കണ്ണൂർ: തളിപ്പറമ്പിൽ കോൺഗ്രസ് ഓഫീസിനു നേരെ സിപിഎം പ്രവർത്തകരുടെ ആക്രമണം. കൂട്ടമായെത്തിയ പ്രവർത്തകർ ഓഫീസിനു നേരെ കല്ലെറിഞ്ഞു. ഓഫീസ് പരിസരത്തെ കൊടിമരവും പോസ്റ്ററും നശിപ്പിക്കുകയും ചെയ്തു. സംഭവത്തെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി സുരക്ഷ ശക്തമാക്കി.

അതേസമയം എസ്.എഫ്.ഐ പ്രവർത്തകനായ ധീരജിന്റെ മൃതദേഹം ചൊവ്വാഴ്ച തളിപ്പറമ്പിലെത്തിക്കും. സംസ്‌കാരം വൈകീട്ട് നടക്കും. ചൊവ്വാഴ്ച പോസ്റ്റുമോർട്ടത്തിന് ശേഷം ഇടുക്കി, തൊടുപുഴ, മൂവാറ്റുപുഴ, അങ്കമാലി, ചാലക്കുടി, തൃശ്ശൂർ, കുന്നംകുളം, എടപ്പാൾ, കോട്ടക്കൽ, തേഞ്ഞിപ്പാലം, കോഴിക്കോട്, കൊയിലാണ്ടി, വടകര വഴി മാഹിയിൽ വെച്ച് കണ്ണൂർ ജില്ലയിൽ പ്രവേശിക്കും.

മാഹിപ്പാലം, തലശ്ശേരി, മീത്തലെപീടിക, മുഴപ്പിലങ്ങാട് കുളം ബസാർ, തോട്ടട ഗവ. പോളിടെക്‌നിക്ക്, താഴെചൊവ്വ, കണ്ണൂർ തെക്കി ബസാർ, പുതിയതെരു, പാപ്പിനിശ്ശേരി പഞ്ചായത്ത്, കല്യാശ്ശേരി, ധർമ്മശാല എന്നിവിടങ്ങളിൽ ആബുലൻസിൽ വെച്ച് തന്നെ മൃതദേഹം കാണാനുള്ള സൗകര്യം ഒരുക്കും. തളിപ്പറമ്പ് കെ കെ എൻ പരിയാരം സ്മാരക ഹാളിൽ പൊതുദർശനത്തിന് സൗകര്യമുണ്ടാക്കും. സിപി എം തളിപ്പറമ്പ് ഏരിയാകമ്മിറ്റി ഓഫീസിലെ പൊതുദർശനത്തിന് ശേഷം വീട്ടിലേക്ക് കൊണ്ടുപോകും.

വീടിനടുത്തുള്ള സ്ഥലത്താണ് ശവസംസ്‌കാര ചടങ്ങ് . ചൊവ്വാഴ്ച വൈകുന്നേരം നാലു മണി മുതൽ തളിപ്പറമ്പ് ടൗണിൽ ഹർത്താൽ ആചരിക്കും. ഹർത്താലിൽ നിന്ന് മെഡിക്കൽ ഷോപ്പുകളെയും, ഹോട്ടലുകളെയും ഒഴിവാക്കിയിട്ടുണ്ട്. വൈകീട്ട് നാലു മണി മുതൽ തളിപ്പറമ്പ് ടൗൺ സ്‌ക്വയറിൽ ധീരജിന്റെ ഫോട്ടോയുടെ മുമ്പിൽ രക്തപുഷ്പങ്ങൾ അർപ്പിക്കാൻ പ്രത്യേക സൗകര്യമൊരുക്കും. ക്രമീകരണങ്ങളുമായി സഹകരിക്കണമെന്ന് സിപിഎം ജില്ലാസെക്രട്ടറി എം വി ജയരാജൻ അറിയിച്ചു.