കോഴിക്കോട്: നിർദ്ദിഷ്ട കൊച്ചി മംഗലാപുരം വാതക പൈപ്പ് ലൈനിനെതിരായ സമരത്തിൽ ഒരു വിഭാഗം സി.പി.എം പ്രാദേശിക നേതാക്കളും പ്രവർത്തകരും പങ്കെടുക്കുന്നത് പാർട്ടിക്ക് പുതിയ തലവേദനയാവുന്നു. പാർട്ടിയുടെ വിലക്ക് ലംഘിച്ചാണ് ഇവർ പ്രതിഷേധത്തിൽ പങ്കെടുക്കുന്നത്. കണ്ണൂർ കീഴാറ്റൂരിൽ നെൽവയൽ നികത്തി ബൈപ്പാസ് നിർമ്മിക്കുന്നതിനെതിരെ വയൽക്കിളികൾ എന്ന പേരിൽ സമരസമിതി രൂപീകരിച്ച് സി.പി.എം പ്രവർത്തകർ നടത്തിയ സമരത്തിന്റെ ചൂടാറും മുമ്പാണ് പുതിയ വിവാദം.

ഗെയിൽ വാതക പൈപ്പ്ലൈൻ സ്ഥാപിക്കുന്നതിനെതിരെ മലപ്പുറം കോഴിക്കോട് ജില്ലകളിൽ നാട്ടുകാർ സമരത്തിലാണ്. ഈ സമരത്തെ സി.പി.എം തള്ളിപ്പറയുകയാണ്. മുഖ്യമന്ത്രിയും ശക്തമായി ഈ പദ്ധതിയെ പിന്തുണയ്ക്കുന്നു. പദ്ധതി നടപ്പിലാക്കണമെന്നാണ് സി.പി.എം നിലപാട്. പ്രകടന പത്രികയിൽ പദ്ധതി നടപ്പിലാക്കുമന്ന് സി.പി.എം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എന്നാൽ പാർട്ടിയുടെ തീരുമാനത്തിനെതിരെ പദ്ധതി കടന്നു പോവുന്ന പ്രദേശങ്ങളിലെ സി.പി.എം നേതാക്കളും പ്രവർത്തകരും രംഗത്തെത്തിയിരിക്കുകയാണ്.

കോഴിക്കോട്-മലപ്പുറം സംയുക്ത സമരസമിതി കോഴിക്കോട് എരഞ്ഞിമാവിൽ നടത്തുന്ന കുടിൽക്കെട്ടി സമരത്തിൽ കഴിഞ്ഞ ദിവസം സി.പി.എം പ്രാദേശിക നേതാക്കളും പ്രവർത്തകരും പങ്കെടുത്തിരുന്നു. മലപ്പുറം കാവന്നൂർ പഞ്ചായത്തിലെ നേതാക്കളും പ്രവർത്തകരുമാണ് പ്രകടനമായെത്തി സമരത്തിൽ പങ്കാളികളായത്. 250ഓളം സി.പി.എം പ്രവർത്തകർ പാർട്ടിയുടെ വിലക്ക് ലംഘിച്ച് സമരത്തിൽ പങ്കെടുത്തത് നേതൃത്വത്തെ ഞെട്ടിച്ചിട്ടുണ്ട്. സമരത്തിൽ പങ്കെടുത്തവർ പദ്ധതി പ്രദേശത്ത് പാർട്ടിയുടെ കൊടിയും നാട്ടിയിട്ടുണ്ട്. സ്ത്രീകൾ ഉൾപ്പടെയുള്ളവരാണ് സമരത്തിൽ പങ്കെടുക്കുന്നത്.

സി.പി.എം ഭരിക്കുന്ന പഞ്ചായത്താണ് കാവന്നൂർ. ഇവിടെ നിന്നാണ് കൂടുതൽ പേർ സമരത്തിനെത്തുന്നത്. ഏലിയാ പറമ്പ് ബ്രാഞ്ച് സെക്രട്ടറി ഹനീഫ പറശേരി, മുൻ സെക്രട്ടറിമാരായ അബ്ദു റഹ്മാൻ, കൃഷ്ണൻ വാവക്കോട്, കാവനൂർ പഞ്ചായത്തംഗം ഉബൈദുള്ള ഷാക്കിർ എന്നിവരുടെ നേതൃത്വത്തിലാണ് സി.പി.എം പ്രവർത്തകർ സമരത്തിൽ പങ്കെടുക്കുന്നത്. കാരശേരി പഞ്ചായത്ത് അംഗവും വലിയ പറമ്പ് മുൻ ബ്രാഞ്ച് സെക്രട്ടറിയുമായ അബ്ദുൽ അക്‌ബർ നേരത്തെത്തന്നെ സമരത്തിൽ സജീവമാണ്. കൂടുതൽ നേതാക്കളും പ്രവർത്തകരും സമരത്തിൽ പങ്കെടുക്കാൻ ഒരുങ്ങുന്നുണ്ട്.

രണ്ടര വർഷത്തോളമായി നേതൃത്വത്തോട് പ്രശ്നപരിഹാരത്തിനായി ഇടപെടണമെന്നാവശ്യപ്പെട്ട് വരികയാണെന്നും ഇതുവരെ യാതൊരു നടപടിയും ഉണ്ടാകാത്തതിനെ തുടർന്നാണ് പ്രത്യക്ഷ സമരവുമായി രംഗത്തിറങ്ങിയതെന്നും സമരത്തിന്് നേതൃത്വം നൽകുന്ന അബ്ദു റഹ്മാൻ മറുനാടൻ മലയാളിയോട് പറഞ്ഞു. മേൽ ഘടകങ്ങളിൽ നിരന്തരമായി പ്രശ്നം അവതരിപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയന് രണ്ട് തവണ നിവേദനം നൽകി. ഒടുവിൽ പ്രശ്നത്തെക്കുറിച്ച്് മുഖ്യമന്ത്രിയോടും പാർട്ടി സെക്രട്ടറിയോടും നേരിട്ടു സംസാരിക്കാനായി സമയം ചോദിച്ച് അപേക്ഷ നൽകി. ഇതിലൊന്നും യാതൊരു മറുപടിയും ഉണ്ടായില്ല. ഇതോടെ പ്രത്യക്ഷ സമരത്തിന് തയ്യാറാവേണ്ടി വന്നതാണെന്നും അദ്ദേഹം പറഞ്ഞു.

പാർട്ടി നേതൃത്വം ആശങ്കയോടെയാണ് ഈ സ്ഥിതിവിശേഷത്തെ നോക്കി കാണുന്നത്. കൂടുതൽ പ്രവർത്തകർ നേതൃത്വത്തെ വെല്ലുവിളിക്കാതിരിക്കാൻ പാർട്ടി രംഗത്തെത്തിയിട്ടുണ്ട്. എരഞ്ഞിമാവിൽ സി.പി.എം ഔദ്യോഗിക നേതൃത്വം വിശദീകരണ യോഗം സംഘടിപ്പിച്ചിട്ടുണ്ട്. സമരത്തിൽ പങ്കെടുത്തവരെ തള്ളിപ്പറയാനാണ് യോഗം സംഘടിപ്പിച്ചിരിക്കുന്നത്. സമരത്തിൽ പങ്കെടുത്തത് പാർട്ടിയുമായി ബന്ധമില്ലാത്തവരാണെന്നാണ് സിപിഎമ്മിന്റെ നിലപാട്.

ഗെയിൽ വാതക പൈപ്പ് ലൈനിനെതിരെ കഴിഞ്ഞ കുറച്ചു വർഷങ്ങളായി കോഴിക്കോട്, മലപ്പുറം ജില്ലകളിൽ സമരം നടന്നു വരികയാണ്. സംയുക്ത സമരസമിതിയുടെ സമരത്തിൽ സി.പി.എം, സിപിഐ കക്ഷികൾ ഒഴിച്ച് ബാക്കി കക്ഷികളും മത സംഘടനകളും പങ്കെടുക്കുന്നുണ്ട്. എന്നാൽ തീവ്രവാദികളാണ് ഗെയിലിനെതിരായ സമരത്തിൽ പങ്കെടുക്കുന്നത് എന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്. തമിഴ് നാട്ടിലെ ടാങ്കർ മുതലാളിമാരാണ് സമരത്തിനു പിന്നിൽ എന്നാണ് കേന്ദ്ര കമ്മറ്റി അംഗം എളമരം കരീമിന്റെ നിലപാട്. ഗെയിൽ പദ്ധതിയുടെ ഗുണങ്ങളെ കുറിച്ച് വിശദീകരിക്കാൻ കൊടിയത്തൂരിൽ സി.പി.എം കാൽ നട പ്രചരണ ജാഥ സംഘടിപ്പിച്ചിരുന്നു. എന്നാൽ ഇതെല്ലാം തള്ളിക്കൊണ്ടാണ് ഇപ്പോൾ ഒരു വിഭാഗം രംഗത്തെത്തിയിരിക്കുന്നത്.

കണ്ണൂരിലെ സിപിഎമ്മിന്റെ കോട്ടകളിൽ ഒന്നായ കീഴാറ്റൂരിൽ വയൽ കിളികൾ എന്ന പേരിലുള്ള സമരസമിതി വയൽ നികത്തി ബൈപ്പാസ് നിർമ്മിക്കുന്നതിനെതിരെ സമരം ചെയ്ത് വിജയിച്ചിരുന്നു. നേതൃത്വത്തെ വെല്ലുവിളിച്ച് പ്രാദേശിക നേതാക്കളും പ്രവർത്തകരുമാണ് ഈ സമരത്തിൽ പങ്കെടുത്തത്. ഈ സമരത്തിന്റെ അലയൊളികൾ അവസാനിച്ചിട്ടില്ല. ഇതിനിടെയാണ് ഗെയിൽ സമരത്തിന്റെ പേരിലുള്ള പുതിയ വെല്ലുവിളി.