മുന്നാർ: ഉയരം കൂടുന്തോറും വീര്യവും കൂടും- കണ്ണൻദേവൻ ചായപ്പൊടിയുടെ പരസ്യത്തിൽ സൂപ്പർസ്റ്റാർ മോഹൻലാൽ പറയുന്ന ഡയലോഗ് ഇതാണ്. ഇപ്പോൾ മൂന്നാറിൽ തൊഴിലാളി സമരം കത്തിപ്പടരുമ്പോൾ യഥാർത്ഥത്തിൽ സംഭവിക്കുന്നതും ഇതാണ്. കണ്ണൻ ദേവൻ പ്ലാന്റേഷനിലെ തോട്ടം തൊഴിലാളികളുടെ സമരം എട്ടാം ദിവസത്തിലേക്ക് കടക്കുമ്പോൾ സമരത്തിന്റെ വീര്യം അതിന്റെ മൂർദ്ധന്യാവസ്ഥയിലാണ്. എസ്‌റ്റേറ്റ് മുതലാളിയായ ടാറ്റയോടുള്ള എതിർപ്പിനേക്കാൾ തങ്ങളെ വഞ്ചിച്ച തൊഴിലാളി യൂണിയൻ നേതാക്കളോടുള്ള എതിർപ്പാണ് തൊഴിലാളികൾക്കിടയിൽ ശക്തം. ഇതിന് കാരണം തങ്ങളിൽ ഒരാളായി നിന്ന് പിന്നിൽ നിന്നും കുത്തി എന്ന വികാരം തന്നെയാണ്.

ആയിരക്കണക്കിന് വരുന്ന സ്ത്രീ തൊഴിലാളികളാണ് മൂന്നാറിൽ തങ്ങളുടെ കൂലിയും ബോണസും വർദ്ധിപ്പിക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്. സീമാസ് തൊഴിലാളികളുടെ സമരം വിജയിപ്പിച്ച സിപിഐ(എം) എന്നാൽ മൂന്നാറിൽ തീർത്തും പരാജയപ്പെടുന്ന അവസ്ഥയാണ് സംജാതമായിരിക്കുന്നത്. തമിഴ്ഭൂരിപക്ഷ മേഖലയായ ഇവിടുത്ത വോട്ടർമാർ സ്ത്രീകൾ അടക്കമുള്ളവർ ആണെന്നിരിക്കെ എസ് രാജേന്ദ്രൻ എംഎൽഎക്ക് എതിരായ പ്രതിഷേധം സിപിഎമ്മിനെ കടുത്ത പ്രതിരോധത്തിലേക്ക് തള്ളി വിട്ടിട്ടുണ്ട്. പ്രതിഷേധം ഭയന്ന് കോൺഗ്രസ് നേതാക്കൾ ആരും തന്നെ സമരവേദിയിൽ എത്തിയിട്ടില്ല. അതേസമയം പ്രതിഷേധം ശമിപ്പിക്കാൻ എത്തിയ സിപിഐ(എം) നേതാക്കൾ എല്ലാവരും തൊഴിലാളികളുടെ രോഷത്തിന് പാത്രമായി.

അതിലേറെ നാണക്കേട് തൊഴിലാളികൾക്ക് വേണ്ടി നടത്തുന്ന സമരത്തിൽ സിപിഐ(എം) നേതാക്കൾ ഭയക്കുന്നത് തൊഴിലാളികളെ തന്നെയാണ് എന്നുള്ളതാണ്. ഇന്നലെ സമരവേദിയിൽ എത്തിയ രാജേന്ദ്രൻ എംഎൽഎയെ വനിതാ തൊഴിലാളികൾ അടിച്ചോടിപ്പിച്ചത് പാർട്ടിക്ക് കനത്ത ക്ഷീണമാണ് ഉണ്ടാക്കിയത. ഈ ക്ഷീണം തീർക്കാൻ ചെയ്ത നിരാഹാര സമരം ആകട്ടെ അതിലേറെ പരാജയകമാകുകയും ചെയ്തു. സമരരംഗത്തുള്ള തൊഴിലാളികൾ ആരും എംഎൽഎയുടെ സമരവേദിയിലേക്ക് തിരിഞ്ഞു നോക്കുക പോലും ചെയ്തില്ല. കൂടാതെ എംഎൽഎക്കെതിരെ മുദ്രാവാക്യം വിളികളുമായി രംഗത്തെത്തുകയും ചെയ്തു. തൊഴിലാളികൾ അടിച്ചോടിക്കുമോ എന്ന് ഭയന്ന് പൊലീസ് സംരക്ഷണത്തിന് കീഴിലാണ് എംഎൽഎയുടെ സമരം അരങ്ങേറിയത്.

തൊഴിലാളി വർഗ പ്രസ്ഥാനമായ സിപിഎമ്മിന് തൊഴിലാളികളെ ഭയക്കേണ്ടി വന്നു എന്നത് തീർത്തും ദയനീയ അവസ്ഥയാണ് ഉണ്ടാക്കിയിരിക്കുന്നത്. തോട്ടംതൊഴിലാളികളുടെ സമരത്തിന് പിന്തുണയുമായി ഇന്ന് എത്തിയ സിപിഎമ്മിന്റെv വനിതാ നേതാക്കളും സ്ത്രീരോഷത്തിന് ഇരയായി. നേതാക്കൾക്കെതിരെ തൊഴിലാളികൾ പ്രതിഷേധിച്ചു. പി.കെ. ശ്രീമതി, എം.സി. ജോസഫൈൻ, കെ.കെ. ശൈലജ എന്നിവർക്കെതിരെയാണ് തൊഴിലാളികളുടെ രോഷം അണപൊട്ടിയത്. സമരക്കാർക്കൊപ്പം ഇരിക്കാൻ ശ്രമിച്ച പി.കെ. ശ്രീമതിയെ തൊഴിലാളികൾ എഴുനേൽപിച്ചു വിടുകയായിരുന്നു.

കണ്ണൻദേവൻ ഹിൽ പ്ലാന്റേഷനിൽ കടുത്ത തൊഴില് ചൂഷണത്തിനും നീതി നിഷേധത്തിനും ഇരയാവുന്നവരിൽ ഭൂരിഭാഗവും കേരളത്തിലെയും തമിഴ്‌നാട്ടിലെയും ദളിത് വിഭാഗത്തിലെ ഏറ്റവും താഴ്ന്ന ജാതിയിൽപ്പെട്ടവർ കൂടിയാണ്. പൊതുസമൂഹത്തിൽ നിന്ന് അരികുവൽക്കരിക്കപ്പെട്ട പറയ, ചക്ലിയാർ, പള്ളർ എന്നീ ജാതിയിൽപ്പെട്ടവരാണ് മൂന്നാറിലെ അതിജീവന സമരത്തിലെ ഏറിയ പങ്കും.

മൂന്ന് സ്ലാബുകളായാണ് എസ്റ്റേറ്റിലെ തൊഴിലാളികൾക്ക് ശമ്പളം നൽകുന്നത്. ഏറ്റവും കുറഞ്ഞത് 21 കിലോ തേയില തൊഴിലാളികൾ നുള്ളണം. അതിനു മുകളിൽ നുള്ളുകയാണെങ്കിൽ അവർക്ക് അധിക ശമ്പളം നൽകുന്നു എന്നാണ് പ്ലാന്റേഷൻ അവകാശപ്പെടുന്നത്. ജാതീയമായ പിന്നാക്കാവസ്ഥ ചൂഷണം ചെയ്താണ് കണ്ണൻദേവൻ തൊഴിലാളികൾക്ക് ഏറ്റവും താഴ്ന്ന കൂലി നൽകുന്നത്. ക്രോപ്പ് ഏറ്റവും അധികം ഉണ്ടാവുന്ന ജനുവരി, ഫെബ്രുവരി, ഓഗസ്റ്റ് മാസത്തിൽ 21 കിലോയാണ് തൊഴിലാളികൾ ശേഖരിക്കേണ്ട മിനിമം ക്വാട്ട തേയില. ബാക്കിയുള്ള മാസങ്ങളിൽ 18 കിലോയും. തുടർന്ന് ശേഖരിക്കുന്ന ആദ്യ 14 കിലോ വരെയുള്ള തേയിലയ്ക്ക് കിലോക്ക് 60 പൈസയാണ് ഇൻസെന്റീവ് ആയി തൊഴിലാളികൾക്ക് നൽകുന്നത്. തുടർന്നു വരുന്ന 14 കിലോ വരെ, കിലോയ്ക്ക് 85 പൈസയാണ് നൽകുന്നത്. മൊത്തം 49 കിലോയിൽ അധികം ശേഖരിച്ചാൽ 1 രൂപ പത്ത് പൈസ ലഭിക്കും.

അധികമായി ശേഖരിക്കുന്ന തേയിലക്ക് തൊഴിലാളിക്ക് 60 പൈസ മുതൽ ഒരു രൂപ പത്ത് പൈസ വരെയാണ് ലഭിക്കുന്നതെങ്കിൽ ഇടനിലക്കാരായി പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥർക്ക് 4 രൂപ മുതൽ എട്ട് രൂപ വരെ ലഭിക്കുമെന്നതാണ് യാഥാർത്ഥ്യം. സൂപ്പർവൈസർ, ഫീൽഡ് ഓഫീസർ, മാനേജിങ് അസിസ്റ്റന്റ് എന്നിവർക്ക് യഥാക്രമം 4,6,8 രൂപ വരെ ഇൻസെന്റീവായി ലഭിക്കും. ഇങ്ങനെ തൊഴിലാളികളെ ഉപയോഗിച്ച് സൂപ്പർവൈസർമാർ കാശുണ്ടാക്കുന്ന കാഴ്‌ച്ചയാണ് മൂന്നാറിലെ തോട്ടം മേഖലയിൽ കാണുന്നത്. ഈ ചൂഷണത്തിനെതിരെ പ്രതികരിക്കേണ്ട സിപിഐ(എം) നേതാക്കളാകട്ടെ മുതലാളിമാരുമായി സന്ധിചെയ്ത് പാവങ്ങൾക്ക് ലഭിക്കേണ്ട ആനുകൂല്യം കൂടി കവർന്നെടുക്കുന്നു. ഇപ്പോഴത്തെ സ്ഥിതിയിൽ വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ അടക്കം മൂന്നാറിലെ തൊഴിലാളി സമരം ബാധിക്കുന്ന സ്ഥിതിവിശേഷമാണ് ഉള്ളത്. മൂന്നറിലെ പാർട്ടിയുടെ അടിത്തറ ഇളക്കുന്ന വിധത്തിലേക്ക് സമരം നീങ്ങിയത് സിപിഎമ്മിനെ കടുത്ത ആശങ്കയിലാക്കുന്നുണ്ട്.