കണ്ണൂർ: പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന സാക്ഷരത മിഷൻ നടത്തുന്ന പരീക്ഷയ്ക്ക് മേൽനോട്ടം നൽകിയതു സിപിഎം ബ്രാഞ്ച് സെക്രട്ടറി. ഇക്കാര്യം സമ്മതിച്ചു കൊണ്ട് സാക്ഷരതാ മിഷൻ അഥോറിറ്റി ഡയറക്ടർ പി.എസ്.ശ്രീകല ഫേസ്‌ബുക്കിൽ പോസ്റ്റുമിട്ടു. സാക്ഷരത മിഷൻ നടത്തുന്ന 'മികവുത്സവം' പരീക്ഷ ഇന്നലെയാണു സംസ്ഥാനത്തു തുടങ്ങിയത്.

മട്ടന്നൂർ നഗരസഭയിലെ അയ്യല്ലൂർ തുടർവിദ്യാകേന്ദ്രത്തിൽ നോഡൽ പ്രേരക് ബിന്ദുവിനും പ്രേരക് ഷീജയ്ക്കും കൗൺസിലർ കെ.ശ്രീജകുമാരിക്കുമൊപ്പം സിപിഎം ബ്രാഞ്ച് സെക്രട്ടറി കെ.ശശിധരനും പരീക്ഷയ്ക്കു മേൽനോട്ടം വഹിച്ചതായി മിഷൻ ഡയറക്ടർ ഫേസ്‌ബുക്കിൽ കുറിച്ചു.

ജില്ലയിലെ ഏറ്റവും പ്രായം കുറഞ്ഞ പഠിതാവായ പതിനേഴുകാരി ഉൾപ്പെടെയുള്ളവർ പരീക്ഷയെഴുതിയ ഈ കേന്ദ്രം സന്ദർശിച്ച ശേഷമായിരുന്നു ശ്രീകലയുടെ ഫേസ്‌ബുക് പോസ്റ്റ്. സേലം ജയിൽ രക്തസാക്ഷികളായ പിലാട്ട്യാരൻ ഗോപാലൻ നമ്പ്യാർ, അണ്ടലോടൻ കുഞ്ഞപ്പ സ്മാരക മന്ദിരത്തിന്റെ കെട്ടിടത്തിലാണു തുടർവിദ്യാകേന്ദ്രം പ്രവർത്തിക്കുന്നത്.

മുഖ്യമന്ത്രി ചെയർമാനായ ജനറൽ കൗൺസിലാണു സാക്ഷരത മിഷന്റെ കാര്യനിർവഹണ സമിതി. ജില്ലാ, ബ്ലോക്ക്, ഗ്രാമ തലങ്ങളിൽ അതതു തദ്ദേശഭരണ സ്ഥാപന പ്രതിനിധികളാണു സാക്ഷരത സമിതി ചെയർമാന്മാർ ആയി പ്രവർത്തിക്കുന്നത്. വാർഡ് തലത്തിൽ കൗൺസിലർമാരാണു പരീക്ഷയുടെ മേൽനോട്ട ചുമതല വഹിക്കേണ്ടത്.