കൊച്ചി: വീട്ടമ്മയെ കടന്നുപിടിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന പരാതിയിൽ കുറ്റാരോപിതന് വേണ്ടി സി.പി.എം ലോക്കൽ കമ്മിറ്റി അംഗം പണം വാഗ്ദാനം ചെയ്യുന്ന ശബ്ദരേഖ പുറത്ത്. കൂത്തുപറമ്പിലെ മുസ്ലിം ലീഗ് നേതാവിന്റെ മകൻ അഫ്സലിനെതിരെയുള്ള പരാതി ഒതുക്കിത്തീർക്കാനാണ് സി.പി.എം കൂത്തുപറമ്പ് നോർത്ത് ലോക്കൽ കമ്മിറ്റി അംഗവും കൂത്തുപറമ്പ് നഗരസഭ ആറാം വാർഡ് കൗൺസിലറുമായ ഷമീർ പരാതിക്കാരിയെ വിളിക്കുന്ന ശബ്ദരേഖയാണ് പുറത്ത് വന്നത്. കൂത്തുപറമ്പിലെ രണ്ട് കുട്ടികളുടെ അമ്മയായ മുസ്ലിം സ്ത്രീയെയാണ് അകന്ന ബന്ധത്തിൽ ഉള്ള അഫ്സൽ എന്ന യുവാവ് പീഡിപ്പിക്കാൻ ശ്രമിച്ചത്. സംഭവത്തിൽ കൂത്തുപറമ്പ് സ്റ്റേഷനിൽ ഒരാഴ്ച മുമ്പാണ് യുവതി പരാതി നൽകിയത്. ഇതേത്തുടർന്നാണ് കൗൺസിലറാണ്, ഷെമീർ എന്ന പരിചയപ്പെടുത്തലോടെ സംസാരിച്ചു തുടങ്ങുന്നത്.

ഫോൺ സംഭാഷണത്തിനിടയിൽ ഇത് എങ്ങനെ ഒതുക്കിത്തീർക്കാം..? സാമ്പത്തികമായാണോ നിങ്ങൾ ആഗ്രഹിക്കുന്നത് എന്ന സി.പി.എം കൗൺസിലറുടെ ചോദ്യത്തോട് ശക്തമായ ഭാഷയിലാണ് വീട്ടമ്മ പ്രതികരിക്കുന്നത്. നിങ്ങൾക്ക് നാണമുണ്ടോ ഇങ്ങനെ ചോദിക്കാൻ, ഒരു പെണ്ണിനെയല്ല ഇവൻ ചതിച്ചത് ഒരുപാട് പെണ്ണുങ്ങളെ അവൻ ചതിച്ചിട്ടുണ്ട്. കേസ് തന്നെയാവട്ടെ എന്നാണ് കൗൺസിലർക്ക് സ്ത്രീ നൽകിയ മറുപടി. എന്നാൽ പെട്ടന്നുള്ള ദേഷ്യത്തിലാണ് ഷമീറിനോട് ഇത്തരത്തിൽ പ്രതികരിച്ചതെന്ന് പരാതിക്കാരി മറുനാടൻ മലയാളിയോട് പറഞ്ഞു. ഷമീർ വിളിച്ചതിൽ പരാതിയില്ല, അഫ്സലിനെ എന്ത്കൊണ്ടാണ് പൊലീസ് പിടികൂടാത്തതെന്നും പരാതിക്കാരിയായ വീട്ടമ്മ പറയുന്നു. എന്നാൽ വീട്ടമ്മയും കൗൺസിലർ ഷെമീറും തമ്മിലുള്ള ഫോൺ സംസാരം സോഷ്യൽ മീഡിയയിൽ പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. തന്റെ സുഹൃത്തിന് നൽകിയ ശബ്ദരേഖയാണ് പ്രതികരിച്ചതെന്നും വീട്ടമ്മ പറയുന്നു.

അതേസമയം, ലീഗ്, സി.പി.എം നേതാക്കളുടെ സമ്മർദ്ദം മൂലമാണ് ഷമീറിനെതിരെ സ്ത്രീ പരാതി നൽകാത്തതെന്ന് യുവമോർച്ച കണ്ണൂർ ജില്ല അദ്ധ്യക്ഷ ലസിത പാലക്കൽ ആരോപിച്ചു. സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള, കൗൺസിലർ ഷമീറിന്റെ ശബ്ദരേഖ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത് ചൂണ്ടിക്കാട്ടി ലസിത പാലക്കൽ കൂത്തുപറമ്പ് എസ്ഐയ്ക്ക് മുമ്പാകെ പരാതി നൽകി. കഴിഞ്ഞ ദിവസം വിഷയത്തിൽ യുവമോർച്ച കൂത്തുപറമ്പ് നഗരസഭ കാര്യലയത്തിന് മുന്നിൽ പ്രതിഷേധ പരിപാടികളും സംഘടിപ്പിച്ചിരുന്നു. അഫ്സലിന്റെ മെമ്മറി കാർഡിൽ കൂത്തുപറമ്പിലെ നിരവധി പെൺകുട്ടികളുടെ നഗ്‌നചിത്രങ്ങൾ ഉണ്ടെന്നാണ് വീട്ടമ്മ പലരോടും സംസാരിച്ചിട്ടുള്ളത്. പല പെൺകുട്ടികളുടേയും പേര് വീട്ടമ്മയുടേതായ വിവിധ ശബ്ദരേഖകളിലൂടെ പ്രചരിക്കുന്നുണ്ട്. അഫ്സലിന്റെ മെമ്മറി കാർഡ് ഈ വീട്ടമ്മയുടെ കൈവശമാണ് ഇപ്പോൾ ഉള്ളതെന്നാണ് വിവരം. ഇത് പൊലീസ് എത്രയും വേഗം പിടിച്ചെടുക്കണമെന്നും ലസിത പാലക്കൽ ആവശ്യപ്പെടുന്നു. മെമ്മറി കാർഡ് തന്റെ കൈവശം ഉണ്ടെന്ന് മറുനാടൻ മലയാളിയോടും വീട്ടമ്മ സ്ഥിരീകരിച്ചു.

ആഴ്ചകൾക്ക് മുമ്പാണ് കേസിന്റെ തുടക്കം. നാട്ടിൽ ഇടയ്ക്ക് വന്നുപോകുന്ന അഫ്സൽ ലഭിക്കുന്ന വിവരം അനുസരിച്ച് മൊബൈൽ ഷോപ്പ് നടത്തുകയാണ്. നാട്ടിലെ പെൺകുട്ടികളുടെ തലവെട്ടി ഒട്ടിച്ച നഗ്‌ന ചിത്രങ്ങൾ വച്ചാണ് ഇയാളുടെ മുതലെടുപ്പിന്റെ തുടക്കം. പിന്നീട് പ്രണയം നടിച്ചും ഭീഷണിപ്പെടുത്തിയും പെൺകുട്ടികളെ ഇയാൾ ഫോൺ സെക്സിനും നാട്ടിൽ വരുമ്പോൾ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാനും നിർബന്ധിക്കും. വരില്ലെന്ന് പറയുന്നവരുടെ തലവെട്ടി ഒട്ടിച്ച നഗ്‌നചിത്രങ്ങൾ പുറത്ത് വിടുമെന്ന് ഭീഷണിപ്പെടുത്തും. ഇത്തരത്തിലുള്ള അഫ്സലിന്റെ പ്രവർത്തനം അറിഞ്ഞാണ് രണ്ട് കുട്ടികളുടെ മാതാവായ സ്ത്രി ഇവരുമായി സംസാരിച്ച് തന്ത്രപരമായി, സ്വന്തം ചെലവിൽ ടിക്കറ്റെടുത്തുകൊടുത്ത് ഖത്തറിൽ നിന്ന് നാട്ടിൽ എത്തിച്ചത്. ഇയാളുടെ മൊബൈലിൽ നിന്ന് മെമ്മറികാർഡും കൈവശപ്പെടുത്തി. ഇതിനിടയിലാണ് വീട്ടമ്മയെ പീഡനത്തിന് ഇരയാക്കാൻ ഇയാൾ ശ്രമിച്ചത്.

ഈ സമയം ഭർത്താവിനോട് വിവരങ്ങൾ അറിയിച്ചിരുന്നു. തുടർന്ന് കൂത്തുപറമ്പ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. എന്നാൽ സ്റ്റേഷനിൽ എത്തിയ അഫ്സൽ വീട്ടമ്മയുമായി ഇഷ്ടത്തിലാണെന്നും, അവരെ വിവാഹം ചെയ്യണമെന്നും പൊലീസിനെ അറിയിച്ചു. ഇതോടെ ഭർത്താവ് വീട്ടമ്മയുമായി അകന്നുതാമസിക്കുകയാണ് ഇപ്പോൾ. തനിക്ക് അഫ്സലുമായി യാതൊരു ബന്ധവുമില്ലെന്നും, അഫ്സലിനെ നാട്ടിൽ എത്തിക്കാനായാണ് സൗഹൃദത്തിൽ സംസാരിച്ചതെന്നും പരാതിക്കാരിയായ വീട്ടമ്മ പറയുന്നു. അതേസമയം, വീട്ടമ്മയുടെ പരാതിയിൽ കൂത്തുപറമ്പ് പൊലീസ് അഫ്സലിനെതിരെ ഐപിസി 354 പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. പരാതിയിൽ കൂടുതൽ അന്വേഷണം നടത്തി വരുകയാണെന്നും കൂത്തുപറമ്പ് എസ്ഐ കെവി നിഷിദ്ധ് മറുനാടൻ മലയാളിയോട് പറഞ്ഞു.

എന്നാൽ പരാതിക്കാരിയുമായി സുഹൃത്തുക്കൾ ഫോണിൽ സംസാരിക്കുമ്പോൾ, അഫ്സലിന്റെ ചതിയിൽ വീണ കൂത്തുപറമ്പിലെ നിരവധി പെൺകുട്ടികളുടെ പേര് വിവരങ്ങൾ ഇവർ പറയുന്നുണ്ട്. ഇത്തരത്തിലുള്ള ഒന്നിലധികം ശബ്ദരേഖ മറുനാടൻ മലയാളിക്ക് ലഭിച്ചു. വിവാഹം കഴിഞ്ഞതും, ഭർത്താക്കന്മാർ ഗൾഫിൽ ഉള്ളതുമായ ഹിന്ദു, മുസ്ലിം പെൺകുട്ടികളുടേയും വീട്ടമ്മമാരുടേയും പേര് വിവരങ്ങളാണ് പരാതിക്കാരി വെളിപ്പെടുത്തുന്നത്. ഇവരുടെ നഗ്‌ന ചിത്രങ്ങൾ അടങ്ങിയ മെമ്മറി കാർഡ് കോടതിക്ക് മുമ്പാകെ മാത്രമേ താൻ കൈമാറുകയുള്ളുവെന്നും പരാതിക്കാരി മറുനാടൻ മലയാളിയോട് പറഞ്ഞു. കേസിലെ മുഖ്യപ്രതി അഫ്സൽ ഖത്തറിലാണെന്നാണ് പൊലീസിന് ലഭിക്കുന്ന വിവരം. ഇയാളെ നാട്ടിലെത്തിക്കാനുള്ള നടപടികളുമായി നീങ്ങുകയാണ് കൂത്തുപരമ്പ് പൊലീസ്.