- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നേതാക്കൾ പരസ്യമായി വാർത്താസമ്മേളം വിളിച്ച് അപലപിക്കും അരുതെന്ന് പറയും; സൈബർ ആക്രമണത്തിന്റെ കരുത്തു കുറയ്ക്കേണ്ടെന്ന് പിന്നിലൂടെ നിർദേശവും; നവമാധ്യമങ്ങളിലെ 'പൊങ്കാല'യ്ക്കും സിപിഎമ്മിന്റെ പ്രത്യേക ട്യൂഷൻ! സൈബർ പോരാളികളെ 'കടന്നലുകൾ' ആക്കി സിപിഎമ്മിന്റെ പ്രൊഫഷണലിസം
കൊല്ലം: ഒരു പാർട്ടിയെ എങ്ങനെ ചലിപ്പിക്കണമെന്നും ഫണ്ട് പിരിവ് എങ്ങനെ നടത്തണെന്നതും അടക്കമുള്ള കാര്യങ്ങളിൽ സിപിഎം ഒരു ഉത്തമ മാതൃകയാണ്. പാർട്ടിയെന്ന സംവിധാനം വ്യക്തിജീവിതത്തിൽ പോലും കൈകടുക്കുന്ന അവസ്ഥയാണ് സിപിഎമ്മിൽ. സർക്കാറിനെയും പാർട്ടിയെയും പ്രതിരോധിക്കാനെന്ന മാർഗ്ഗേന പലവഴികളും സിപിഎം തേടാറുണ്ട്. അത്തരത്തിൽ ഒരുമാർഗം സൈബർ ഇടത്തിലെ പോരാട്ടം തന്നെയാണ്. പൊതുവേ നിഷ്പക്ഷരെന്ന് കരുതുന്നവരെ പോലും പാർട്ടിയിലേക്ക് അടുപ്പിച്ച് വിഷയാധിഷ്ടിതമായി പ്രതിരോധവും ആക്രമണവും നടത്തുക എന്നതാണ് സിപിഎം ശൈലി. ഇതിനായുള്ള എല്ലാ സജ്ജീകരണങ്ങളും സിപിഎമ്മിനുണ്ട് താനും.
പാർട്ടിവിരുദ്ധ സാംസ്‌കാരിക, പരിസ്ഥിതി പ്രവർത്തകരെയും രാഷ്ട്രീയ എതിരാളികളെയും സാമൂഹികമാധ്യമങ്ങളിൽ 'പൊങ്കാല'യിടുന്ന സൈബർ പോരാളികളെ പ്രോത്സാഹിപ്പിക്കാൻ സിപിഎം നവമാധ്യമ ഗ്രൂപ്പുകൾ രംഗത്തുണ്ട്. നേതാക്കൾ പരസ്യമായി വന്ന് ഇത്തരം സൈബർ ആക്രമണങ്ങളെ അപലപിക്കുമെങ്കിലും സൈബർ ഇടത്തിൽ ആക്രമണം കുറയ്‌ക്കേണ്ടെന്നാണ് മറുവശത്ത് പറയുന്നത്. അതുകൊണ്ട് തന്നെ പൊങ്കാല ഇടാൻ സദാ സജ്ജമായ സൈബർ ഭടന്മാരുമുണ്ടെന്നാണ് മാതൃഭൂമി റിപ്പോർട്ടു ചെയ്യുന്നത്.
പാർട്ടിയുടെ സജീവ പ്രവർത്തകരും ഔദ്യോഗിക നവമാധ്യമ ഗ്രൂപ്പുകളും നേരിട്ട് 'പൊങ്കാല'യിടാൻ ഇറങ്ങില്ല. സൈബർ ഗ്രൂപ്പുകൾക്കു വേണ്ട വീഡിയോകൾ, പോസ്റ്റർ, ട്രോൾ എന്നീ ആയുധങ്ങൾ തിരുവനന്തപുരം, എറണാകുളം, ബെംഗളൂരു, ഹൈദരാബാദ്, ദുബായ് എന്നിവിടങ്ങളിലെ പ്രൊഫഷണലുകളാണ് തയ്യാറാക്കിനൽകുന്നത്. സിപിഎമ്മുമായി നേരിട്ട് ബന്ധമില്ലാത്തതിനാൽ ഇവരുടെ പാളിച്ചകളുടെയും പ്രസ്താവനകളുടെയും ഉത്തരവാദിത്വം പാർട്ടിക്ക് ഏറ്റെടുക്കേണ്ടിവരില്ല. എന്നാൽ, പറയാനുള്ളത് പറയിക്കാനും കഴിയും. ഇതാണ് സിപിഎമ്മിന്റെ പുതിയ തന്ത്രം. അത്തരത്തിൽ സിപിഎമ്മിന് വേണ്ടി ചാവേറാകുന്നവർ നിരവധിയാണ്.
എതിരാളികളെ ഭീകരമായി ആക്രമിക്കുന്ന ഇത്തരം സൈബർ പോരാളികളെ 'കടന്നലുകൾ' എന്നാണ് സിപിഎം. നവമാധ്യമവിഭാഗങ്ങൾ വിളിക്കുന്നത്. ഇവരെ ഏകോപിപ്പിക്കാൻ പാർട്ടിക്കുവേണ്ടി നവമാധ്യമ പ്രചാരണായുധങ്ങൾ തയ്യാറാക്കിനൽകുന്ന ഒരു സംഘം തിരുവനന്തപുരം കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്നുണ്ടെന്നാണ് വിവരവും പത്രവാർത്തയിൽ പറയുന്നു.
സൈബർ ഇടങ്ങളിൽ പാർട്ടി അനുകൂല പോസ്റ്റുകൾ ഇടുന്ന ഇടതു നിരീക്ഷകർ, ഡോക്ടർമാർ തുടങ്ങി താഴേത്തട്ടിലുള്ള തൊഴിലാളികൾവരെയടങ്ങിയ വ്യത്യസ്ത ഗ്രൂപ്പുകളെ ഉപയോഗിച്ച് പാർട്ടി വിമർശകരുടെ വായടപ്പിക്കുകയാണ് ലക്ഷ്യം. പാർട്ടിയുമായി നേരിട്ട് ബന്ധമില്ലാത്ത ഇത്തരക്കാരുടെ പോസ്റ്റുകൾക്ക് ബലം പകരുന്ന കമന്റുകളും കൂടുതൽ വിവരങ്ങളും മറ്റുള്ളവർ ഇടണമെന്നും നിർദേശിച്ചിട്ടുണ്ട്. ഷെയറും കമന്റും വഴി ഈ പോസ്റ്റുകൾ പരമാവധിപ്പേരിലെത്തിക്കും. കെ-റെയിൽ പ്രശ്‌നത്തിൽ പാർട്ടിയെ വിമർശിക്കുന്ന കവി റഫീഖ് അഹമ്മദ്, എം.എൻ.കാരശ്ശേരി, സി.ആർ.നീലകണ്ഠൻ തുടങ്ങിയവർക്കെതിരേ 'പോരാളി' ഗ്രൂപ്പുകൾ ഇപ്പോഴും ട്രോളുകളും ആക്ഷേപവും തുടരുന്നുണ്ട്. എന്നാൽ, ഇതിൽ പാർട്ടിക്ക് ഒരു പങ്കുമില്ലെന്നാണ് ഔദ്യോഗിക വിശദീകരണം.
നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി പ്രാദേശികതലങ്ങൾവരെ സിപിഎം. നവമാധ്യമസമിതികൾ രൂപവത്കരിച്ചിരുന്നു. സാമൂഹികമാധ്യമങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങളുമായി കൈപ്പുസ്തകം തയ്യാറാക്കിനൽകി. അന്ന് പരിശീലനം നേടിയവരിൽ പലരും ഇപ്പോൾ 'സ്വതന്ത്ര' സൈബർ ഗ്രൂപ്പുകളായി പ്രവർത്തിക്കുന്നുണ്ടുമാണ് വാർത്ത.
മറുനാടന് മലയാളി ബ്യൂറോ