- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെ റെയിലിനെ കുറിച്ച് ഒരക്ഷരം മിണ്ടരുത്! എം എൻ കാരശ്ശേരിക്കും റഫീഖ് അഹമ്മദിനും എതിരായ സൈബർ ആക്രമണം തുടരുന്നു; സൈബർ ആക്രമണത്തെ സിപിഎം തള്ളിപ്പറഞ്ഞിട്ടും 'പാർട്ടി ഗ്യാങ്' ഏറ്റെടുത്തു മുന്നോട്ട്; ആവിഷ്കാരത്തിനും വിമർശനത്തിനും ഉള്ള സ്വാതന്ത്ര്യം സിപിഎം ഹനിക്കില്ലെന്ന് എം വി ജയരാജനും
തിരുവനന്തപുരം: കെ റെയിലിനെ കുറിച്ച് ഒരു അക്ഷരം മിണ്ടരുതെന്നാണ് സൈബർ സഖാക്കളുടെ പക്ഷം. കവികൾക്കും സാംസ്കാരിക പ്രവർത്തകർക്കും എതിരായി ശക്തമായ സൈബർ ആക്രമണമാണ് നടക്കുന്നത്. സിപിഎം തള്ളിപ്പറഞ്ഞിട്ടും ഇക്കാര്യത്തിൽ സിപിഎം അണികൾ മുന്നോട്ടു പോകുകയാണ്. പാർട്ടിയുടെ ഗ്യാങുകളും പാർട്ടിയിലെ സഖാക്കളായി നടിക്കുന്നവരും ചേർന്നാണ് സൈബർ ആക്രമണം തുടരുന്നത്. എം എൻ കാരശ്ശേരിയും റഫീഖ് അഹമ്മദുമായി ഈ സൈബർ ക്വട്ടേഷൻ ഗ്യാങിന്റെ പ്രധാന ഇരകളായിട്ടുള്ളത്.
പാർട്ടിയുടെ അറിവോടെയും അല്ലാതെയും പ്രവർത്തിക്കുന്ന ഒട്ടേറെ സമൂഹമാധ്യമ കൂട്ടായ്മകൾ സിപിഎമ്മിനെ പിന്തുണയ്ക്കുന്നുണ്ട്. ഇവയിലാണ് വിയോജിപ്പുയർത്തുന്നവർക്ക് വ്യക്തിഹത്യ നേരിടേണ്ടിവരുന്ന പോസ്റ്റുകളുടെ പിറവി പ്രധാനമായും നടക്കുന്നത്. കെ-റെയിലിനെതിരേയുള്ള അഭിപ്രായം പ്രകടിപ്പിച്ചതിന് കവി റഫീഖ് അഹമ്മദ്, എഴുത്തുകാരനും സാംസ്കാരിക പ്രവർത്തകനുമായ എം.എൻ. കാരശ്ശേരി എന്നിവർക്കുനേരെ വ്യാപകമായ സൈബറാക്രമണമാണ് സിപിഎം. പക്ഷമുള്ള സൈബറിടത്തിൽനിന്നുണ്ടാകുന്നത്. അഭിപ്രായം പ്രകടിപ്പിക്കുന്നവരെ ഇങ്ങനെ നേരിടുന്നത് സിപിഎം. രീതിയല്ലെന്ന് സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പരസ്യമായി പ്രതികരിച്ചെങ്കിലും ആക്രമണത്തിന് കുറവൊന്നുമില്ല.
സിപിഎമ്മിന്റെ ഓരോ ഘടകത്തിനും സമൂഹമാധ്യമങ്ങളിൽ ഔദ്യോഗിക പേജുണ്ട്. പാർട്ടി അംഗങ്ങൾ പങ്കാളിയാകുന്ന സൈബർ ഗ്രൂപ്പുകളിൽ പാർട്ടി പ്രചാരണം ഏറ്റെടുക്കണമെന്ന നിർദേശവും സിപിഎം. നൽകിയിട്ടുണ്ട്. ഇങ്ങനെ പാർട്ടി അംഗങ്ങൾ പ്രചരിപ്പിക്കുന്ന പോസ്റ്റുകളിൽ ഏറെയും സൈബർ പോരാളികൾ തയ്യാറാക്കുന്നതാണ്. ഇതിനെ പാർട്ടി പൊതുവായി തള്ളിയാലും പ്രാദേശികമായി വിലക്കുന്ന രീതി നേതാക്കൾ സ്വീകരിക്കാറില്ല.
പാർട്ടിയുടെ ഔദ്യോഗിക മുഖമില്ലാതെത്തന്നെ പോരാളിയാകുന്നവരാണിവർ. സിപിഎമ്മിനുവേണ്ടി പൊതു ഇടങ്ങളിൽ വാദിക്കാനെത്തുന്ന ചിലരും ഈ സൈബർ പോരിന് മുമ്പിൽ നിൽക്കാറുണ്ട്. കെ-റെയിലിൽ വിമർശനം ഉന്നയിച്ചവരെ വ്യക്തിപരമായി ആക്ഷേപിക്കാൻ തുടക്കമിട്ടത് ഇത്തരത്തിലുള്ള ചിലരാണ്.
അഭിപ്രായം പറഞ്ഞതിന്റെ പേരിൽ സൈബർ ആക്രമണമോ മറ്റേതെങ്കിലും രീതിയിലുള്ള ഇടപെടലോ ശരിയല്ലെന്നായിരുന്നു കോടിയേരി അഭിപ്രായപ്പെട്ടത്. അത് ചെയ്യുന്നത് പാർട്ടിയുമായി ബന്ധപ്പെട്ടവരാകില്ല. നമുക്ക് എതിരായി എന്തെല്ലാം കാര്യങ്ങളാണ് സൈബറിടത്തിൽ നടക്കുന്നത്. പലരീതിയിലുമുള്ള ദുഷ്പ്രവണതയുടെ ഭാഗമാണത്. ആശയപ്രചാരണത്തിന് വേണ്ടിയാകണം സിപിഎം. പ്രവർത്തകർ സമൂഹമാധ്യമങ്ങളിലിടപെടേണ്ടത്. ആരെയെങ്കിലും തെറിപറയുന്നതിനോ അഭിപ്രായം പറയുന്നവരെ ഭർത്സിക്കുന്നതിനോ സമൂഹമാധ്യങ്ങളെ ഉപയോഗിക്കരുതെന്ന് കർശനനിർദ്ദേശം നൽകിയിട്ടുണ്ട്. ഇത്തരത്തിൽ പ്രതികരണം നടത്തുന്നവർക്ക് പാർട്ടിയുമായയി ഒരു ബന്ധവുമില്ലെന്നും കോടിയേരി പറഞ്ഞിരുന്നു. എന്നിട്ടും സൈബർ ആക്രമണങ്ങൾ തുടരുകയാാണ്.
അതേസമയം കെ റെയിൽ സിൽവർ ലൈൻ പദ്ധതിക്കെതിരായ കവിതയുടെ പേരിൽ കവി റഫീക് അഹമ്മദിനെതിരെ നടക്കുന്ന സൈബർ ആക്രമണം തെറ്റാണെന്നു സിപിഎം ജില്ലാ സെക്രട്ടറി എം വിജയരാജൻ പ്രതികരിച്ചു. 'ആരെയും സൈബർ ഇടങ്ങളിൽ അപമാനിക്കാനോ മോശമായി ചിത്രീകരിക്കാനോ പാടില്ല. ആവിഷ്കാരത്തിനും വിമർശനത്തിനും ഉള്ള സ്വാതന്ത്ര്യം അവർക്കുണ്ട്. അതിനു വിരുദ്ധമായത് ഒന്നും ഇടതുപക്ഷ സമീപനമല്ല. സിപിഎം പ്രവർത്തകർ അത്തരക്കാരല്ല. ഇടതുപക്ഷത്തിനൊപ്പം നിൽക്കുന്നവരും ചില കാര്യങ്ങളിൽ ഇടതിനെ വിമർശിക്കുന്നതു സ്വാഭാവികമാണ്. വിമർശനങ്ങളെ പ്രോത്സാഹിപ്പിക്കുകയാണു വേണ്ടത്. വിമർശനം സദുദ്ദേശ്യപരം ആയിരിക്കണം, സംഹാരപരമാകരുത് എന്നേ ഉള്ളു.' ജയരാജൻ പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ