- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
20 വീടിന് ഒരു വാട്സ് ആപ്പ് ഗ്രൂപ്പ്; പത്ത് വീടിന് ഒരു മുഴുവൻ സമയ പ്രവർത്തകൻ; പുതിയ വോട്ടർമാർ വോട്ട് ചേർത്തോ എന്ന് നോക്കേണ്ടതും അവർ ഹിയറിങ്ങിന് പോയോ എന്ന് ഉറപ്പാക്കേണ്ടതും ഈ പ്രവർത്തകൻ; തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പു ലാക്കാക്കി സിപിഎം നടത്തുന്ന ഒരുക്കങ്ങൾ ഇങ്ങനെ; പാർട്ടി കേഡറുകളേക്കാൾ സ്ഥാനാർത്ഥികളാകാൻ പൊതുസമ്മതരായ നല്ലവ്യക്തികളെ തിരഞ്ഞെടുക്കാനും നിർദ്ദേശം; കോവിഡ് കാലത്തെ തെരഞ്ഞെടുപ്പ് സംഘടനാ മികവു കൊണ്ട് നേരിടാൻ സിപിഎം
കോട്ടയം: കോവിഡ് കാലത്തെ തെരഞ്ഞെടുപ്പു ഒരുക്കങ്ങളും രാഷ്ട്രീയ പ്രവർത്തനം എങ്ങനെ വേണമെന്ന് ശരിക്കും സിപിഎമ്മിനെ കണ്ടു പഠിക്കണം. പ്രത്യേകിച്ചു, നവ മാധ്യമ സാന്നിധ്യം വർദ്ധിച്ചുവരുന്ന ഈ കാലത്ത്. തദ്ദേശ തിരഞ്ഞെടുപ്പു ലക്ഷ്യമിട്ട് വിപുലമായ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുയാണ് സിപിഎം. ഇതിന് വേണ്ടി നവ മാധ്യമങ്ങളിലെ ഒരുക്കത്തിനൊപ്പം തദ്ദേശ തലത്തിലും പ്രചരണങ്ങൾ ശക്തമാക്കി കഴിഞ്ഞു.
10 വീടിന് ഒരു പൂർണസമയ പ്രവർത്തകൻ എന്ന നിലയിലാണ് സിപിഎം തയ്യാറെടുപ്പുകൾ നടത്തുന്നത്. ആ വീടുകളിലെ പുതിയ വോട്ടർമാർ വോട്ട് ചേർത്തോ എന്ന് നോക്കേണ്ടത് ഇവരുടെ ചുമതലയാണ്. അവർ ഹിയറിങ്ങിന് പോയോ എന്നത് ഉറപ്പാക്കണം. തദ്ദേശ തിരഞ്ഞെടുപ്പിന് ചിട്ടയോടെ ഒരുങ്ങുമ്പോൾ, സിപിഎമ്മിന്റെ സാധാരണ പ്രവർത്തകർക്ക് ഇത് തിരക്കിന്റെ ദിനങ്ങളാണ് ഇനി വാരാനിരിക്കുന്നത്. ആവശ്യമായ മുന്നൊരുക്കങ്ങളുമായി മുന്നോട്ടു പോകാനാണ് സിപിഎം കീഴ് ഘടകങ്ങളോട് നിർദേശിച്ചിരിക്കുന്നത്.
രണ്ടുമാസം മുന്നേ തുടങ്ങിയ പ്രവർത്തനങ്ങൾ ഓണത്തിനുശേഷം കൂടുതൽ ശക്തിയാർജിക്കും. നവമാധ്യമങ്ങളുടെ സഹായം പരമാവധി പ്രയോജനപ്പെടുത്തുന്നതും സവിശേഷത. എം വി ജയരാജൻ പ്രവർത്തകരോട് പറയുന്നത് സൈബർ ഇടങ്ങളിൽ വൈറലായതും നവമാധ്യമങ്ങളിലെ ഇടപെടലിന്റെ ഭാഗമായിട്ടാണ്. 20 വീടുകൾക്ക് ഒരു വാട്സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കണമെന്നും നിർദേശമുണ്ട്. ഇതിൽ പ്രവർത്തകരും അനുഭാവികളും നിഷ്പക്ഷരും ഉണ്ടാകണമെന്നും നിർദേശിക്കുന്നു.
പൊതുവിഷയങ്ങൾ അവതരിപ്പിക്കുന്നതിനൊപ്പം സർക്കാരിന്റെ നേട്ടങ്ങളും, അവിടെ സ്വന്തം അംഗമാണ് നിലവിലുള്ളതെങ്കിൽ വാർഡിൽവന്ന വ്യത്യാസങ്ങളുമൊക്കെ അവതരിപ്പിക്കും. ചർച്ചകളിൽ സൗമ്യമായ മറുപടികളും വിശദീകരണങ്ങളും നൽകാനും നിർദേശമുണ്ട്. ഓരോ വാർഡിലും നവമാധ്യമ ചുമതല ഓരോരുത്തരെ ഏൽപ്പിച്ചിട്ടുണ്ട്. രണ്ടുപേരുടെ സ്ക്വാഡിനാണ് ഓരോ വാർഡിലും നിലവിൽ പ്രചാരണച്ചുമതല. ലഘുലേഖകൾ നൽകാനും മറ്റുമാണിത്.
സ്ഥാനാർത്ഥി നിർണയത്തിന്റെ ചർച്ചകളും പാർട്ടി നടത്തുന്നുണ്ട്. സ്ഥാനാർത്ഥിയാകാൻ പ്രവർത്തകൻ ആകണമെന്നില്ല. പൊതുസമ്മതരായ നല്ലവ്യക്തികളെ തിരഞ്ഞെടുക്കാം. യുവാക്കൾക്കും യുവതികൾക്കും അവസരം നൽകും. ഓരോ വാർഡിലും ഇത്തരം ആളുകളുടെ പാനൽ തയ്യാറാക്കി. വാർഡ് നിർണയം കഴിഞ്ഞശേഷം അടുത്തഘട്ടത്തിലേക്ക് പോകും. ഓരോ വാർഡിലെയും സമുദായാടിസ്ഥാനത്തിലുള്ള കണക്കെടുപ്പ് പൂർത്തിയായി.
വോട്ടർപട്ടികയിൽ പരമാവധി പേര് ചേർക്കുന്നതിലായിരുന്നു പോയ ആഴ്ചകളിൽ ശ്രദ്ധ. ഈ പുതിയ വോട്ടർമാരാണ് അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിലെയും നിർണായക ഘടകം. അവരുടെ താത്പര്യങ്ങളും വോട്ടിങ് പാറ്റേണും മനസ്സിലാക്കാനുള്ള വേദികൂടിയാണ് ഈ തദ്ദേശതിരഞ്ഞെടുപ്പെന്ന് നേതൃത്വം പറയുന്നു. ഡിജിറ്റൽ പ്രചരണവുമായി മുന്നോട്ടു പോകാനാണ സിപിഎം തീരുമാനം.
വോട്ടർ പട്ടികയുമായി ബന്ധപ്പെട്ട പ്രവർത്തനം തുടങ്ങണമെന്ന് സംസ്ഥാന സമിതി നേരത്തെ നിർദേശിച്ചിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ കോവിഡ് വലിയ മാറ്റമുണ്ടാക്കും. ഈ സാഹചര്യത്തിൽ ഡിജിറ്റൽ പ്രചാരണത്തിന് പ്രവർത്തകർക്ക് പരിശീലനം നൽകാനും യോഗത്തിൽ തീരുമാനമായി. കോവിഡ് നിരീക്ഷണത്തിൽ കഴിയുന്നവർ ക്വാറന്റൈൻ ലംഘിക്കുന്നത് തടയാൻ സിപിഎം രംഗത്തിറങ്ങും.
മറുനാടന് മലയാളി ബ്യൂറോ