മലപ്പുറം: 50ലേറെ പെൺകുട്ടികളെ മാത്രമല്ല മൂൻഅദ്ധ്യാപകനും സിപിഎം കൗൺസിലറുമായിരുന്ന പ്രതി ആൺകുട്ടിയേയും ലൈംഗികാതിക്രമം നടത്തിയെന്ന് പരാതി. ഇത് സംബന്ധിച്ച് ഒരു പുരുഷന്റെയും പരാതി മലപ്പുറം പൊലീസിന് ലഭിച്ചു. പോക്സോ കേസിൽ വിദ്യാർത്ഥിനികൾ പരാതി നൽകിയതോടെ മുങ്ങിയ മുൻ അദ്ധ്യാപകനും സിപിഎം കൗൺസിലറുമായിരുന്ന രോഹിണി കിഴക്കേ വെള്ളാട്ടു വീട്ടിൽ ശശികുമാറിനെ(56)യാണ് ഇന്ന് ഉച്ചയ്ക്ക് വയനാട് സുൽത്താൻ ബത്തേരിക്ക് അടുത്തുള്ള സ്വകാര്യ ഹോംസ്റ്റേയിൽ നിന്നാണ് മലപ്പുറം പൊലീസ് ഇൻസ്പെക്ടർ ജോബി തോമസ് ന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.

നിലവിൽ ഒരു പോക്സോ കേസിന് പുറമെ നാല് സ്ത്രീകളും, ഒരു പുരുഷനും നൽകിയ പരാതിയിൽ അഞ്ചുകേസുകൾ കൂടി മലപ്പുറം പൊലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പുരുഷനേയും പഠന സമയത്ത് ലൈംഗികമായി ഉപദ്രവിച്ചെന്നാണ് പരാതി ലഭിച്ചിട്ടുള്ളത്. ഇക്കാര്യത്തിൽ കേസെടുക്കുന്നതുമായി ബന്ധപ്പെട്ടു പൊലീസ് നിയമോപദേശം തേടിയിരിക്കുകയാണ്.

കഴിഞ്ഞ ഏഴാം തീയതി മലപ്പുറത്തെ യുവതിയുടെ പരാതിയിൽ മലപ്പുറം വനിതാ പൊലീസ് സ്റ്റേഷനിൽ കേസെടുതത്തിനെ തുടർന്ന് കൗൺസിലർ സ്ഥാനം രാജിവെച്ചു ഒളിവിൽ പോകുകയായിരുന്നു. പ്രതിയെ കുറിച്ച് മലപ്പുറം ജില്ലാ പൊലീസ് മേധാവി സുജിത് ദാസ് ഐ പി എസിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ വയനാട് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പൊലീസിന്റെ പിടിയിൽ ൽ ആവുന്നത്. മലപ്പുറം വനിതാ പൊലീസ് സ്റ്റേഷൻ സബ്ഇൻസ്പെക്ടർ പ്രതിയുടെ അറസ്റ്റ് രേഖപെടുത്തി. നടപടിക്രമങ്ങൾ പൂർത്തിയാക്കി പ്രതിയെ നാളെ കോടതി മുമ്പാകെ ഹാജരാക്കും.

മലപ്പുറംഡി.വൈ.എസ്‌പി: പി.എം പ്രദീപി ന്റെ മേൽനോട്ടത്തിൽ മലപ്പുറം പൊലീസ് ഇൻസ്പെക്ടർ ജോബി തോമസ്, വനിതാ എസ്‌ഐ രമാദേവി പി എം, എഎസ്ഐ അജിത, പ്രത്യേക അന്വേഷണസംഘം അംഗങ്ങളായ എസ്‌ഐ എം. ഗിരീഷ്, ഐ.കെ.ദിനേഷ്, ആർ.ഷഹേഷ്, കെ.കെ. ജസീർ., സിറാജ്ജുദ്ധീൻ, അമീരലി എന്നിവർ അടങ്ങിയ സംഘം ആണ് പ്രതിയെ പിടികൂടി കേസന്വേഷണം നടത്തുന്നത്. പൂർവ്വ വിദ്യാർത്ഥിനി മെയ്‌ ഏഴിനു നൽകിയ പരാതിയിൽ മലപ്പുറം പൊലീസ് പോക്സോ കേസെടുത്തതിന് പിന്നാലെ ശശികുമാർ ഒളിവിൽ പോവുകയായിരുന്നു.

സ്‌കൂളിൽ 30 വർഷം അദ്ധ്യാപകനായിരുന്നു ശശികുമാർ. ഇക്കാലയളവിൽ 50ലേറെ വിദ്യാർത്ഥികളെ ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ടെന്ന പരാതിയുമായി പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ രംഗത്തുവന്നിരുന്നു. മാർച്ചിൽ വിരമിച്ച ശേഷം അദ്ധ്യാപക ജീവിതവുമായി ബന്ധപ്പെട്ട് ശശികുമാർ ഫേസ്‌ബുക്കിൽ പങ്കുവച്ച കുറിപ്പിന് താഴെയാണ് ആദ്യത്തെ ആരോപണം ഉയർന്നത്. തുടർന്ന്, സമാനമായ രീതിയിൽ അതിക്രമം നേരിട്ട വിദ്യാർത്ഥികൾ മലപ്പുറം ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകുകയായിരുന്നു.

ശശികുമാറിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് മഹിളാ കോൺഗ്രസ്, യൂത്ത് ലീഗ്, യൂത്ത് കോൺഗ്രസ് തുടങ്ങിയ സംഘടനകൾ സ്‌കൂളിലേക്ക് മാർച്ച് നടത്തിയിരുന്നു. ഇന്നലെ എം.എസ്.എഫ് നടത്തിയ മാർച്ച് സംഘർഷത്തിലും കലാശിച്ചു. പ്രതിയെ രക്ഷിക്കാൻ സിപിഎം ഒത്തുകളിക്കുന്നെന്ന ആരോപണം യു.ഡി.എഫ് ആയുധമാക്കിയതിന് പിന്നാലെ സംഭവത്തിൽ ശക്തമായ നടപടിയുണ്ടാവുമെന്ന് എൽ.ഡി.എഫ് കൺവീനർ ഇ.പി.ജയരാജൻ ഉറപ്പു നൽകിയിരുന്നു.

മൂന്ന് തവണയായി സിപിഎമ്മിന്റെ മലപ്പുറം നഗരസഭയിലെ കൗൺസിലറാണ് ശശി. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കുമെന്ന് മലപ്പുറം എസ്.എച്ച്.ഒ അറിയിച്ചു. അതേസമയം രേഖാമൂലം പരാതി നൽകിയിട്ടും നടപടിയെടുക്കാതിരുന്ന സ്‌കൂൾ മാനേജ്മെന്റിനെതിരെയും നിയമനടപടി വേണമെന്നാണ് പൂർവ്വ വിദ്യാർത്ഥികളുടെ ആവശ്യം. പ്രതിയെ സിപിഎം ചുമതലകളിൽ നിന്ന് നീക്കുകയും ചെയ്തു.