തിരുവനന്തപുരം: യുപിഎ സർക്കാർ തുടങ്ങിവെക്കുകയും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി തുടർന്ന് ഏറ്റെടുക്കുകയും ചെയ്ത പദ്ധതിയാണ് സ്വച്ഛ് ഭാരത് പദ്ധതി. നഗര-ഗ്രാമ ശുചീകരണം ലക്ഷ്യമിട്ടുള്ള പരിപാടിയിൽ ദേശീയ തലത്തിൽ തന്നെ ഏറെ ശ്രദ്ധ നേടി. നരേന്ദ്ര മോദി ചാനലിലൂടെ ആഹ്വാനം ചെയ്തത് പ്രകാരം ബോളിവുഡ് താരങ്ങൾ അടക്കം ചൂലെടുക്കുകയും ചെയ്തു. എന്നാൽ ചൂലെടുത്തവരുടെ ചിത്രങ്ങൾ ഫേസ്‌ബുക്കിലും ട്വിറ്ററിലും മാദ്ധ്യമങ്ങളിലും പ്രത്യക്ഷപ്പെട്ടതൊഴിച്ചാൽ കാര്യമായ ശുചീകരണ പ്രവർത്തനങ്ങളൊന്നും നടന്നില്ല. കേരളത്തിൽ ശശി തരൂർ നടത്തിയ ശൂചീകരണം കോൺഗ്രസുകാരുടെ കടുത്ത പ്രതിഷേധത്തിന് ഇടയാക്കി. ഇതിനിടയിൽ സിപിഐ(എം) സംഘടനാ പാടവം ഉപയോഗിച്ച് സിപിഎമ്മും കേരളത്തെ ശുചീകരിക്കാൻ രംഗത്തു വന്നു. ഡോ. തോമസ് ഐസക്കിന്റെ ബുദ്ധിയിൽ ഉദിച്ച ശുചീകരണ പദ്ധതി ഒരിക്കൽ കൂടി മാതൃത തീർക്കുകയാണ്.

മാലിന്യപ്രശ്‌നം രൂക്ഷമായ തിരുവനന്തപുരം പാളയം മാർക്കറ്റിലെ ഡമ്പിങ് ഏരിയ ശുചീകരിച്ചാണ് സിപിഐ(എം) മാതൃകയായത്. എന്റെ നഗരം സുന്ദര നഗരം പദ്ധതിയുടെ ഭാഗമായിട്ടായിരുന്നു പാർട്ടിയുടെ ശുചീകരണ പരിപാടി. പാളയം മാർക്കറ്റിന്റെ 25 ഇടങ്ങളിലായി മാലിന്യം നിക്ഷേപിക്കാൻ പാർട്ടി പ്രവർത്തകർ എയറോബിക് ബിൻ സ്ഥാപിക്കുകയും ചെയ്തു. പി കൃഷ്ണ പിള്ള സ്മാരകം തകർത്ത കേസുമായി ബന്ധപ്പെട്ട് വി എസ് അച്യുതാനന്ദൻ നടത്തിയ പ്രസ്താവനയുടെ പിരിമുറുക്കമൊന്നും ബാധിക്കാത്ത അന്തരീക്ഷത്തിലായിരുന്നു സിപിഎമ്മിന്റെ ശുചീകരണ യജ്ഞം. വിഭാഗീയ ചിന്തകളൊക്കെ മറന്ന് പിണറായി വിജയനും വി എസ് അച്യുതാനന്ദനും പാർട്ടി ഏറ്റെടുത്ത ശുചീകരണ യജ്ഞത്തിൽ പങ്കാളികളായി.

നരേന്ദ്ര മോദി ആഹ്വാനം ചെയ്ത ശുചീകരണ പരിപാടിയോട് തുടക്കത്തിൽ ആവേശം കാണിച്ച ബിജെപി പ്രവർത്തകർ പോലും പിന്നോക്കം പോയ വേളയിലാണ് തുടങ്ങിയ അതേ ആവേശത്തിൽ തന്നെ സിപിഐ(എം) പ്രവർത്തകരും നേതാക്കളും രംഗത്തെത്തിയത്. താൻ ആവിഷ്‌ക്കരിച്ച പദ്ധതിയുടെ വിജയകരമായ നടത്തിപ്പിനായി കൈയും മെയ്യും മറന്ന് മുന്നിൽ നിന്നത് ഡോ. തോമസ് ഐസക് തന്നെയായിരുന്നു. പാളയം മാർക്കറ്റിലെ ഡംബിഗ് യാർഡ് ലോറികളിൽ മണ്ണടിച്ച് മൂടിയായിരുന്ന സിപിഐ(എം) നഗരശുചീകരണത്തിന് തുടക്കമിട്ടത്.

500 പേർ സന്നദ്ധപ്രവർത്തനങ്ങളിൽ പങ്കാളികളായി. പാളയം ഡമ്പിങ് യാർഡിലെ ശുചീകരണ പ്രവർത്തനങ്ങൾ പ്രതിപക്ഷ നേതവ് വി എസ് അച്യുതാനന്ദൻ ഉദ്ഘാടനം ചെയ്തു. ഡമ്പിങ് യാർഡ് തൽക്കാലം മണ്ണിട്ടു മൂടിയ ഇടത്ത് ഇനി മാലിന്യങ്ങൾ വലിച്ചെറിയില്ല എന്നുറപ്പു വരുത്താനണ് തീരുമാനിച്ചിട്ടുള്ളത്. മാർക്കറ്റിലെ മാലിന്യങ്ങൾ ഇനിമേൽ ഇവിടെ പണിതിട്ടുള്ള എയ്‌റോബിക് ബിന്നുകളിൽ സംസ്‌ക്കരിക്കാനാണ് ഒരുക്കം. മാർക്കറ്റിലെ 25 എയ്‌റോബിക് ബിന്നുകൾ സ്ഥാപിക്കുന്നതിന്റെ ഉദ്ഘാടനം പാർട്ടി സംസ്ഥാന സെക്രട്ടറി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്തത്. ഊരാളുങ്കൽ കോർപ്പറേറ്റ് സൊസൈറ്റിയാണ് എയറോബിക് ബിൻ സ്ഥാപിക്കാൻ മുൻകൈയെടുത്ത് രംഗത്തെത്തിയത്.

പാളയം മാർക്കറ്റിലെ മാലിന്യം മൂടിയതോടെ നഗരമധ്യത്തിലെ പ്രധാന മാലിന്യ നിക്ഷേപ കേന്ദ്രമാണ് ഇല്ലാതാകുന്നത്. ഇതോടെ പാളയം വാർഡിനെ ശുചിത്വവാർഡായി പ്രഖ്യാപിക്കാനും ഒരുങ്ങുകയാണ്. ഇന്ന് വൈകുന്നേരം പാളയം വാർഡിനെ സമ്പൂർണ്ണ ശുചിത്വ വാഡായുള്ള പ്രഖ്യാപനവും നടത്തുണ്ട്. സ്വച്ഛ് ഭാരത് പദ്ധതിയുടെ ഭാഗമായുള്ള ശുചീകരണ പ്രവർത്തനങ്ങളിൽ നിന്നും ബിജെപി പ്രവർത്തകർ പോലും പിൻവലിഞ്ഞ ഘട്ടത്തിലണ് സിപിഐ(എം) തിരുവനന്തപുരം നഗരത്തിൽ ശുചീകരണ പദ്ധതിയുമായി എത്തിയത്. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് കൂടി അടുത്ത സാഹചര്യത്തിൽ തിരുവനന്തപുരത്ത് സിപിഎമ്മിന് പ്രധാന എതിരാളികളായി വരിക ബിജെപിയാണ്. ഇത് കൂടി മുന്നിൽ കണ്ടുള്ള പ്രവർത്തനങ്ങളാണ് സിപിഐ(എം) ഇപ്പോൾ നടത്തുന്നത്.