കോഴിക്കോട്: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ നയിച്ച ജനജാഗ്രതാ യാത്രയിൽ കൊടുവള്ളിയിൽ വെച്ചുണ്ടായ വാഹന വിവാദത്തിൽ ഒടുവിൽ പാർട്ടി ഭാഗം വിശദീകരിച്ച് സി.പി.എം രംഗത്തെത്തി. സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എളമരം കരീം പാർട്ടി മുഖപത്രമായ ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിലാണ് കൊടുവള്ളി സംഭവത്തിൽ സി.പി.എം വിശദീകരണം നൽകിയത്. അതേസമയം കോടിയേരി ബാലകൃഷ്ണൻ കയറിയത് ആഡംബര വാഹനമായ കൂപ്പറിലാണെന്ന കാര്യവും ഈ വാഹനത്തിന്റെ ഉടമ ഫൈസൽ കാരാട്ട് എന്ന കള്ളക്കടത്ത് കേസ് പ്രതിയാണെന്ന കാര്യവും പരാമർശിക്കാതെയാണ് എളമരത്തിന്റെ ലേഖനം.

പാർട്ടി സെക്രട്ടറിക്ക് വാഹനം ഏർപ്പാടാക്കുന്നതിൽ സംഘാടക സമിതിക്ക് ജാഗ്രത കുറവുണ്ടായെന്നും ലേഖനത്തിൽ എളമരം വിശദീകരിക്കുന്നു.
രാഷ്ട്രീയ എതിരാളികൾക്ക് ഏതെങ്കിലും വിധത്തിലുള്ള ആക്ഷേപം ഉന്നയിക്കാൻ അവസരം കൊടുക്കാൻ പാടില്ലായിരുന്നു എന്നും എളമരം ലേഖനത്തിൽ വ്യക്തമാക്കി. ഇന്ന് കൊടുവള്ളിയിൽ രാഷ്ട്രീയ വിശദീകരണ യോഗം സംഘടിപ്പിക്കാൻ സി.പി.എം തീരുമാനിച്ചിട്ടുണ്ട്. ഇതിന് മുന്നോടിയായാണ് എളമരം കരീമിന്റെ വിശദീകരണവും എത്തിയത്.

വാഹനത്തിൽ കയറുന്നതിനുമുമ്പ് അത് ആരുടേതാണെന്ന് വ്യക്തത വരുത്താൻ ജാഥാലീഡർക്കാകില്ല. കൊടുവള്ളിയിലും സംഭവിച്ചത് അതാണ്. സംഘാടക സമിതി നേരത്തെ ഒരു തുറന്ന വാഹനം ഏർപ്പാട് ചെയ്തിരുന്നു. അതിന് തകരാറ് സംഭവിച്ചപ്പോൾ പെട്ടെന്ന് മറ്റൊരു വാഹനം സംഘടിപ്പിക്കുകയായിരുന്നു. കൊടുവള്ളി മുനിസിപ്പൽ കൗൺസിലർ കൂടിയായ ഒരാളുടെ വാഹനമാണ് പെട്ടെന്ന് കിട്ടിയത്. പ്രസ്തുത വാഹനം ഒരു ജാഥാസ്വീകരണ പരിപാടിക്ക് വളരെ അനുയോജ്യമായിരുന്നതല്ല- എളംമരം വ്യക്തമാക്കി.

ദേശാഭിമാനി ലേഖനത്തിൽ കൊടുവള്ളി സംഭവത്തെ കുറിച്ച് എളമരം കരീം വീശദീകരിക്കുന്നത് ഇങ്ങനെ: ഒക്ടോബർ 25ന് കോഴിക്കോട് ജില്ലയിൽ പ്രവേശിച്ച ജനജാഗ്രതാ യാത്രയ്ക്ക് തുടക്കംമുതൽ വമ്പിച്ച സ്വീകരണം ലഭിച്ചു. മുസ്‌ളിംലീഗിന്റെ ശക്തി കേന്ദ്രമായിരുന്ന കൊടുവള്ളിയിൽ ജനജാഗ്രതാ യാത്രയ്ക്ക് ലഭിച്ച സ്വീകരണം സമാനതകളില്ലാത്തതായിരുന്നു. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മുസ്‌ളിംലീഗിനെ അട്ടിമറിച്ച് വിജയംനേടിയ എൽഡിഎഫിന്റെ കരുത്ത് വർധിച്ചതിന്റെ തെളിവായിരുന്നു കൊടുവള്ളിയിലെ പരിപാടി.

ജനജാഗ്രതാ യാത്രയുടെ വാഹനങ്ങൾ കാസർകോട് ജില്ലയിൽനിന്ന് ഏർപ്പെടുത്തിയതാണ്. ജാഥാ ലീഡറും അംഗങ്ങളും തൃശൂർവരെ സഞ്ചരിക്കുന്നത് ഈ വാഹനങ്ങളിലാണ്. ചില സ്വീകരണകേന്ദ്രങ്ങളിൽ ജാഥാ ലീഡറെ സ്വീകരിച്ചാനയിക്കുന്നതിന് തുറന്ന വാഹനങ്ങൾ ഏർപ്പെടുത്തിയിരുന്നു. അതിന്റെ പൂർണ ഉത്തരവാദിത്തം സ്വീകരണകേന്ദ്രങ്ങളിലെ സംഘാടകസമിതിക്കാണ്.

ജാഥാ ലീഡർ അലങ്കരിച്ച വാഹനത്തിൽ സ്വീകരണകേന്ദ്രത്തിനടുത്ത് എത്തുമ്പോൾ, ലീഡറെ തുറന്ന വാഹനത്തിൽ കയറ്റി, പൊതുയോഗവേദിയിലേക്ക് ജാഥയായി ആനയിക്കുകയാണ്. എല്ലാ കേന്ദ്രങ്ങളിലും നിയന്ത്രിക്കാനാകാത്ത വിധത്തിലുള്ള ജനത്തിരക്കാണ് ദൃശ്യമായത്. ഈ സന്ദർഭത്തിൽ, ജാഥാ ലീഡറെ ആനയിക്കാൻ സ്വീകരണകേന്ദ്രത്തിലെ സംഘാടകസമിതി ഏർപ്പെടുത്തുന്ന വാഹനത്തിൽ കയറുന്നതിനുമുമ്പ് അത് ആരുടേതാണെന്ന് വ്യക്തത വരുത്താൻ ജാഥാലീഡർക്കാകില്ല. കൊടുവള്ളിയിലും സംഭവിച്ചത് അതാണ്. സംഘാടക സമിതി നേരത്തെ ഒരു തുറന്ന വാഹനം ഏർപ്പാട് ചെയ്തിരുന്നു.

അതിന് തകരാറ് സംഭവിച്ചപ്പോൾ പെട്ടെന്ന് മറ്റൊരു വാഹനം സംഘടിപ്പിക്കുകയായിരുന്നു. കൊടുവള്ളി മുനിസിപ്പൽ കൗൺസിലർ കൂടിയായ ഒരാളുടെ വാഹനമാണ് പെട്ടെന്ന് കിട്ടിയത്. പ്രസ്തുത വാഹനം ഒരു ജാഥാസ്വീകരണ പരിപാടിക്ക് വളരെ അനുയോജ്യമായിരുന്നതല്ല. താൻ നടന്ന് പോയ്‌ക്കൊള്ളാമെന്ന് കോടിയേരി സംഘാടകസമിതിക്കാരോട് ഒന്നിലേറെ തവണ പറയുന്നുണ്ടായിരുന്നു. വീഡിയോ ദൃശ്യങ്ങളിൽ നിന്ന് അത് വ്യക്തമാകുന്നുണ്ട്. എന്നാൽ, സംഘാടക സമിതിക്കാരുടെ നിർബന്ധത്തിന് വഴങ്ങിയാണ് ഒടുവിൽ വാഹനത്തിൽ കയറിയത്. കൊടുവള്ളി നഗരത്തിൽ തടിച്ചുകൂടിയ ജനാവലിക്ക് ജാഥാ ലീഡറെ കാണാൻ സൗകര്യമുണ്ടാക്കുക എന്നത് മാത്രമാണ് സംഘാടകസമിതി ആലോചിച്ചത്. കൊടുവള്ളി എൽഡിഎഫ് സംഘാടകസമിതി ജാഥാലീഡറെ സ്വീകരിക്കാനുള്ള വാഹനം ഏർപ്പെടുത്തുമ്പോൾ കുറെക്കൂടി ജാഗ്രത പുലർത്തേണ്ടതായിരുന്നു.

രാഷ്ട്രീയ എതിരാളികൾക്ക് ഏതെങ്കിലും വിധത്തിലുള്ള ആക്ഷേപം ഉന്നയിക്കാൻ അവസരം കൊടുക്കാൻ പാടില്ലായിരുന്നു. ഈ വാഹനത്തിന്റെപേരിൽ കോടിയേരി ബാലകൃഷ്ണനെയോ എൽഡിഎഫിനെയോ കുറ്റപ്പെടുത്തുന്നതിൽ ഒരടിസ്ഥാനവുമില്ല. കൊടുവള്ളിയിൽ തന്നെ സ്വീകരിക്കാനെത്തിയ വാഹനത്തെ ആസ്പദമാക്കി നടത്തുന്ന അധിക്ഷേപങ്ങളിൽ കോടിയേരി ബാലകൃഷ്ണന് ഒരു തരിമ്പും ഉത്തരവാദിത്തമില്ല. എൽഡിഎഫ് ജാഥയുടെ തിളക്കം കെടുത്താനുള്ള രാഷ്ട്രീയ എതിരാളികളുടെ കുപ്രചാരണം മാത്രമാണിത്. പതിവുപോലെ ചില മാധ്യമങ്ങൾ ഈ പ്രചാരണം ഏറ്റെടുത്തു. സോളാർ കമ്മിഷൻ റിപ്പോർട്ട് പുറത്ത് വരുന്നതോടെ മുങ്ങിത്താഴുന്ന കോൺഗ്രസിനും മെഡിക്കൽ കോഴ-കള്ളനോട്ടടി പ്രശ്‌നങ്ങളിൽ മുഖം നഷ്ടപ്പെട്ട ബിജെപിക്കും നഗ്‌നത മറയ്ക്കാൻ കളമൊരുക്കുകയാണ് ചില മാധ്യമങ്ങൾ ചെയ്യുന്നത്.

കാരാട്ട് ഫൈസൽ സ്വർണ്ണക്കടത്തിൽ ഏഴാം പ്രതി

അതേസമയം ഡിആർഐ അന്വേഷിച്ച കരിപ്പൂർ സ്വർണക്കടത്ത് കേസിന്റെ പ്രതിപ്പട്ടികയിൽ പെട്ട വ്യക്തിയാണ് കാരാട്ട് ഫൈസൽ. കേസിൽ ഏഴാം പ്രതിയാണ് ഇയാൾ. കരിപ്പൂർ വിമാനത്താവളം വഴി സ്വർണം കടത്തിയ കേസിലാണു കാരാട്ട് ഫൈസലിനെയും ഡിആർഐ പ്രതി ചേർത്തത്. സ്വർണക്കടത്തു കേസിലെ ഒന്നാം പ്രതി ഷഹബാസിന്റെ പങ്കാളിയായാണു കേസിൽ ഫൈസലിനെ ഡിആർഐ ഉൾപ്പെടുത്തിയിട്ടുള്ളത്. ഈ കേസ് അഡ്ജുഡിക്കേറ്റിങ് കമ്മിറ്റിയുടെ പരിഗണനയിലാണ്. കമ്മിറ്റി അനുമതി നൽകിയാൽ കൊച്ചി സാമ്പത്തിക കുറ്റാന്വേഷണ കോടതിയിൽ കേസിന്റെ തുടർ നടപടികൾക്കായി ഡിആർഐ സമീപിക്കും.

2013 നവംബർ എട്ടിനായിരുന്നു കോഴിക്കോട് വിമാനത്താവളം വഴി കടത്തിയ ആറു കിലോ സ്വർണം ഡിആർഐ പിടികൂടിയത്. തലശ്ശേരി സ്വദേശിനി റാഹില ചീരായ്, പുൽപ്പള്ളി സ്വദേശിനി എയർഹോസ്റ്റസ് ഹിറാമോസ വി. സെബാസ്റ്റ്യൻ എന്നിവരെയായിരുന്നു ആദ്യം പിടികൂടിയത്. പിന്നീട് ഷഹബാസ്, ബന്ധു അബ്ദുൽ ലൈസ്, കണ്ണൂർ അഞ്ചരക്കണ്ടി സ്വദേശി നബീൽ അബ്ദുൽ ഖാദർ, മുഹമ്മദ് അഷ്റഫ് എന്നിവരും പിടിയിലായി. ഇവരെ ചോദ്യം ചെയ്തതിൽ നിന്നാണു ഫൈസലിന്റെ പങ്ക് വ്യക്തമായത്. തുടർന്നു 2014 മാർച്ച് 27നു കൊടുവള്ളി പഞ്ചായത്ത് അംഗമായിരുന്ന കാരാട്ട് ഫൈസലിനെയും ഡിആർഐ പിടികൂടി.

ഫൈസലിനെ ഡിആർഐ സൂപ്രണ്ട് വി എസ്. സെയ്ത് മുഹമ്മദിന്റെ നേതൃത്വത്തിലുള്ള സംഘമായിരുന്നു അന്ന് അറസ്റ്റ് ചെയ്തത്. കരിപ്പൂർ സ്വർണക്കടത്തു കേസിലെ ഒന്നാം പ്രതി ഷഹബാസ് ഉപയോഗിക്കുന്ന 60 ലക്ഷം രൂപ വിലവരുന്ന കാറും ഫൈസലിന്റെ വീട്ടിൽ നിന്നു കണ്ടെത്തിയിരുന്നു. ഡിആർഐ അഡ്ജുഡിക്കേറ്റിങ് കമ്മിറ്റി മുൻപാകെ സമർപ്പിച്ചിരിക്കുന്ന റിപ്പോർട്ടിൽ ഓരോ പ്രതികളും ചെയ്ത കുറ്റങ്ങളും മറ്റു പ്രതികളുമായി ഇവർക്കുള്ള ബന്ധവും വ്യക്തമാക്കിയിട്ടുണ്ട്.

കാരാട്ട് ഫൈസൽ തന്റെ കച്ചവട പങ്കാളിയും കൂട്ടുപ്രതിയുമാണെന്നു സ്വർണക്കടത്ത് കേസിലെ ഒന്നാം പ്രതി ഷഹബാസ് മുഹമ്മദിന്റെ വെളിപ്പെടുത്തിയിരുന്നു. എന്നാൽ താൻ പ്രതിയല്ലെന്നും തനിക്കെതിരെ ബോധപൂർവം ചിലർ ആരോപണം ഉന്നയിക്കുകയാണെന്നുമാണു കാരാട്ട് ഫൈസൽ പറയുന്നത്. ഇടതു സഹയാത്രികനായ തനിക്കെതിരെ ചിലർ രാഷ്ട്രീയ ലക്ഷ്യത്തോടെ ഉന്നയിക്കുന്ന ആരോപണമെന്നാണു ഫൈസലിന്റെ നിലപാട്. പ്രാദേശിക സി.പി.എം നേതൃത്വം വാഹനം ആവശ്യപ്പെട്ടപ്പോൾ താൻ നൽകിയതല്ലാതെ കോടിയേരി ബാലകൃഷ്ണനുമായി ബന്ധമില്ലെന്നും ഫൈസൽ പറഞ്ഞു.