കൊച്ചി: പെരുമ്പാവൂരിൽ ജിഷ കൊല്ലപ്പെട്ട സംഭവം രാഷ്ട്രീയ വിവാദമായി മാറിയെന്ന കാര്യം പകൽപോലെ വ്യക്തമാണ്. പൊലീസിന്റെ അന്വേഷണ വീഴ്‌ച്ചയെ ചൂണ്ടിക്കാട്ടി സിപിഐ(എം) അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ ആദ്യം തന്നെ മുതലെടുപ്പുമായി രംഗത്തെത്തിയിരുന്നു. ആഭ്യന്തര മന്ത്രിയെയും മുഖ്യമന്ത്രിയെയും തടഞ്ഞു കൊണ്ട് രാഷ്ട്രീയ നീക്കം നടത്തിയപ്പോൾ സ്ഥലം എംഎൽഎ സാജു പോൾ എംഎൽഎയ്ക്ക് തിരിച്ചടിയായത് ജിഷയുടെ മാതാവിന്റെ അലമുറയിട്ടുകൊണ്ടുള്ള ആരോപണമായിരുന്നു. സാജുപോൾ യാതൊരു സഹായവും ചെയ്തില്ലെന്നും. അയാൾ കള്ളനാണെന്നും കാണാനെത്തിയവർക്ക് മുമ്പിൽ അവർ അലമുറയിട്ടു. ഇത് സോഷ്യൽ മീഡിയയിൽ അടക്കം കോൺഗ്രസ് പ്രവർത്തകർ ആഘോഷമാക്കുകയും ചെയ്തു. ഇതോടെ ജിഷയുടെ അമ്മയുടെ പരാമർശവും രാഷ്ട്രീയ വിഷയമായി മാറി.

അതേസമയം ആ കുടുംബത്തെ താൻ സഹായിക്കുക മാത്രമേ ചെയ്തിട്ടുള്ളൂവെന്നാണ് എംഎൽഎ വ്യക്തമാക്കിയത്. ജിഷയുടെ അമ്മ സഹായം അഭ്യർത്ഥിച്ചു വന്നപ്പോഴൊന്നും എംഎൽഎ എന്ന നിലയിൽ തന്റെ ഭാഗത്തു വീഴ്ച പറ്റിയിട്ടില്ലെന്നു സാജു പോൾ പറഞ്ഞു. രാഷ്ട്രീയപരമായി പ്രശ്‌നങ്ങൾ സൃഷ്ടിക്കുവാൻ ശ്രമിക്കുകയാണ്. മരിച്ച ജിഷയുടെ മാതാവിന്റെ പരാതികൾ താൻ പലപ്പോഴും പരിഹരിച്ചിട്ടുണ്ട്. എംജി സർവകലാശാലയിൽ നിന്ന് സർട്ടിഫിക്കറ്റ് ലഭിക്കണമെന്ന ആവശ്യവുമായാണു ജിഷയുടെ അമ്മ ആദ്യം വന്നത്. അന്നു യൂണിവേഴ്‌സിറ്റിയിൽ വിളിച്ചു പറഞ്ഞു സർട്ടിഫിക്കറ്റ് ലഭ്യമാക്കി.

കനാൽ പുറമ്പോക്കിൽ നിന്നു താമസക്കാരെ ഒഴിപ്പിക്കാൻ നടപടി ഉണ്ടായപ്പോൾ, 800 കുടുംബങ്ങളെ ബാധിക്കുന്ന പ്രശ്‌നമാണെന്നു പറഞ്ഞ് ആ നടപടി തടഞ്ഞു. ഈ രണ്ടു കാര്യങ്ങളാണ് ഓർമയിൽ വരുന്നത്. ജിഷയുടെ ഘാതകരെ ഉടൻ പിടികൂടണം. കൊലപാതക വിവരം അറിഞ്ഞപ്പോൾത്തന്നെ വീട്ടിൽ പോയിരുന്നു. ഏറെ നേരം അവിടെയുണ്ടായിരുന്നു. കനാലിലെ വെള്ളമൊഴുക്കു നിറുത്തണമെന്നു പൊലീസ് ആവശ്യപ്പെട്ടപ്പോൾ ഇറിഗേഷൻ എക്‌സിക്യൂട്ടീവ് എൻജിനീയറെ ബന്ധപ്പെട്ട് അതിനും സൗകര്യമുണ്ടാക്കിയെന്നും സാജു പോൾ വ്യക്തമാക്കി.

എംഎൽഎ ഇത്രയും കാര്യങ്ങൽ വ്യക്തമാക്കുമ്പോൾ തന്നെ ഇടതു പ്രവർത്തകരും നേതാക്കളും സ്വാഭാവികമായി ഒരു മറുചോദ്യവും ഉന്നയിക്കുന്നുണ്ട്. രാജേശ്വരിയെന്ന മാതാവിന് എംഎൽഎയെ കൊല്ലാൻ തോന്നുന്ന വിധത്തിൽ വൈരാഗ്യമുണ്ടാകാൻ മറ്റെന്തെങ്കിലും കാരണമുണ്ടോ എന്നതാണ് ആ ചോദ്യം. ഇതിന് ഉത്തരം അന്വേഷിച്ചിറങ്ങിയവർക്ക് എംഎൽഎ നൽകിയ വിശദീകരണത്തിന് അപ്പുറമൊരു വിശദീകരണം നൽകാൻ സാധിച്ചിട്ടുമില്ല. ഇതോടെ രാജേശ്വരി പൊട്ടിത്തെറിക്കാൻ ഇടയായതിന് പിന്നിൽ ചില രാഷ്ട്രീയക്കളികൾ നടന്നിട്ടുണ്ടെന്ന സംശയമാണ് സിപിഐ(എം) പ്രവർത്തകൻ ഉന്നയിക്കുന്നത്. അവർ അതിന് കൃത്യമായ കാരണങ്ങളും നിരത്തുന്നു. സാജു പോൾ തന്നെ ഈ സംശയം ഉന്നയിച്ചിട്ടുണ്ട്.

ജിഷ സംഭവത്തോടെ തെരഞ്ഞെടുപ്പ് പ്രചരണ രംഗത്ത് ആദ്യം തിരിച്ചടിയേറ്റത് കോൺഗ്രസിനായിരുന്നു. പൊലീസ് വീഴ്‌ച്ചയായിരുന്നു ഇതിന് കാരണം. ഈ വീഴ്‌ച്ചയെ മറികടക്കാൻ വേണ്ടി കോൺഗ്രസ് നേതാവ് ബെന്നി ബെഹനന്റെ നേതൃത്വത്തിൽ ചില നീക്കങ്ങൾ നടത്തിയെന്നാണ് സിപിഐ(എം) ആരോപിക്കുന്നത്. ജിഷ മരിച്ച ദിവസം മുതൽ എംഎൽഎ എല്ലാ സഹായങ്ങളുമായി രാജേശ്വരിക്കും കുടുംബത്തിനും ഒപ്പമുണ്ടായിരുന്നു. എന്നിട്ടും അഞ്ച് ദിവസം ഒന്നും പറയാതിരുന്ന ആരോപണം ഇന്നലെ ഉന്നയിച്ചത് ബെന്നി ബെഹനാനും മുഖ്യമന്ത്രിയും രാജേശ്വരിയുമായി മാദ്ധ്യമങ്ങളെ ഒഴിവാക്കി നടത്തിയ കൂടിക്കാഴ്‌ച്ചക്ക് ശേഷമാണ്. ബെന്നിയുടെ പ്രേരണയാൽ രാജേശ്വരി സാജു പോൾ എംഎൽഎക്കെതിരെ ആരോപണം ഉന്നയിച്ചു എന്ന ആക്ഷേപമാണ് ഇടതുപക്ഷം ഉന്നയിക്കുന്നത്.

സോഷ്യൽ മീഡിയയിൽ അടക്കം ഇത്തരം പ്രചരണങ്ങൾ സിപിഐ(എം) പ്രവർത്തകർ നടത്തുന്നുണ്ട്. ഇതേക്കുറിച്ച് സംശയം ഉന്നയിച്ച് സിപിഐ(എം) പ്രവർത്തകൻ അനിഷ് ഷംസുദ്ദീൻ ഫേസ്‌ബുക്കിൽ കുറിച്ചത് ഇങ്ങനെയാണ്:

കുടില ബുദ്ധിയായ ഉമ്മൻ ചാണ്ടിയും ബെന്നി ബഹനാനും ജിഷയുടെ അമ്മയെ കാണാൻ വന്നപ്പോൾ മാദ്ധ്യമപ്രവർത്തകരെ മുറിയിൽ നിന്ന് പുറത്താക്കി വാതിൽ അടച്ച എന്തിനുവേണ്ടിയാണു? ജിഷ മരിച്ച അന്നു രാത്രി ജിഷയുടെ വീട്ടിൽ ഒരുമണിക്കൂറോളം എംഎൽഎ സാജു പോൾ ഉണ്ടായിരുന്നു. കോടിയേരി ബാലകൃഷ്ണൻ കഴിഞ്ഞ ദിവസം ജിഷയുടെ അമ്മയെ സന്ദർശ്ശിച്ചിരുന്നു. പി രാജീവ് പലവട്ടം സന്ദർശ്ശിച്ചു. അപ്പോഴൊന്നും ഉയർന്നുവരാത്ത പരാതി, ഉമ്മൻ ചാണ്ടിയും ബെന്നി ബഹനാനും മുറിയടചിട്ട് സംസാരിച്ചതിനു ശേഷം ഉയർന്നു വരുന്നു ....
കൊലക്കേസിൽ പ്രതിയായ ബിജു രാധാകൃഷ്ണനോട് ഒരു മണിക്കൂർ വാതിൽ അടച്ചിട്ടിരുന്നു സംസാരിച്ച പഴയ ഒരു ചരിത്രം കൂടി ഉമ്മൻ ചാണ്ടിക്കുണ്ടെന്ന് കൂട്ടി വായിക്കുക. പ്രതിപക്ഷം അടിയന്തിരമായി അന്വേഷണം ആവശ്യപ്പെടേണ്ടിയിരിക്കുന്നു.

സമാനമായ അഭിപ്രായം രേഖപ്പെടുത്തുന്ന നിരവധി പേരുണ്ട് താനും. രാജേശ്വരിയുടെ ആരോപണത്തിന്റെ അടിസ്ഥാനത്തിൽ മനോരമ പോലും എന്താണ് സാജു പോളിനോട് ഇത്ര വൈരാഗ്യമുണ്ടാകാൻ കാരണമെന്ന അന്വേഷണം നടത്തിയില്ല. അങ്ങനെ വൈരാഗ്യത്തിന് ഇടയക്കിയ എന്തെങ്കിലും സംഭവം നടന്നോ എന്ന് ആർക്കും അറിയില്ല താനും. ഇതോടെയാണ് രാജേശ്വരിയുടെ ആരോപണത്തിന് പിന്നീൽ യുഡിഎഫ് രാഷ്ട്രീയ ഇടപെടൽ നടത്തിട്ടുണ്ടെന്ന് സിപിഐ(എം) പ്രവർത്തകർ സ്വാഭാവികമായും സംശയിക്കുന്നത്. ഇത്തരം സന്ദർഭങ്ങളിൽ പലതവണയും ബെന്നി ബെഹനാന്റെ ഇടപെടൽ ഉമ്മൻ ചാണ്ടിക്ക് രക്ഷയായിട്ടുണ്ട്. പൊലീസും സർക്കാറും പ്രതിരോധത്തിലായപ്പോൾ ബെന്നിയുടെ തലയിൽ ഉദിച്ചതാകാം ഇതെന്നാണ് സിപിഐ(എം) പ്രവർത്തകർ ആരോപിക്കുന്ന്.

സർവവും നഷ്ടപ്പെട്ട മാതാവിനെ അതിന് വേണ്ടി കരുവാക്കിയെന്നും ആക്ഷേപിക്കുന്നു. മറ്റൊരു മകൾക്ക് സർക്കാർ ജോലിയും ധനസഹായവും നൽകാമെന്ന വാഗ്ദാനം നല്കിയാണ് പെരുമ്പാവൂർ എംഎൽഎക്കെതിരെ മാതാവിനെ കൊണ്ട് ആരോപണം ഉന്നയിച്ചെന്ന വിധത്തിലാണ് പ്രചരണം നടക്കുന്നത്.

വി എസ്സും ഉമ്മൻ ചാണ്ടിയും പെരുമ്പാവൂരിലെത്തിയതോടെ ജിഷയുടെ കൊലപാതകത്തിൽ ഊന്നിയുള്ള രാഷ്ട്രീയ പോര് കനത്തു.കഴിവുകെട്ട മുഖ്യമന്ത്രി കേരളം ഭരിക്കുന്നതിനിലാണ് കൊലാപതകമുണ്ടായതെന്ന് വി എസ് വിമർശിച്ചിരുന്നുു. ഇപ്പോഴത്തെ അന്വേഷണത്തിന് വിശ്വാസ്യത പോരെന്ന പ്രതിപക്ഷ നിലപാടിന് അന്വേഷണം ഫലപ്രദമെന്ന മറുപടിയാണ് മുഖ്യമന്ത്രി നൽകിയത്. ജിഷയുടെ കുടുംബത്തിന് സഹായവും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. എന്നിട്ടും രാഷ്ട്രീയം ക്ഷീണം നീക്കാൻ സാധിക്കാതെ വന്നതോടെയാണ് രാഷ്ട്രീയക്കളിക്ക് കോൺഗ്രസ് നേതാക്കൾ ഇറങ്ങിത്തിരിച്ചതെന്നാണ് ഇടതു നേതാക്കൾ പറയുന്നത്.

കേസിലെ പ്രതികളെന്ന വ്യാജേന മുഖം തുണികൊണ്ടു മറച്ച് കൊണ്ടുനടന്നത് പൊലീസുകാരെയാണെന്ന വിധത്തിൽ വാർത്തകളും പുറത്തുവന്നിരുന്നു. ഈ നാടകം ആരുടെ നിർദ്ദേശ പ്രകാരമാണെന്ന ചോദ്യവും ഇതോടൊപ്പം ഉയരുന്നുണ്ട്. ഇതെല്ലാം കൂട്ടിയാണ് ഗൂഢാലോചനാ തിയറിയുമായി ഇടതു നേതാക്കൾ എത്തുന്നത്. മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ആരാഞ്ഞ മാദ്ധ്യമപ്രവർത്തകരെ മർദ്ദിച്ച വിഷയവും ചർച്ചയാകുന്നുണ്ട്.