തിരുവനന്തപുരം: മതനേതാക്കളെ അകറ്റി നിർത്തി വോട്ടുതേടുന്നത് പതിവാക്കിയ സിപിഎം ഇക്കുറി ചെങ്ങന്നൂരിൽ പയറ്റുന്നത് വ്യത്യസ്തമായ കളികളാണ്. സമുദായ നേതാക്കളുടെ അരമനകളുടെ തിണ്ണ നിറങ്ങുകയാണ് സിപിഎം നേതാക്കൾ. സജി ചെറിയാന് വേണ്ടി വോട്ടുറപ്പിക്കുകയാണ് ലക്ഷ്യം. ഇതിന് വേണ്ടി എൽഡിഎഫ് വാഗ്ദാനം നൽകുന്നത് അവരുടെ വൈകാരിക പ്രശ്‌നങ്ങളിൽ പിടിച്ചുകൊണ്ടാണ്. സഭാ പ്രശ്‌നത്തിലെ സുപ്രീംകോടതി വിധി നടപ്പിലാക്കുമെന്നാണ് ഇതിൽ പ്രധാനപ്പെട്ട സൂചന. ഈ പേരു പറഞ്ഞ് വോട്ടു പിടിക്കാനുള്ള ശ്രമം ഒരു വശത്ത് ശക്തമായി നടക്കുമ്പോൾ തന്നെ സുകുമാരൻ നായരെ ഉപയോഗിച്ച് നായർ വോട്ടുകൾ ലക്ഷ്യമിട്ടും കരുക്കൾ നീക്കുന്നുണ്ട്. നായർ വിഭാഗത്തെ ഒപ്പം നിർത്താനുള്ള ശ്രമം സാമ്പത്തിക സംവരണമെന്ന കാര്യം ചൂണ്ടിക്കാട്ടി കൊണ്ടാണ്.

ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയനെ കാണാൻ തിരുവനന്തപുരം ഭദ്രാസനാധിപൻ ഗബ്രിയേൽ മാർ ഗ്രിഗോറിയോസ് എത്തിയത് നിർണായകമായി വിലയിരുത്തപ്പെടുന്നു. സഭാ പ്രതിനിധികളും ചെങ്ങന്നൂരിൽ മുഖ്യമന്ത്രി പിണറായി വിജയനെയും സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെയും സന്ദർശിക്കുകയാിരുന്നു.

ചെങ്ങന്നൂർ ഭദ്രാസനാധിപൻ തോമസ് മാർ അത്താനാസിയോസിനെ കാണാൻ മുഖ്യമന്ത്രി ആവശ്യപ്പെട്ടെന്ന വാർത്ത മാതൃഭൂമി ചാനൽ പുറത്തുവിട്ടതിന് പിന്നാലെയാണ് വൈകിട്ട് സന്ദർശനം നടന്നത്. തോമസ് മാർ അത്താനാസിയോസിനെ പ്രതിനിധീകരിച്ചാണ് തങ്ങൾ മുഖ്യമന്ത്രിയെ കാണാൻ എത്തിയതെന്നു സഭാനേതൃത്വം അറിയിച്ചു. സർക്കാരിന്റെ പ്രവർത്തനങ്ങളിൽ സഭയ്ക്ക് മതിപ്പും സംതൃപ്തിയുമുണ്ടെന്ന് ഗബ്രിയേൽ മാർ ഗ്രിഗോറിയോസ് പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. ഈ സർക്കാരിനെ സംബന്ധിച്ചിടത്തോളം സഭയ്ക്ക് സന്തോഷമുള്ള സാഹചര്യമാണ് നിലവിലുള്ളത്. ഇത് ജനങ്ങൾക്കും ബോധ്യമുണ്ട്. ഇതിന്റെ പ്രയോജനം ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിലും ഉണ്ടാകും.

സർക്കാരിന്റെ മദ്യനയത്തിൽ തെറ്റില്ല. മദ്യനിരോധനമല്ല മദ്യവർജനമാണ് സഭയുടെയും നയം. മദ്യം നിരോധിച്ച രാജ്യങ്ങളിൽ മയക്കുമരുന്ന് ഉപയോഗം വർധിച്ചതായാണ് കാണുന്നത്. മദ്യവർജനം മാത്രമേ വിജയിക്കൂവെന്നും മെത്രാപൊലീത്ത പറഞ്ഞു. ചെങ്ങന്നൂർ ഭദ്രാസന സെക്രട്ടറി ഫാ. മാത്യു എബ്രഹാം, മർത്ത മറിയം സമാജം കേന്ദ്ര വൈസ് പ്രസിഡന്റ് ഫാ. മാത്യു വർഗീസ്, വൈദികസംഘം സെക്രട്ടറി ഫാ. തോമസ് അമയിൽ, സഭാ മാനേജ്‌മെന്റ് കമ്മിറ്റി അംഗങ്ങളായ അഡ്വ. മാത്യൂസ് മഠത്തേത്ത്, ബിജു മാത്യു, സജി പട്ടരുമഠം എന്നിവരും ഒപ്പമുണ്ടായി.

സുപ്രീംകോടതി വിധി പ്രകാരം ഓർത്തഡോക്‌സ് സഭയ്ക്ക് പിറവം വലിയ പള്ളി വിഷയത്തിൽ അനുകൂല തീരുമാനം കൈക്കൊള്ളാമെന്ന വാഗ്ദാനമാണ് എൽഡിഎഫ് മുന്നോട്ടു വെക്കുന്നത്. മണ്ഡലത്തിലെ ഈഴവ വോട്ടുകൾ ഉറപ്പിക്കാനും അരയും തലയും മുറുക്കി സിപിഎം നേതാക്കൾ രംഗത്തുണ്ട്. ഈഴവ വോട്ടുകൾ നിരണായകമായ മണ്ഡലത്തിൽ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും എംവി ഗോവിന്ദനും എസ്എൻഡിപി യൂണിയൻ ഓഫീസിൽ ഒന്നര മണിക്കൂർ കുത്തിയിരുന്നതിൽ പോരാട്ടചിത്രം വ്യക്തമാക്കുന്നതാണ്.

സിപിഎമ്മിന്റെ ചരിത്രത്തിലാദ്യമായിട്ടാണ് ഒരു സമുദായ സംഘടനയുടെ ഓഫീസിൽ സംസ്ഥാന സെക്രട്ടറി നേരിട്ട് പോയി പിന്തുണ അഭ്യർത്ഥിക്കുന്നത്. അതുകൊണ്ട് തന്നെ ഇതൊരു കൗതുകമായി മാറുകയും ചെയ്തു. എസ്എൻഡിപിയും ബിഡിജെഎസും മണ്ഡലത്തിൽ നിർണായക ശക്തിയാണെന്ന് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ തന്നെ തെളിഞ്ഞതാണ്. അത് അംഗീകരിക്കാൻ മടിക്കുന്നത് ബിജെപിയാണെന്ന് മാത്രം.

എൻഡിഎ സ്ഥാനാർത്ഥി ശ്രീധരൻ പിള്ള പക്ഷേ, ഇക്കാര്യം അറിയാവുന്നയാളാണ്. അതു കൊണ്ടു തന്നെയാണ് അദ്ദേഹം ബിഡിജെഎസിന് വേണ്ടി വാദിക്കുന്നതും. ഷാഫി പറമ്പിൽ, എപി അബ്ദുള്ളക്കുട്ടി, കെഎസ് ശബരീനാഥൻ എംഎൽഎ, വിഡി സതീശൻ, രമേശ് ചെന്നിത്തല, ഉമ്മൻ ചാണ്ടി എന്നിവർ യുഡിഎഫിന് വേണ്ടി സജീവ പ്രചാരണം നയിക്കാനെത്തിയതോടെയാണ് ആലസ്യം വെടിഞ്ഞ് യുഡിഎഫ് പ്രചാരണത്തിൽ മുന്നിലെത്തിയത്. കേരളാ കോൺഗ്രസ് എമ്മും യുവജനസംഘടനയും സ്വന്തം നിലയിൽ യുഡിഎഫിന് വേണ്ടി ശക്തമായി രംഗത്തുണ്ട്. ബൂത്ത് കൺവൻഷനും ഭവനസന്ദർശനവുമായി ഇവർ കളം നിറഞ്ഞതും എൽഡിഎഫിന് തിരിച്ചടിയായി. മുന്മന്ത്രി അടൂർ പ്രകാശ് 20 ദിവസമായി മുളക്കുഴ പഞ്ചായത്തിൽ താമസിച്ച് പ്രചാരണ ജോലികളിൽ മുഴുകുകയാണ്.