ന്യൂഡൽഹി: ഡൽഹിയിൽ ബിജെപി ആസ്ഥാനത്തേക്ക് സി.പി.എം മാർച്ച് നടത്തി. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി മാർച്ച് ഉദ്ഘാടനം ചെയ്തു. പോളിറ്റ് ബ്യൂറോ അംഗങ്ങളായ പ്രകാശ് കാരാട്ട്, വൃന്ദ കാരാട്ട് തുടങ്ങിയ പ്രമുഖരും മാർച്ചിൽ അണിനിരന്നു. ബിജെപി കേന്ദ്ര നേതാക്കളുടെ കള്ളപ്രചരണത്തിനെതിരേയാണ് സി.പി.എം മാർച്ച് സംഘടിപ്പിച്ചത്.

കേരളത്തിൽ സംസ്ഥാന് അദ്ധ്യക്ഷൻ കുമ്മനം രാജശേഖരന്റെ ജനരക്ഷായാത്രയോട് അനുബന്ധിച്ച് കേരളത്തെയും ഇടത് സർക്കാരിനെയും കള്ളപ്രചരണങ്ങൾ നടത്തി ബിജെപി ബോധപൂർവം അപകീർത്തിപ്പെടുത്തുകയാണ്. സി.പി.എം പ്രവർത്തകർക്കെതിരേ പരസ്യ ആക്രമണത്തിനാണ് നേതാക്കൾ ആഹ്വാനം ചെയ്യുന്നതെന്നും സി.പി.എം കേന്ദ്ര നേതൃത്വം ആരോപിച്ചു.

200 ഓളം പ്രവർത്തകരാണ് മാർച്ചിന് അണിനിരന്നത്. സി.പി.എം പ്രവർത്തകർക്ക് പുറമേ കർഷക സംഘം പ്രവർത്തകരും ജെഎൻയുവിൽ നിന്നുള്ള ഇടത് അനുകൂല സംഘടനകളിലെ വിദ്യാർത്ഥികളും പ്രതിഷേധ മാർച്ചിൽ പങ്കെടുത്തു. ഒരാഴ്ചയ്ക്കിടെ രണ്ടാം തവണയാണ് ഡൽഹിയിൽ ബിജെപി ആസ്ഥാനത്തേക്ക് സി.പി.എം മാർച്ച് നടത്തിയത്.