പൊത ശത്രുവായ ത്രിണമൂൽ കോൺഗ്രസ് ഗുണ്ടായിസം കൊണ്ടാണ് പിടിച്ചു നിൽക്കുന്നത്. അതുകൊണ്ടാണ് തൃണമൂൽ കോൺഗ്രസിനെ തുരത്താൻ ചിലയിടങ്ങളിൽ താഴേത്തട്ടിൽ ധാരണയുണ്ടാവാമെന്നാണ് സിപിഎം നേതാക്കൾ സൂചിപ്പിക്കുന്നത്. കേന്ദ്രത്തിൽ ഭരണമുള്ള പാർട്ടിയെന്ന പരിഗണനയും ബിജെപിയുമായു കൂട്ടുകൂടാൻ സിപിഎമ്മിനെ പ്രേരിപ്പിക്കുന്നുണ്ട്.

ഗ്രാമപഞ്ചായത്തുകളിൽ ചിലയിടങ്ങളിൽ ബിജെപിക്കും ചിലയിടങ്ങളിൽ സിപിഎമ്മിനും സ്ഥാനാർത്ഥിയില്ല. പഞ്ചായത്ത് സമിതികളിലെ (ബ്ലോക്ക് പഞ്ചായത്ത്) സ്ഥിതിയും അങ്ങനെതന്നെ. തൃണമൂലുകാരുടെ ഗുണ്ടായിസം കാരണം നാമനിർദേശ പത്രിക നൽകാൻ സാധിക്കാത്തതാണ് ഇതിനു കാരണമെന്നും പരസ്പരം പിന്തുണച്ചു സഹായിക്കുകയെന്നതാണു പോംവഴിയെന്നുമാണ് ഇരുകൂട്ടരുടെയും ന്യായീകരണം.

ബീർഭൂമിൽ 61 ഗ്രാമപഞ്ചായത്തുകളിലും 15 ഗ്രാമ സമിതികളിലും ധാരണയുണ്ടെന്നാണു സൂചന. ചിലയിടങ്ങളിൽ സിപിഎമ്മും ബിജെപിയും ചേർന്ന് സ്വതന്ത്രസ്ഥാനാർത്ഥിയെ പിന്തുണയ്ക്കുന്നു. ഒരിക്കലും ചേർന്നു പോകില്ലെന്ന് കരുതിയ ബിജെപിയും-സിപിഎമ്മും സഖ്യമുണ്ടാക്കുമ്പോൾ കോൺഗ്രസിന്റെ റോൾ എന്താകുമെന്നാണ് ചോദ്യം. യെച്ചൂരി കാരാട്ടിനോട് അടികൂടിയത് തിരഞ്ഞെടുപ്പ് നീക്കുപോക്കിനുള്ള സാധ്യത തേടിയാണ്.