കോട്ടയം: കെ റെയിൽ പദ്ധതി നടപ്പിലാക്കിയേ തീരു എന്നാണ് സിപിഎം സംസ്ഥാന നേതാക്കൾ പറയുന്നത്. ഇത് ഏറ്റവും പ്രതിസന്ധിയിൽ ആക്കിയിരിക്കുന്ന്ത പദ്ധതി കടന്നുപോകുന്ന പ്രദേശത്തെ പ്രാദേശിക സിപിഎം നേതാക്കളാണ്. ഇക്കൂട്ടർ നാട്ടുകാർക്കൊപ്പം നിൽക്കണോ സർക്കാറിനൊപ്പം നില്ക്കണോ എന്നറിയാത്ത അവസ്ഥയിലാണ്. ജനരോഷവും പ്രദേശിക നേതാക്കൾക്കെതിരെ ഉയരുകയാണ്. എങ്കിലും തങ്ങളാൽ കതഴിയുന്ന വിധത്തിൽ പ്രതിരോധിക്കുന്നുമുണ്ട് ചിലർ.

നാട്ടുകാരുടെ ശകാരം കേൾക്കേണ്ടി വന്ന പ്രാദേശിക സിപിഎം നേതാവും കെ റെയിലിനെ തള്ളിപ്പറയുന്ന വീഡിയോ പുറത്തുവന്നു. സൈബർ ഇടങ്ങളിൽ ഈ വീഡിയോ പ്രചരിക്കുന്നുണ്ട്. വെൺമണി സിപിഎ ഈസ്റ്റ് ലോക്കൽ കമ്മിറ്റി അംഗവും മുൻ ഏരിയാ കമ്മറ്റി അംഗവുമായ കെ എസ് ഗോപിനാഥാണ് കെ റെയിലിനെ പരസ്യമായി തള്ളിപ്പറയുന്നത്.

കെ-റെയിലിൽ സർക്കാരിന്റെ നിലപാട് തെറ്റാണ് ഞാൻ കെ-റെയിലിനെ അനുകൂലിക്കുന്നില്ല നിങ്ങളുടെ ആരുടെയും സ്ഥലം പോകുന്നതിനോട് യോജിക്കുന്നില്ല എന്ന് ഗൃഹ സമ്പർക്കത്തിനിടയിൽ പരസ്യമായി അദ്ദേഹം പറുന്നത്. എനിക്ക് ഇതുവഴി കെ റെയിൽ ലൈൻ പോകുന്നതിനോട് യോജിപ്പുള്ള ആളല്ല.. ഞാൻ പരസ്യമായിട്ടാണ് ഇക്കാര്യം പറയുന്നതെന്നും സിപിഎം നേതാവ് വ്യക്തമാക്കുന്നു.

സിപിഎം പ്രവർത്തകർ പോലും പിണറായി സർക്കാർ ചെയ്യുന്ന ഈ ജനദ്രോഹ നടപടികൾക്കെതിരെ പരോക്ഷമായി എതിർപ്പ് പ്രകടിപ്പിച്ചിട്ടും പിണറായി വിജയനും ഇവിടെ ചെങ്ങന്നൂരിൽ മന്ത്രി സജി ചെറിയാനും ഇത് നടപ്പിലാക്കിയേ തീരൂ എന്ന് കട്ടായം വാശിപിടിക്കുന്നതെന്തിന് വേണ്ടിയാണ് ആർക്കു വേണ്ടിയാണ്...? എന്ന ചോദ്യമാണ് ഇതോടെ സൈബർ ഇടങ്ങളിൽ ഉയരുന്നതും.

അച്ചടക്കവാൾ ഉയർത്തി പുറത്താക്കാനാണെങ്കിൽ നിരവധി സിപിഎം നേതാക്കളെ പുറത്താക്കേണ്ടി വരുമെന്നുമാണ് ഈ വീഡിയോ വ്യക്തമാക്കുന്നത്. കെ റെയിൽ വിരുദ്ധ സമരത്തിൽ പങ്കെടുത്ത സിപിഐ. പിറവം ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ.സി. തങ്കച്ചന് എതിരേ നേരത്തെ സിപിഎം നടപടി സ്വീകരിച്ചിരുന്നു. തങ്കച്ചനെ ലോക്കൽ കമ്മിറ്റി സെക്രട്ടറി സ്ഥാനത്തുനിന്നും മണ്ഡലം കമ്മിറ്റി അംഗത്വത്തിൽനിന്നും പുറത്താക്കിയാണ് പാർട്ടി പകപോക്കിയത്.

വിഷയത്തിൽ തനിക്ക് തെറ്റുപറ്റിയെന്ന് തങ്കച്ചൻ പാർട്ടിക്ക് വിശദീകരണം നൽകിയിരുന്നു. എന്നാൽ ഈ വിശദീകരണം തൃപ്തികരമല്ലാത്ത പശ്ചാത്തലത്തിലാണ് തങ്കച്ചന് എതിരേ നടപടി സ്വീകരിച്ചത്. ശനിയാഴ്ച ചേർന്ന മണ്ഡലം കമ്മിറ്റിയുടേതാണ് നടപടി. പകരം മറ്റൊരാളെ ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി നിയമിക്കുകയും ചെയ്തു. കോൺഗ്രസ് നേതാക്കൾ ഉൾപ്പെട്ട സരമരംഗത്ത് താൻ എത്തിയത് തെറ്റായിരുന്നെന്ന് തങ്കച്ചൻ പാർട്ടിയിൽ സമ്മതിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. പിറവം മേഖലയിലെ മുതിർന്ന നേതാവാണ് തങ്കച്ചൻ. അതിനാലാണ് പുറത്താക്കൽ ഉൾപ്പെടെയുള്ള കടുത്ത നടപടികൾ ഉണ്ടാകാത്തത്.