- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിപ്ലവം അതിന്റെ സന്തതികളെ കൊന്നു തിന്നുന്നോ? ലെനിൻ പറഞ്ഞത് അച്ചട്ടായത് കണ്ണൂരിലെ സിപിഎമ്മിൽ; ഡിഫൻസ് ടീമെന്നും ചെ ഗുവേര സ്ക്വാഡെന്നും വിളിപ്പേരുള്ള ക്വട്ടേഷൻ സംഘങ്ങൾ; ഒരിക്കൽ കത്തിയെടുത്താൽ പിന്നെ ജീവിതത്തിലേക്ക് തിരിച്ചു പോക്കില്ല; രാഷ്ട്രീയ എതിരാളിക്കൊപ്പം ജീവിതം ഹോമിക്കുന്നത് സ്വന്തം പാർട്ടി അണികളും; കൂലേരി രതീഷിന്റെ മരണത്തിന്റെ പിന്നാമ്പുറങ്ങൾ തേടുമ്പോൾ
കണ്ണൂർ:വിപ്ളവം അതിന്റെ സന്തതികളെ കൊന്നു തിന്നുവെന്ന ലെനിനിന്റെ ചരിത്ര പ്രസിദ്ധമായ വാചകം കണ്ണൂരിലെ സിപിഎമ്മിനെ സംബന്ധിച്ചിടുത്തോളം അന്വർത്ഥമായിട്ട് കാലം കുറെയായി. സായുധവിപ്ളവത്തിലുടെ എതിരാളികളെ ഉന്മുലനം ചെയ്യുന്ന ബി.ടി.ആർ ലൈൻപാർട്ടി അഖിലേന്ത്യാ തലത്തിൽ തന്നെ വിട്ടിട്ട് കാൽ നൂറ്റാണ്ട് കഴിഞ്ഞിട്ടും ഇപ്പോഴും അതിന്റെ അനുരണനങ്ങൾ ഇന്ത്യയിലെ ഏറ്റവും ശക്തമായ ജില്ലാ ഘടകമായ കണ്ണൂർ പാർട്ടിയിൽ അവശേഷിച്ചു നിൽക്കുകയാണ് രാഷ്ട്രീയ എതിരാളികളോട് അസഹിഷ്ണുത കുടുമ്പോൾ പരിവർത്തനപ്പെടുന്ന കൊലപാതക രാഷ്ട്രീയത്തിൽ ജീവത്യാഗം ചെയ്യപെടുന്നത് എതിർ കൊടി പിടിക്കുന്നവർ മാത്രമല്ല വെട്ടാനും ചാവാനും നടക്കുന്ന സ്വന്തം പാർട്ടി അണികൾ കൂടിയാണ്. കൊലക്കേസുകളിൽ പാർട്ടി കൊടുക്കുന്ന ലിസ്റ്റ് പ്രകാരമോ എതിരാളികൾ നൽകുന്ന പട്ടികയിലോ സ്ഥാനം പിടിക്കുന്ന ദരിദ്രകുടുംബ പശ്ചാത്തലമുള്ളവർക്ക് ജീവിതം വഴിമുട്ടുമ്പോൾ ഒന്നുകിൽ സ്വയം ജീവനൊടുക്കുകയോ അല്ലെങ്കിൽ വീണ്ടും വെട്ടാനും കൊല്ലാനും പോവുകയോ മാത്രമേ വഴിയുള്ളൂ.
കണ്ണൂരിലെ ദുരൂഹ മരണങ്ങൾ
കണ്ണൂരിൽ എല്ലാ രാഷ്ട്രീയ കൊലപാതകങ്ങൾക്കും ഒരു ചരിത്രമുണ്ട്. കൊല്ലപ്പെടുന്നവരോടൊപ്പം കൊല്ലുന്നവനും ജീവൻ നഷ്ടപ്പെടുന്നുവെന്നതാണ് അതിന്റെ ചരിത്രം. മുസ്ലിം ലീഗ് പ്രവർത്തകൻ പെരിങ്ങത്തൂരിലെ മൻസുറിന്റെ കൊലപാതകകേസിൽ കുറ്റാരോപിതനായ കൂലോത്ത് രതീഷ് ജീവനൊടുക്കിയപ്പോഴും ആചരിത്രം ആവർത്തിക്കുക തന്നെയാണ് ചെയ്തത് തലശേരിയിലെ ഫസൽ വധ കേസിനു ശേഷം സിപിഎ. മ്മിന്റെ രാഷ്ട്രീയ ക്വട്ടേഷൻ സംഘത്തിൽപ്പെട്ട ന്യൂമാഹിയിലെ പഞ്ചാര ഷിനിലും മുഴിക്കര കുട്ടനും ദൂരൂഹ സാഹചര്യങ്ങളിൽ മരണപ്പെട്ടിരുന്നു.
സിപിഎ. മ്മിൽ നിന്നും എൻ.ഡി.എഫ് പ്രവർത്തകനായി മാറിയതാണ് ഫസലിനെ വധിക്കാൻ കാരണമായത്. ഒരു ചെറിയ പെരുന്നാൾ ദിവസം തേജസ് പത്രത്തിന്റെ ഏജന്റും വിതരണക്കാരനുമായ ഫസലിനെ പത്രവിതരണത്തിനിടെയാണ് സൈദാർ പള്ളിയിൽ വെച്ച് പുലർച്ചെ അഞ്ചു മണിയോടെ വെട്ടി കൊല്ലുന്നത്. പിന്നീട് ആർ.എസ്.എസ് പ്രവർത്തകൻ കുപ്പി സുബീഷിന്റെ മൊഴി ഉപയോഗിച്ച് കേസ് ആർ.എസ്.എസിനു മേൽ പഴിചാരാൻ പൊലിസിനെ ഉപയോഗിച്ചു ശ്രമിച്ചുവെങ്കിലും നടന്നില്ല. ഒടുവിൽ ഫസലിന്റെ കുടുംബം ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്ന് സിപിഎം നേതാക്കളായ കാരായി രാജനെയും ചന്ദ്രശേഖരനെയും സിംബി ഐ അന്വേഷണം നടത്തി ഗൂഢാലോചന കുറ്റത്തിന് പിടികൂടി ജയിലിൽ ഇടുകയും ചെയ്തു.
പാർട്ടിക്കായി ആയുധമെടുത്തവർ
പാർട്ടിക്കെതിരെ തിരിഞ്ഞാൽ സ്വന്തം പിതാവിനെ പോലും വെട്ടി മലർത്താൻ മടിയില്ലാത്തവരാണ് കണ്ണൂരിലെ ചാവേറുകളായ പാർട്ടി അണികൾ . അവരുടെ സിരകളിൽ ഓടുന്ന ഓരോ തുള്ളി ചോരയിലും പാർട്ടിക്കൂറ് മാത്രമേയുള്ളൂ. എന്നാൽ ചില കേസുകളിൽ അന്യായമായി പ്രതി ചേർക്കുമ്പോൾ ഇവർ പാർട്ടി നേതാക്കളുമായി ഇടയാറുണ്ട്. എല്ലാ കൊലപാതകങ്ങളിലും പ്രതിപട്ടിക നൽകുന്നത് സിപിഎം ഏരിയാ കമ്മിറ്റി ഓഫിസിൽ നിന്നാണ് പലതിലും സ്ഥിരം പേരുകളായിരിക്കും പ്രതികൾ. ആക്ഷനിൽ പങ്കെടുത്തിട്ടില്ലെങ്കിലും നേതാക്കൾക്ക് എന്തെങ്കിലും അനിഷ്ടം തോന്നിയാലോ വീണ്ടും കൊലപാതകത്തിന് ഉപയോഗിക്കാമെന്ന് മുൻകൂട്ടി കണ്ടോ ഒരാൾ പ്രതി പട്ടികയിൽ വരാം.
ഫസൽവധക്കേസിൽ തങ്ങൾക്ക് പങ്കില്ലെന്നും കുടുക്കിയതാണെന്നുമുള്ള ആരോപണം സി. പി.എമ്മിന്റെ ആക്ഷൻ സ്ക്വാഡിൽപ്പെട്ട പഞ്ചാര ഷിനിലും മുഴിക്കര കുട്ടനും അന്നേ ഉയർത്തിയിരുന്നു. എന്നാൽ ഈ കൊലപാതകം പ്ളാൻ ചെയ്തത് ആരാണെന്നും ഓപ്പറേഷൻ നടത്തിയത് എങ്ങനെയാണെന്നുമുള്ള കൃത്യമായ വിവരം അവർക്കുണ്ടായിരുന്നു. പാർട്ടി നേതൃത്വത്തോട് ഇടഞ്ഞ രണ്ടു പേരും പിന്നീട് വ്യത്യസ്ത സാഹചര്യങ്ങളിൽ കൊല്ലപ്പെടുകയായിരുന്നു. അനിലിനെ എടന്നുരിലെ റെയിൽ വേട്രാക്കിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത് ട്രെയിൻ തട്ടി മരിച്ചതെന്നാണ് പൊലീസ് ഭാഷ്യം. കേവലമൊരു ആത്മഹത്യയല്ലെന്ന ആരോപണം അന്നുയർന്നിരുന്നുവെങ്കിലും പൊലിസ് അന്വേഷണം ആദിശയിൽ മുൻപോട്ട് പോയില്ല അതേ വർഷം തന്നെ മട്ടന്നൂരിൽ സിപിഎം ഓഫിസിനടുത്തുണ്ടായ ബോംബ് സ്ഫോടനത്തിൽ കുട്ടനും കൊല്ലപ്പെട്ടു. രണ്ടു കൊലപാതകങ്ങളും ദുരൂഹമെന്ന് അന്നേ ആരോപണമുയർന്നിരുന്നുവെങ്കിലും പൊലീസ് അന്വേഷണം പേരിനു പോലും നടന്നില്ല.
ഒരു കൊലപാതകത്തിന്റെ ബാക്കിപത്രം
അവിടെ കൊണ്ടും കാര്യങ്ങൾ തീർന്നില്ല.ഈ സംഭവങ്ങൾക്ക് ശേഷം മൂന്ന് പ്രവർത്തകർ കൂടി ദൂരുഹമായി കൊല്ലപ്പെട്ടു. സിപിഎം പ്രവർത്തകരായ റയീസ്, കെ.പി ജിജേഷ്, യു.കെ സലീം എന്നിവരുടെ മരണങ്ങളെ ചൊല്ലിയും ആരോപണമുയർന്നു. ജിജേഷും യു.കെ സലീമും ആർ.എസ്.എസുകാരാൽ കൊല്ലപ്പെട്ടതാണെന്ന് സിപിഎം ആരോപിക്കുന്നുണ്ടെങ്കിലും ഇവരുടെ മരണത്തെ കുറിച്ച് ബന്ധുക്കൾക്കും പ്രദേശവാസികൾക്കുമുള്ള സന്ദേഹങ്ങൾ ഇതുവരെ മാറിയിട്ടില്ല.
ഫസൽവധ കേസിനെ കുറിച്ച് കൃത്യമായി ധാരണയുള്ളവരാണ് ഇവരെന്നതാണ് മൂന്നുപേരുടെയും പ്രത്യേകത. തന്റെ മകന്റെ കൊലപാതകങ്ങൾക്കു പിന്നിൽ സിപിഎം പ്രവർത്തകരാണെന്ന് യു.കെ സലീമിന്റെ പിതാവ് അന്ന് പരസ്യമായി ആരോപണമുന്നയിച്ചിരുന്നുവെങ്കിലും പൊലീസ് അന്വേഷണമുണ്ടായില്ല. മുസ്തഫ ഉന്നയിച്ചിരുന്നത് വെറും ആരോപണം മാത്രമായിരുന്നില്ല വ്യക്തമായ തെളിവുകളോടു കൂടിയ പരാതിയായിരുന്നു.
പാർട്ടിച്ചുളയിൽ കത്തിച്ചാമ്പലാകുന്നവർ
വെട്ടാനും ചാവാനും പോകുന്നവരെ ആക്ഷൻ സംഘങ്ങളെന്നാണ് സിപിഎം വിളിക്കുന്നത്. ചിലയിടങ്ങളിൽ ഡിഫൻസ് ടീമെന്നും ചെ ഗുവേര സ്ക്വാഡെന്നും വിളിക്കാറുണ്ട്. വളരെ കൃത്യമായ ആയുധ പരിശീലനവും വളണ്ടിയർ സേനയെന്ന പേരിൽ വർഷാവർഷം ഇവർക്കു നൽകാറുണ്ട്. ആർ.എസ്.എസിനു സമാനമായി ഇതിൽ പരിശീലനം നേടിയവർക്ക് സംസ്ഥാന തലത്തിൽ തന്നെ ഒടി ക്യാംപും നടത്തിവരുന്നുണ്ട്. എന്നാൽ രാഷ്ട്രീയ കൊലപാതകങ്ങളിൽ വളരെ രഹസ്യമായി പങ്കെടുക്കുന്ന ഇത്തരം കില്ലർ സ്ക്വാഡിനെ കുറിച്ച് പുറം ലോകമറിയാറില്ല കൊല്ലപ്പെടുന്നവർ ഒരിക്കൽ മാത്രം കാണുന്ന മുഖങ്ങളാണിത്.
ഇവർ ആദ്യ വെട്ട് നടത്തുകയോ എതിരാളിയെ കീഴടക്കുകയോ ചെയ്തതിനു ശേഷമാണ് ഇവരോടൊപ്പം ആക്ഷനിൽ പങ്കെടുക്കാൻ നിയോഗിക്കപ്പെടുന്ന ക്വട്ടേഷൻ സംഘങ്ങൾ കൊലനടത്തുന്നത്. ഈ ക്വട്ടേഷൻ സംഘങ്ങളുടെ കൂടെ ആവേശം കൊണ്ട് മുറിതറി പഠിക്കാനായി ടൂൾസുമെടുത്ത് ഹെൽ പറായി വരുന്നവരാണ് കൊലക്കേസുകളിൽ കുടുങ്ങുന്നത്. എന്നാൽ കൊലപാതകത്തിന്റെ മാരക ദൃശ്യങ്ങളും ഇരയുടെ നിലവിളികളും പലരെയും പിന്നീട് വേട്ടയാടുന്നു. സ്വന്തം മന:സാക്ഷി കുറ്റപ്പെടുത്താൻ തുടങ്ങുമ്പോൾ എരിപൊരികൊള്ളുന്ന ഇവർ പലരും മദ്യത്തിൽ അഭയം തേടും മദ്യപിച്ച് ഇവർ പലരോടും പലതും വിളിച്ചു പറയാൻ തുടങ്ങുമ്പോൾ പാർട്ടിയിലെ കരടായി മാറി തുടങ്ങും.
പാർട്ടി നേതൃത്വം മാർക്ക് ചെയ്താൽ പിന്നീട്സ്വയം ജീവനൊടുക്കൽ ദുരൂഹ സാഹചര്യത്തിലെ മരണം നാടു വിട്ടോടൽ എന്നിങ്ങനെ മുന്നു വഴികൾ മാത്രമേ ഇവരുടെ മുൻപിലുള്ളൂ. മമ്പറത്തെ കോൺഗ്രസ് പ്രവർത്തകനായ പീറ്റക്കണ്ടി പ്രഭാകരൻ വധകേസിലെ പ്രതി ജനു മുതൽ കെ.ടി ജയകൃഷ്ണൻ മാസ്റ്റർ വധകേസിലെ പ്രതി സജീവൻ വരെ ജീവനൊടുക്കിയത് ഇത്തരം സാഹചര്യങ്ങളിലാണ്. കേവലം ഒന്നോ രണ്ടോ പേരിലൊതുങ്ങുന്നില്ല ഈ കണക്കുകൾ. ആർ.എസ്.എസിലുമുണ്ട് ഇതിന് സമാനമായ സംഭവങ്ങൾ. നേരത്തെ കോൺഗ്രസിലുമുണ്ടായിരുന്നു ഇത്തരം പാർട്ടി രക്തസാക്ഷികൾ. പലരുടെയും മരണത്തിൽ ഇപ്പോഴും ദുരൂഹത മാറിയിട്ടില്ല.
സജീവനെ സ്വന്തം പാർട്ടിക്കാർ തന്നെയാണ് കൊലപെടുത്തിയതെന്ന് അമ്മയും സഹോദരിയും വാർത്താ സമ്മേളനം നടത്തി പറഞ്ഞിട്ടും പൊലീസ് അവരുടെ വാമൂടി കെട്ടുകയാണ് ചെയ്തത്. കൂലേരി രതീഷിന്റെ മരണം കണ്ണൂരിൽ നടന്ന അവസാന മരണമല്ല കൊലക്കത്തി രാഷ്ട്രീയം ഉപേക്ഷിക്കാൻ കണ്ണൂരിലെ പാർട്ടികൾ ഒരിക്കലും തയ്യാറാവുകയുമില്ല. കഴിഞ്ഞ പിണറായി ഭരണത്തിൽ 14 പേരാണ് കണ്ണൂർ ജില്ലയിൽ മാത്രം കൊല്ലപ്പെട്ടത്. ഓരോ കൊലകൾ നടക്കുമ്പോഴും പഴയ കണക്കുകൾ നിരത്തി ന്യായീകരിക്കാൻ ചാനലുകളിൽ നേതാക്കൾ വീറും വാശിയുമോടെ എത്തുന്നതോടെ അണികൾ ചോരമണം തേടി കൊണ്ടിരിക്കും. മഴ പെയ്തു തീർന്നാൽ മരം പെയ്യുന്നതു പോലെ ഓരോ രാഷ്ട്രീയ കൊലയ്ക്കു ശേഷവും കേസിൽ പ്രതികളാക്കപ്പെടുന്നവരും ഇങ്ങനെ മരിച്ചു കൊണ്ടെയിരിക്കും.