തലശേരി: ടി പി ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ കേസിൽ ജയിൽ ശിക്ഷ അനുഭവിച്ച സിപിഎം നേതാവ് പി കെ കുഞ്ഞനന്തൻ അന്തരിച്ചപ്പോൾ വിപുലമായി വിടവാങ്ങൽ ചടങ്ങാണ് സിപിഎം നൽകിയത്. ഇപ്പോൾ, അദ്ദേഹത്തിന്റെ ഒന്നാം ചരമവാർഷിക ദിനത്തിലും കണ്ണൂർ സിപിഎം വിപുലമായ പരിപാടികലാണ് സംഘടിപ്പിക്കുന്നത്. കോവിഡ് കാലമൊന്നും അതിന് തടസ്സമായില്ല. ഒന്നാം ചരമവാർഷികാചരണ പരിപാടിയുടെ ഭാഗമായി തയ്യാറാക്കിയ സ്മൃതിമണ്ഡപം ഉദ്ഘാടനവും ചെയ്തു. ഇത് കൂടാതെ വിവിധ ഇടങ്ങളിൽ ഫോട്ടോ അനാഛാദനവും നടത്തുന്നുണ്ട്.

ജനഹൃദയങ്ങളിൽ ജീവിച്ച നേതാവാണ് പി.കെ കുഞ്ഞനന്തനെന്ന് മുൻ മന്ത്രിയും സി പി എം കേന്ദ്ര കമ്മിറ്റിയംഗവുമായ ഇ പി ജയരാജൻ സ്മൃതി മണ്ഡപം ഉദ്ഘാടനം ചെയ്തു കൊണ്ട് പറഞ്ഞു. പി.കെ കുഞ്ഞനന്തന്റെ വലതുപക്ഷ ഗൂഢാലോചനയുടെ ഇരയാണ് പി.കെ കുഞ്ഞനന്തൻ. വലതുപക്ഷ മാധ്യമങ്ങളും അദ്ദേഹത്തെ വേട്ടയാടി. എന്നിട്ടും അചഞ്ചലമായ കമ്യൂണിസ്റ്റ് നിശ്ചയദാർഡ്യത്തിലൂടെ പാർട്ടിയെ മുന്നോട്ടു നയിക്കാൻ കുഞ്ഞനന്തനായി. യുവതലമുറയ്ക്ക് മാർഗവെളിച്ചമാണ് കുഞ്ഞനന്തനെന്നും ഇ.പി അനുസ്മരിച്ചു.

കെ.പി മോഹനൻ എം എൽ എ, എം വി ജയരാജൻ, പി.ജയരാജൻ, പി.ഹരീന്ദ്രൻ, കെ.ഇ കുഞ്ഞബ്ദുള്ള തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു. പാറാട് ലോക്കൽ കമ്മിറ്റി ഓഫീസായ നായനാർ മന്ദിരത്തിന്റെ രണ്ടാം നിലയിൽ ഒരുക്കിയ പി.കെ കുഞ്ഞനന്തൻ സ്മാരക ഹാൾ സി പി എം ജില്ലാ സെക്രട്ടറി എംവി ജയരാജൻ ഉദ്ഘാടനം ചെയ്തു. കോവിഡ് പ്രോട്ടോകോൾ പാലിച്ചായിരുന്നു ചടങ്ങുകൾ നടന്നത്.

രാവിലെ എട്ടിന് കുന്നോത്ത് പറമ്പ് തൃപ്പങ്ങോട്ടൂർ പഞ്ചായത്തിലുള്ള അഞ്ച് ലോക്കൽ കമ്മിറ്റികളിലെ 78 ബ്രാഞ്ചുകളിലും പതാക ഉയർത്തി പുഷ്പാർച്ചന നടത്തി. വൈകീട്ട് നാലിന് പാനൂർ ഏരിയാ കമ്മിറ്റി ഓഫീസിൽ സി പി എം സംസ്ഥാന കമ്മിറ്റിയംഗം പി.ജയരാജൻ ഫോട്ടോ അനാഛാദനം ചെയ്യും. 7.30 ന് സിപിഎം പാനൂർ ഏരിയാ കമ്മിറ്റിയുടെ ഫേസ് ബുക്ക് പേജിൽ കുഞ്ഞനന്തൻ സ്മൃതി പഥങ്ങളിലൂടെ എന്ന തത്സമയ അനുസ്മരണ യോഗം നടക്കും. പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.

ടി.പി വധക്കേസിൽ പതിമൂന്നാം പ്രതിയായ പി.കെ കുഞ്ഞനന്തന്റെ ചരമവാർഷികാചരണം സിപിഎം നടത്തുന്നത് മാധ്യമങ്ങളിൽ വാർത്തയായിരുന്നു. വിവാദങ്ങൾക്കിടെയിലാണ് പി.കെ കുഞ്ഞനന്തന്റെ ചരമദിനാചരണം വിപുലമായി ആചരിക്കാൻ സിപിഎം തീരുമാനിച്ചത്.
പി കെ കുഞ്ഞനന്തനെയും പാനൂരിലെ പാർട്ടിയുടെ പ്രവർത്തനങ്ങളെയും പ്രതിപാദിക്കുന്ന ഗാനം പ്രാദേശിക കലാകാരന്മാരുടെ സഹായത്തോടെ പരിപാടിയുടെ ഭാഗമായി തയ്യാറാക്കിയിട്ടുണ്ട്.

ടി പി ചന്ദ്രശേഖരൻ വധക്കേസിൽ ശിക്ഷിക്കപ്പെട്ടതിനെ തുടർന്ന് ജയിലിൽ കഴിയുമ്പോഴാണ് പി കെ കുഞ്ഞനന്തന്റെ രോഗാവസ്ഥയിൽ ആയത്. തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. അവിടെ വച്ചാണ് കഴിഞ്ഞവർഷം ജൂൺ 11ന് മരണം സംഭവിക്കുന്നത്. ജയിലിൽ കഴിയവേ കുഞ്ഞനന്തന് വഴിവിട്ട് പരോൾ അനുവദിച്ചതും ഇടതു സർക്കാറായിരുന്നു.